സൗജന്യ ചികിത്സയൊരുക്കി ഒഴുകൂര്‍ സി.എച്ച് സെന്റര്‍
മലപ്പുറം: രോഗികളെ ചൂഷണം ചെയ്ത് കഴുത്തറപ്പന്‍ ഫീസ് വാങ്ങുന്ന ഡോക്ടര്‍മാരുടെ കാലത്ത് ആതുര സേവനം കച്ചവടമല്ലെന്ന് തെളിയിക്കുകയാണ് ഒഴുകൂരിലെ ഡോക്ടര്‍മാര്‍. ഒഴുകൂര്‍ സി.എച്ച് സെന്ററിനു കീഴില്‍ ആരംഭിക്കുന്ന ക്ലിനിക്കില്‍ നാട്ടിലെ എട്ട് ഡോക്ടര്‍മാര്‍ സൗജന്യമായി രോഗികളെ പരിശോധിക്കും.
എല്ലാ ഞായറാഴ്ചകളിലും രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് 12 വരെ സൗജന്യ പരിശോധനയും മരുന്നുവിതരണവും നടക്കും. മറ്റു ദിവസങ്ങളില്‍ മിതമായ ഫീസില്‍ പരിശോധനയും സൗജന്യ നിരക്കില്‍ മരുന്നും ലഭ്യമാക്കും. സി.എച്ച് സെന്ററിനു കീഴില്‍തന്നെയുള്ള മരുന്നുഷാപ്പില്‍ പത്തുമുതല്‍ അന്‍പത് ശതമാനം വരെ വിലക്കുറവില്‍ പൊതുജനങ്ങള്‍ക്ക് മരുന്ന് വാങ്ങാനും അവസരമുണ്ട്. മൊറയൂര്‍ പഞ്ചായത്തിലെ ഒഴുകൂരില്‍ രണ്ടര വര്‍ഷമായി സി.എച്ച് സെന്റര്‍ പ്രവര്‍ത്തിച്ചുവരുന്നു.
ക്ലിനിക്ക് ഉദ്ഘാടനവും പൊതുസമ്മേളനവും ഇന്നും നാളെയും കളത്തിപ്പറമ്പ് കുനൂക്കര അബൂഹാജി നഗറില്‍ നടക്കും. ഇന്ന് വൈകിട്ട് 6.30ന് പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എന്‍. ശൗക്കത്ത് അധ്യക്ഷനാകും. വി.പി അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തും. നാളെ രാവിലെ 8.30ന് സൗജന്യ മെഡിക്കല്‍ ക്യാംപ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പാടന്‍ ഉദ്ഘാടനം ചെയ്യും. അഹമ്മദ് എം അധ്യക്ഷനാകും.
വൈകിട്ട് 6.30ന് നടക്കുന്ന സമാപന സമ്മേളനം ടി.വി ഇബ്രാഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
പി. ബീരാന്‍കുട്ടി ഹാജി അധ്യക്ഷനാകും. മെഡിക്കല്‍ ഷോപ്പിന്റെ സമര്‍പ്പണം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നിര്‍വഹിക്കും. പി. ഉബൈദുല്ല എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. കെ. ഷറഫുദ്ദീന്‍ പദ്ധതി പരിചയപ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."