ആന്തിച്ചിറയില്‍ വീണ്ടും മണ്ണ് കടത്ത്
പുതുനഗരം: ആന്തിച്ചിറയില്‍ മണ്ണ് കടത്താന്‍ ശ്രമിച്ച വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു. മണ്ണു കടത്തിയ ടോറസുകള്‍ കൊല്ലങ്കോട് പൊലിസ് പിടിച്ചെടുത്ത് ആര്‍.ടി.ഒവിന് കൈമാറി. പോത്തമ്പാടം പത്തിചിറക്കടുത്തുള്ള ചുള്ളിയാര്‍ പ്രധാന കനാലിനോട് ചേര്‍ന്നുള്ള പ്രദേശങ്ങള്‍ക്കിടയിലെ സ്വകാര്യ കുളം ആഴമാക്കലിന്റെ പേരില്‍ രണ്ടു മാസമായി തുടരുന്ന മണ്ണ് കടത്തലിനെതിരേ നാട്ടുകാര്‍ രംഗത്തെത്തി.
60 ടണ്ണിലധികം മണ്ണുമായി പോകുന്ന ടിപ്പറുകള്‍ റോഡ് തകര്‍ച്ചക്ക് വഴിവെച്ചെന്നാരോപിച്ചാണ് ഇന്നലെ വൈകുന്നേരം ഇരുപതിലധികം ടോറസ് വാഹനങ്ങളെ നാട്ടുകാര്‍ തടഞ്ഞത്. തുടര്‍ന്ന് പൊലിസ് എത്തി വാഹനങ്ങളെ പിടിച്ചെടുക്കുകയായിരുന്നു. പ്രളയത്തെ തുടര്‍ന്ന് ചെളിനിറഞ്ഞ സ്വകാര്യ കുളത്തിലെ മണ്ണ് നീക്കം ചെയ്യാനുള്ള അനുവാദമാണ് ജിയോളജി ഡിപ്പാര്‍ട്‌മെന്റ് നല്‍കീട്ടുള്ളതെന്ന് റവന്യൂ അധികൃതര്‍ പറയുമ്പോള്‍, കാലാവധിയെത്രയെന്ന് പറയുന്നില്ലെന്നും ജിയോളജി അധികൃതര്‍ പരിശോധിക്കുവാന്‍ വരാറില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. തണ്ണീര്‍ത്തട സംരക്ഷണത്തിനായി സമീപ പ്രദേശങ്ങളില്‍ മാത്രം ഉപയോഗിക്കേണ്ട കുളം ആഴമാക്കലിലെ മണ്ണിനെ വ്യാവസായിക അടിസ്ഥാനത്തില്‍ തൃശൂരിലേക്കും എറണാകുളം ഉള്‍പ്പെടെയുള്ള മറ്റു ജില്ലകളിലേക്കും കടത്തുന്നത് അനുവദിച്ചതാണോ എന്ന് ജില്ലാ കലക്ടര്‍ പരിശോധിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. വലിയ ടിപ്പറുകളില്‍ അമിത ഭാരവുമായി മണ്ണ് കടത്തുന്നതിനാല്‍ ചുള്ളിയാര്‍ കനാല്‍ ബണ്ട് റോഡ് തകരുകയും, കഴിഞ്ഞ മാസം ടാറിങ് ചെയ്ത പഞ്ചായത്ത് റോഡുകള്‍ തകരുന്നതായും വാഹനങ്ങളെ തടഞ്ഞുവെച്ച നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ മാസവും ഇതേ പ്രദേശത്ത് മണ്ണ് ഖന വാഹനങ്ങള്‍ കനാലിന്റെ തകര്‍ച്ചയ്ക്ക് വഴിവെക്കുമെന്നാരോപിച്ച് കര്‍ഷകരും നാട്ടുകാരും വാഹനങ്ങള്‍ തടഞ്ഞുവെച്ചിരുന്നു. ആര്‍.ഡി.ഒ സ്ഥലം സന്ദര്‍ശിച്ച് കുളം ആഴമാക്കല്‍ പരിശോധിക്കുകയും ഗ്രാമീണറോഡുകളുടെ തകര്‍ച്ച ഇല്ലാതാക്കുവാന്‍ നടപടിയെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."