സ്വതന്ത്രഇന്ത്യ എന്റെ കണ്ണില്‍
വൈവിധ്യങ്ങളുടെ, ഒരുമയുടെ ആഘോഷം
ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിലെ പൗരന്മാരെന്ന നിലയ്ക്ക് സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ച ദേശസ്‌നേഹികളുടെ സ്മരണയെ ആദരിക്കുന്നതോടൊപ്പം നമ്മുടെ സമുന്നതമായ ജനാധിപത്യപാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാനും നാം ബാധ്യസ്ഥരാണ്. ഇന്നത്തെ ആഘോഷം സ്വാതന്ത്ര്യത്തിന്റേതുമാത്രമല്ല, മറിച്ച് ഒരു ലോകശക്തിയായി മുന്നേറാന്‍ നമ്മുടെ രാജ്യത്തിന് എക്കാലവും കെട്ടുറപ്പേകിയ വൈവിധ്യങ്ങളുടെ, ഒരുമയുടെ ആഘോഷം കൂടിയാണ്.
ശാസ്ത്ര,സാങ്കേതിക,സാമ്പത്തിക രംഗങ്ങളിലെ വളര്‍ച്ചയിലൂടെയുള്ള രാജ്യപുരോഗതിയില്‍ വിശ്വാസമര്‍പ്പിക്കുന്നതിനൊപ്പം ദുര്‍ബലവിഭാഗങ്ങളെ ശാക്തീകരിക്കുന്ന തലത്തിലേക്കു ക്ഷേമപരിപാടികളെ ഉയര്‍ത്തണം. ഇതിലൂടെ യഥാര്‍ഥസ്വാതന്ത്ര്യം ഓരോ പൗരനിലും എത്തിച്ചു നമ്മുടെ രാജ്യത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിയും.
സ്വാതന്ത്ര്യപ്പോരാട്ടങ്ങളിലെ മൂല്യങ്ങള്‍ മുറുകെ പിടിക്കുക
സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍
(സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് )
മതമൈത്രിയും സാഹോദര്യവും മൂല്യങ്ങളായി സ്വീകരിച്ചു പൂര്‍വികര്‍ നടത്തിയ സ്വാതന്ത്ര്യപ്പോരാട്ടങ്ങളുടെ പൈതൃകം കൈമോശം വരാതെ സൂക്ഷിക്കണം. രാജ്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ചവരുടെ പിന്‍മുറക്കാരാണു നമ്മള്‍ എന്ന അഭിമാനബോധം ഓരോ ഇന്ത്യക്കാരനുമുണ്ടാകണം. ഒന്നാം സ്വാതന്ത്ര്യസമരം മുതല്‍ മലബാറിലെ ചോരയുറ്റുന്ന നിരവധി പോരാട്ടങ്ങള്‍ വരെയുള്ള ചരിത്രം നാം നിരന്തരം ചര്‍ച്ചചെയ്യണം.
ബ്രിട്ടീഷുകാരും പോര്‍ച്ചുഗീസുകാരും കഠിനമായി പീഡിപ്പിച്ചിട്ടും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി അചഞ്ചലമായി നിലയുറപ്പിച്ച പിതാക്കളുടെ മക്കളാണെന്ന ഓര്‍മ നമുക്ക് ആത്മവിശ്വാസം പകരണം. ആ പാരമ്പര്യം മറവിയിലേക്കു വിട്ടുകൊടുക്കാതെ ഓര്‍മയില്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരണം.
മാനവികതയുടെയും സൗഹാര്‍ദത്തിന്റെയും മൂല്യങ്ങളുമായി മനുഷ്യരിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഓരോ പൗരനും തയാറാകണം. നമ്മുടെ പരമാധികാരവും ഭരണഘടനയുടെ നിലനില്‍പ്പും പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ ഒരേ മനസ്സോടെ നിലകൊണ്ട മഹത്തായ പാരമ്പര്യം നിലനിര്‍ത്താനാകണം.
ആഘോഷത്തിനൊപ്പം ജാഗ്രതപ്പെടലുമുണ്ടാവണം
എം.ജി.എസ് നാരായണന്‍
സ്വാതന്ത്ര്യത്തിന്റെ എഴുപതാംവാര്‍ഷികം ആഘോഷിക്കുമ്പോള്‍ നമ്മുടെ രാജ്യത്തെ വിഭജിച്ചതിന്റെ ദുഃഖവും ഓര്‍ക്കേണ്ടതുണ്ട്. രാജ്യത്തിന്റെ ദേശീയതയ്‌ക്കേറ്റ ഏറ്റവും വലിയ പ്രഹരമായിരുന്നു അത്. ഇന്ത്യന്‍ ദേശീയതയുടെ കൊലപാതകം കൂടിയാണ് നമ്മള്‍ ആഗസ്ത് 15 ന് ആഘോഷിക്കുന്നത്.
മുസ്‌ലിം രാജ്യമെന്ന വര്‍ഗീയ അജന്‍ഡയുമായി പാകിസ്താന്‍ അഖണ്ഡഭാരതത്തില്‍നിന്നു വിഘടിച്ചുപോയി. സ്വാതന്ത്ര്യത്തിന്റെ ആഘോഷപ്പൊലിമയ്‌ക്കൊപ്പം വര്‍ഗീയമായി രാജ്യത്തെ വിഘടിപ്പിക്കാന്‍ ശ്രമിക്കുന്ന നവഫാസിസ്റ്റുകളുടെ ശ്രമങ്ങളെയും നാം കരുതിയിരിക്കേണ്ടതുണ്ട്.
പാരിസ്ഥിതിക സ്വാതന്ത്ര്യവും വേണം
പ്രൊഫ. എസ്. ശിവദാസ്
സ്വാതന്ത്ര്യമെന്നത് ഉല്‍കൃഷ്ടമായ സങ്കല്‍പമാണ്. രാഷ്ടീയമായ സ്വാതന്ത്ര്യം മാത്രമല്ല, സാമ്പത്തികവും ആത്മീയവും ഉള്‍പ്പെടെ മനുഷ്യനു നന്നായി ജീവിക്കാന്‍ പറ്റുന്ന സാഹചര്യങ്ങളുണ്ടാകേണ്ടതും സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ഇന്നത്തെ കാലത്തു പാരിസ്ഥിതികമായ സ്വാതന്ത്ര്യമെന്നതും പ്രാധാന്യത്തോടെ കാണേണ്ടതാണ്. കുന്നുകൂടുന്ന മാലിന്യങ്ങളില്‍നിന്നും അവയുണ്ടാക്കുന്ന രോഗദുരിതങ്ങളില്‍നിന്നുമുള്ള സ്വാതന്ത്ര്യവും ഉണ്ടാകണം. മാലിന്യങ്ങള്‍ക്കിടയില്‍ വളരുന്ന തെരുവുനായ്ക്കള്‍ കൊച്ചുകുട്ടികളെപ്പോലും കടിച്ചുകീറി കൊല്ലുന്നു. അവയില്‍നിന്നു സംരക്ഷണം ലഭിക്കു കയെന്നതും സ്വാതന്ത്ര്യംതന്നെയാണ്.
രാഷ്ട്രീയസ്വാതന്ത്ര്യം കിട്ടിയതിന്റെ ആഘോഷമാണു നാം നടത്തുന്നത്. സാര്‍വത്രികമായ സ്വാതന്ത്ര്യമാണു വേണ്ടത്. അതിനാവശ്യമായ വിവേകം ജനങ്ങളിലുണ്ടാക്കിയെടുക്കുകയെന്നതു സാമൂഹ്യപ്രവര്‍ത്തകരുടെ കടമയാണ്. സ്വാതന്ത്ര്യമെന്ന ഉദാത്തമായ സങ്കല്‍പം യാഥാര്‍ഥ്യമാകുന്നതിനു വിഘാതമാകുന്ന എല്ലാ ഘടകങ്ങളെയും നീക്കാന്‍ കഴിയണം. അത്തരമൊരു സാമൂഹികാവസ്ഥ ലോകത്തെമ്പാടുമുള്ള മനുഷ്യരാശിക്കുമുണ്ടാകുമ്പോഴേ സ്വാതന്ത്ര്യം യാഥാര്‍ഥ്യമാവുകയുള്ളൂ.
മൃതിയടയാനെന്തൊരു സ്വാതന്ത്ര്യം!
പ്രഭാവര്‍മ
സ്വാതന്ത്ര്യത്തിനേഴു പതിറ്റാണ്ടാകും
പുലരിയിലിന്ത്യക്കാര്‍ക്കാകെ
കണികണ്ടുണരാനായി
ങ്ങെഴുപതു പിഞ്ചുജഡം മുന്നില്‍!
സ്വാതന്ത്ര്യം ഹാ... സ്വാതന്ത്ര്യം
മൃതിയടയാനെന്തൊരു സ്വാതന്ത്ര്യം!
ബഹുസ്വര ഇന്ത്യ തിരിച്ചുപിടിക്കും
ആലങ്കോട് ലീലാ കൃഷ്ണന്‍
കോളനി വിരുദ്ധസമരത്തിലൂടെ സ്വാതന്ത്ര്യം നേടിയ മറ്റു രാഷ്ട്രങ്ങളുടെ സ്വാതന്ത്ര്യത്തില്‍നിന്നു വിഭിന്നമാണ് ഇന്ത്യയുടേത്. ഫെഡറല്‍, മതേതര, ജനാധിപത്യ, സോഷ്യലിസ്റ്റ് റിപബ്ലിക്കാണ് ഇന്ത്യയുടെ സങ്കല്‍പം. എല്ലാ മതങ്ങള്‍ക്കും അവരുടെ ആരാധനാരീതി പിന്തുടരാനും ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും പരമസ്വാതന്ത്ര്യം ഇന്ത്യയിലുണ്ട്. ഇത് കുറ്റമറ്റരീതിയില്‍ പരിപാലിക്കപ്പെടണം.
മറ്റ് ഏതുരാജ്യത്തേക്കാളും മാനവികമായിരുന്ന സ്വാതന്ത്ര്യഇന്ത്യയുടെ മാനവികസങ്കല്‍പങ്ങള്‍ കടുത്തവെല്ലുവിളി നേരിടുന്ന കാലഘട്ടമാണിത്. സ്വതന്ത്രഇന്ത്യയിലെ പൗരനെന്ന നിലയില്‍ ഫാസിസം ജനാധിപത്യത്തിലേയ്ക്ക് ഒളിച്ചുകടന്ന ഇന്നത്തെ സാഹചര്യത്തെ ആശങ്കയോടെയാണ് ഞാന്‍ കാണുന്നത്. ദലിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സുരക്ഷിതത്വവും സ്വാതന്ത്ര്യവും അനുഭവപ്പെടാത്ത ഇന്ത്യ ഇന്നു രൂപപ്പെട്ടിരിക്കുന്നു.
എങ്കിലും ഞാന്‍ ശുഭാപ്തിവിശ്വാസിയാണ്. മറ്റുള്ളവരില്‍ അധികാരം ചെലുത്താതെ നിര്‍ഭയമായി ജീവിക്കാന്‍ കഴിയുന്ന ബഹുസ്വര ഇന്ത്യ നാം തിരിച്ചുപിടിക്കുക തന്നെ ചെയ്യും.
ലോകത്തിനു മാതൃകയാണു നമ്മള്‍
സി.വി പത്മരാജന്‍
ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ അതിന്റെ ആഹ്ലാദത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതു ജീവിതഭാഗ്യമായി കരുതുന്നു. ഇന്നു സ്വാതന്ത്ര്യം കിട്ടിയതിന്റെ എഴുപതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അഭിമാനാര്‍ഹമായ ചിത്രമാണു കാണാന്‍ കഴിയുന്നത്.
നമുക്കു സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍,ഒപ്പം സ്വാതന്ത്ര്യം നേടിയ രാജ്യങ്ങള്‍ പലതും രാഷ്ട്രീയമായും സാമ്പത്തികമായും തകര്‍ന്നു കഴിഞ്ഞു. ഇന്ത്യ ജനാധിപത്യവും മതേതരത്വവും സാമൂഹ്യനീതിയും പുലര്‍ത്തി ലോകത്തിനു തന്നെ മാതൃകയായി. ഈ ജനാധിപത്യം നിലനിര്‍ത്തി കൂടുതല്‍ ശക്തിയോടെ, ഒരേ ഇന്ത്യയെന്ന വികാരവുമായി മുന്നോട്ടുപോകാന്‍ നാം ബാധ്യസ്ഥരാണ്.
മൂല്യങ്ങള്‍ നഷ്ടപ്പെട്ടിടത്ത് എന്തു സ്വാതന്ത്ര്യം
കെ.എന്‍ ബാലഗോപാല്‍
സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികമാഘോഷിക്കുന്ന വേളയില്‍ രാജ്യം സന്തോഷകരമായ അവസ്ഥയിലല്ല കഴിയുന്നത്. 73 കുട്ടികള്‍ ഓക്‌സിജന്‍ ലഭിക്കാതെ ദാരുണമായി മരിച്ച കാഴ്ചയാണ് രാജ്യത്ത്. സ്വാതന്ത്ര്യത്തിനുമുമ്പും ശേഷവും നമുക്കു ലഭിച്ചിട്ടുള്ള മൂല്യങ്ങള്‍ ഇല്ലാതായി. അത്തരം കാര്യങ്ങളില്‍ കൂടി പരിഹാരം ലഭിച്ചെങ്കില്‍ മാത്രമേ സ്വാതന്ത്ര്യം കൂടുതല്‍ അര്‍ഥവത്താകു.
ത്യാഗത്തെ പരിഹസിക്കുന്ന സവര്‍ണ ഫാസിസം
വിളയോടി ശിവന്‍കുട്ടി
എന്‍.സി.എച്ച്.ആര്‍.ഒ സംസ്ഥാന പ്രസിഡന്റ്
സ്വാതന്ത്ര്യമെന്നത് ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയില്‍ നിരര്‍ഥകമാണെന്നാണ് എന്റെ അഭിപ്രായം. സ്വാതന്ത്ര്യത്തിനു മുന്‍പും ശേഷവും ഇന്ത്യയിലെ മര്‍ദിതജനത പോരാട്ടങ്ങള്‍ നടത്തി നേടിയെടുത്ത നേട്ടങ്ങള്‍പോലും ജനാധിപത്യ, മനുഷ്യാവകാശ, പൗരാവകാശ സ്വാന്ത്ര്യംപോലും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഭഗത്‌സിങ്, നേതാജി സുഭാഷ് ചന്ദ്രബോസ്, രാജഗുരു, ആലി മുസ്‌ലിയാര്‍, വാരിയംകുന്നത് കുഞ്ഞഹമദ്ഹാജി തുടങ്ങിയ മഹത്തുക്കള്‍ സ്വാതന്ത്ര്യപോരാട്ടത്തില്‍ ആത്മത്യാഗം ചെയ്തവരാണ്.
ഇന്ന് ആ ത്യാഗത്തെപോലും പരിഹസിച്ചുകൊണ്ടു സവര്‍ണ ഫാസിസ്റ്റ് ഭരണകൂടം ദലിതര്‍, ആദിവാസികള്‍, മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, പൗരാവകാശപ്രവര്‍ത്തകര്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍, മെറ്റീരിയലിസ്റ്റുകള്‍, വിദ്യാഭ്യാസവിചക്ഷണര്‍ എന്നിവരെയൊക്കെ കൊന്നുകളയുകയാണ്. പശുവിന്റെ പേരില്‍ 64ഓളം ആള്‍ക്കൂട്ടആക്രമണങ്ങളും മുഹമ്മദ് അഖ്‌ലാക്ക്, ജുനൈദ് ഉള്‍പ്പെടെ 28 മരണങ്ങളും നടന്നിരിക്കുന്നു.
പശുവിനു വിശുദ്ധിയും പട്ടികജാതിക്കാരന് അയിത്തവും കല്‍പ്പിക്കുന്ന യു.പിയില്‍ ആദിത്യനാഥ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു രണ്ടുമാസത്തിനുള്ളില്‍ 729 കൊലപാതകങ്ങളും 803 ബലാത്സംഗങ്ങളും നടന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് സ്വാതന്ത്ര്യമെന്നത് ആരുടേയാണെന്ന ചോദ്യമുയരുന്നത്.
പ്രതീക്ഷ കൈവിടാതെ മുന്നോട്ടുപോകണം
ഡോ. ഡി. സുരേന്ദ്രനാഥ്
പരിസ്ഥിതി പ്രവര്‍ത്തകന്‍
സ്വാതന്ത്ര്യം കിട്ടുമ്പോള്‍ എല്ലാ ചൂഷണത്തില്‍ നിന്നും രക്ഷ കിട്ടുമെന്ന പ്രതീക്ഷയാണു നമുക്കുണ്ടായിരുന്നത്. പിന്നീടുണ്ടായ സംഭവങ്ങള്‍ ആ പ്രതീക്ഷയെ തകര്‍ക്കുന്ന രൂപത്തിലായിരുന്നു. എല്ലാ മേഖലയിലും ചൂഷണം നിര്‍ബാധം തുടര്‍ന്നു. സാധാരണക്കാരില്‍ സാധാരണക്കാരായവരുടെ ജീവിതം ദുരിതപൂര്‍ണമായി.
രാഷ്ട്രീയമായി സ്വാതന്ത്ര്യം നേടിയെന്നു പറയുമ്പോഴും സാമ്പത്തികമായി അസ്വതന്ത്രരാണ് ഈ രാജ്യത്തെ ജനങ്ങള്‍. നാടിനകത്തും പുറത്തുമുള്ള കോര്‍പറേറ്റ് ശക്തികള്‍ ജനങ്ങളുടെ ജീവന്‍കൊണ്ടു പന്താടുകയാണ്. ഏറ്റവുമൊടുവില്‍ ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ സംഭവമാണ് ഓര്‍മവരുന്നത്.
സാമൂഹ്യമാറ്റം കൊതിക്കുന്നവര്‍ പ്രതീക്ഷ കൈവിടാതെ മുന്നോട്ടുപോകേണ്ട സന്ദര്‍ഭമാണിത്. എല്ലാ സങ്കുചിത താല്‍പര്യങ്ങളും മാറ്റിവച്ചു ജനകീയ മുന്നേറ്റം രൂപപ്പെട്ടു വരുമെന്ന പ്രതീക്ഷയാണ് എനിക്കുള്ളത്.
രണ്ടാം സ്വാതന്ത്ര്യസമരത്തിന് സമയമായിരിക്കുന്നു
മണമ്പൂര്‍ രാജന്‍ബാബു
എന്റ ജീവിതമാണ് എന്റെ സന്ദേശമെന്ന് പറയുകയും അങ്ങനെത്തന്നെ ജീവിക്കുകയും ചെയ്ത മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ വിയര്‍പ്പും കണ്ണീരും ചോരയും നല്‍കി ആര്‍ജിച്ച സ്വാതന്ത്ര്യം നഷ്ടമായ ഒരു കാലമാണിത്. തോക്കും പീരങ്കിയുമായി കച്ചവടക്കണ്ണോടെ വന്ന വിദേശീയരെ സമാധാനത്തിന്റെ നിരായുധ മാര്‍ഗത്തിലൂടെ തോല്‍പ്പിച്ചു നേടിയ സ ്വാതന്ത്ര്യം ബഹുരാഷ്ട്ര കുത്തകകളുടെ കാല്‍ക്കല്‍ വച്ച് സല്യൂട്ടടിക്കുന്ന ഭരണാധികാരികളുടെ കാലത്ത്, ഉണ്ണാനും ഉടുക്കാനും ഉരിയാടാനും ഇന്ത്യക്കാരനായി ജീവിക്കാനുമുള്ള രണ്ടാം സ്വാതന്ത്ര്യസമരത്തിനുള്ള സമയമായിരിക്കുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍ നാം സജ്ജരായിരിക്കേണ്ട സമയമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."