വനിതാ മതില്‍: അയല്‍ക്കൂട്ടങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം; കുടുംബശ്രീയിലും രാഷ്ട്രീയ വിഭാഗീയത
ജില്ലയില്‍ കുടുംബശ്രീ യുടെ നേതൃത്വത്തില്‍ ഒരു ലക്ഷത്തിലധികം സ്ത്രീകളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കുമെന്നാണ് ജില്ലാ മിഷന്റെ അവകാശവാദം
മലപ്പുറം: വനിതാ മതിലിന്റെ പ്രചാരണത്തിനായി കുടുംബശ്രീ വനിതകളുടെ ബൈക്ക് റാലി നടത്താന്‍ നിര്‍ദേശം.
31ന് മലപ്പുറം നഗരത്തിലാണ് വനിതകളെ അണിനിരത്തിയുള്ള ബൈക്ക് റാലിക്കു ജില്ലാ മിഷന്‍ പദ്ധതിയിട്ടത്. ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഒരു ലക്ഷത്തിലധികം സ്ത്രീകളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കുമെന്നാണ് ജില്ലാ മിഷന്റെ അവകാശവാദം. ജില്ലയില്‍ കുടുംബശ്രീ അംഗങ്ങളില്‍ ഭൂരിപക്ഷം പേര്‍ക്കും വനിതാ മതിലില്‍ പങ്കെടുക്കുന്നതിനു താല്‍പര്യമില്ലെങ്കിലും അയല്‍ക്കൂട്ടങ്ങളില്‍ പ്രത്യേകം യോഗം ചേര്‍ന്നു പരിപാടിക്കു ആളെ കൂട്ടാന്‍ പദ്ധതിയിട്ടിരുന്നു. ജില്ലാ മിഷന്റെ നിര്‍ദേശപ്രകാരം 15, 16 തീയതികളിലാണ് അയല്‍ക്കൂട്ടങ്ങളില്‍ പ്രത്യേക യോഗങ്ങള്‍ നടന്നത്.
രാമാനാട്ടുകര മുതല്‍ മൊറയൂര്‍ വരെയുള്ള ഭാഗങ്ങളില്‍ തിരൂരങ്ങാടി, കൊണ്ടോട്ടി, അരീക്കോട്, നിലമ്പൂര്‍ ബ്ലോക്കുകളിലെയും മൊറയൂര്‍ മുതല്‍ മലപ്പുറം വരെയുള്ള ഭാഗങ്ങളില്‍ തിരൂര്‍, വേങ്ങര, മലപ്പുറം, കാളികാവ്, താനൂര്‍ തുടങ്ങിയ ബ്ലോക്കിലെയും കുടുംബശ്രീ അംഗങ്ങള്‍ അണിനിരക്കും. മലപ്പുറം മുതല്‍ പെരിന്തല്‍മണ്ണ വരെയുള്ള ഭാഗങ്ങളില്‍ പെരുമ്പടപ്പ്, പൊന്നാനി, കുറ്റിപ്പുറം, മങ്കട, വണ്ടൂര്‍, പെരിന്തല്‍മണ്ണ തുടങ്ങിയ ബ്ലോക്കിലെ കുടുംബശ്രീ അംഗങ്ങളും പങ്കെടുക്കാനാണ് നിര്‍ദേശം.
ബ്ലോക്ക് അടിസ്ഥാനത്തില്‍ സി.എഡി.എസ് ചെയര്‍പേഴ്‌സണ്‍മാരെ വനിതാ മതിലിന് ആളുകളെ എത്തിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
തദ്ദേശ ഭരണസ്ഥാപന തലത്തില്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്കും മേല്‍നോട്ടച്ചുമതല അതത് സി.ഡി.എസ് മെമ്പര്‍ സെക്രട്ടറിമാര്‍ക്കും നല്‍കിയിട്ടുണ്ട്. എന്നാല്‍ സി.ഡി.എസ് അംഗങ്ങളില്‍ ഇടതു അനുകൂലികള്‍ മാത്രമേ സഹകരിക്കാനിടയുള്ളൂ. ജില്ലയിലെ വിവിധ വനിതാ സംഘടനകളുടെ നേതൃത്വത്തില്‍ 1,80,000 പേര്‍ അണി നിരക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."