ഉപയോഗശൂന്യമായ ടോള്‍ബൂത്ത് പൊളിച്ചുമാറ്റണമെന്ന്
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍-പാലക്കാട് ദേശീയപാതയിലെ ആത്ത്പാലത്ത് ഉപയോഗശൂന്യമായ ടോള്‍ബൂത്ത് പൊളിച്ചു മാറ്റണമെന്നാവശ്യം ശക്തമാവുന്നു. 1999 ലാണ് കോയമ്പത്തൂര്‍-പാലക്കാട് ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി ആത്ത്പാലത്ത് ടോള്‍ബൂത്ത് സ്ഥാപിച്ചത്.
രാജ്യത്തെ പ്രധാന റോഡുകളും പാലങ്ങളുമൊക്കെ നിര്‍മിക്കുന്ന എല്‍ ആന്റ് ടി കമ്പനിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ടോള്‍ബൂത്ത്. ആത്ത്പാലത്തിനും കേരിമ്പുക്കടക്കും ഇടയില്‍ ചാരമേട് റോഡിനു സമീപത്താണ് ടോള്‍ബൂത്ത് സ്ഥാപിച്ചിട്ടുള്ളത്. ഇരുവശങ്ങളിലുമുള്ള വാഹനങ്ങളില്‍ നിന്ന് പണം പിരിക്കുന്നതിനായി എട്ട് ബൂത്തുകളാണ് ഉള്ളത്.
കമ്പനിയുടെ കരാര്‍ നേരത്തെ അവസാനിച്ചിട്ടും നടത്തുന്ന പിരിവിനെതിരേ പ്രതിഷേധമുയര്‍ന്നിരുന്നു. ഈ മാസം ആദ്യത്തോടെയാണ് ടോള്‍ബൂത്തില്‍ നിന്നുള്ള പിരിവ് നിര്‍ത്തിയത്. ടോള്‍ബൂത്ത് പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ സമീപത്ത് പൊലിസ് എയ്ഡ് പോസ്റ്റും പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ടോള്‍ബൂത്തിലെ പ്രവര്‍ത്തനം നിലച്ചതോടെ എയ്ഡ് പോസ്റ്റിലെ പൊലിസിന്റെ സേവനവും നിലച്ച സ്ഥിതിയിലാണ്. നേരത്തെ ടോള്‍ബൂത്തില്‍ തമിഴ്‌നാട് വാഹനങ്ങള്‍ക്ക് ടോള്‍ വാങ്ങാതെ കടത്തിവിടുന്നതും കേരളത്തിലെ വാഹനങ്ങളോട് ചിറ്റമ്മ നയം കാണിക്കുന്നതും സംബന്ധിച്ച് ആരോപണങ്ങളുയര്‍ന്നിരുന്നു. എട്ട് മണിക്കുര്‍ വീതമുള്ള മൂന്ന് ഷിഫ്റ്റുകളിലായി നിരവധിപേരാണ് ടോള്‍ ബൂത്തിലുണ്ടായിരുന്നത്. ടോള്‍ബൂത്തിലെ പ്രവര്‍ത്തനം നിര്‍ത്തിയതോടെ എല്ലാവരേയും കമ്പനി പിരിച്ചു വിടുകയാണ്. ആത്ത്പാലത്ത് പുതിയ മേല്‍പാലം വരുന്നതിന്റെ ഭാഗമായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."