മുത്വലാഖ് ബില്‍ തിങ്കളാഴ്ച രാജ്യസഭയില്‍; പാസാവില്ലെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: വിവാദമായ മുത്വലാഖ് ബില്‍ തിങ്കളാഴ്ച രാജ്യസഭയില്‍. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ അവതരിപ്പിക്കുക.
ലോക്സഭയില്‍ വ്യാഴാഴ്ച പാസാക്കിയ ബില്‍ രാജ്യസഭയില്‍ പാസാവാനുള്ള സാധ്യത വളരെ കുറവാണ്. ലോക്സഭയില്‍ ബില്‍ പാസാക്കുമ്പോള്‍ സര്‍ക്കാര്‍ ഒറ്റപ്പെട്ട സ്ഥിതിയായിരുന്നു. കോണ്‍ഗ്രസിനോടൊപ്പം, തൃണമൂല്‍ കോണ്‍ഗ്രസ്, അണ്ണാ ഡി.എം.കെ, സി.പി.എം തുടങ്ങി പ്രതിപക്ഷ കക്ഷികളെല്ലാം ബില്ലിന് വിരുദ്ധമായ നിലപാടെടുത്തിരുന്നു. ഇതേ നിലപാട് തന്നെ രാജ്യസഭയില്‍ ആവര്‍ത്തിക്കാനാണ് സാധ്യത കൂടുതല്‍.
ബില്ല് പാസാക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ പറഞ്ഞു. പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള സഭയില്‍ ബില്ല് പാസാവണമെങ്കില്‍ അണ്ണാ ഡി.എം.കെയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും പിന്തുണ സര്‍ക്കാരിന് ആവശ്യമാണ്. ഇത് ലഭിക്കാനിടയില്ല. ലോക്സഭയില്‍ ബില്ല് വോട്ടിനിട്ട സമയത്ത് എതിര്‍പ്പ് പ്രകടിപ്പിച്ച് അണ്ണാ ഡി.എം.കെ ഇറങ്ങിപ്പോയിരുന്നു.
ലോക്സഭയില്‍ 10 പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെതിരെ ഒന്നിച്ചുനിന്നുവെന്നും അവരുമായി രാജ്യസഭയിലും ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു. മുന്‍പ് പലപ്പോഴും രാജ്യസഭയില്‍ സര്‍ക്കാരിനെ പിന്തുണച്ച അണ്ണാ ഡി.എംകെയും തൃണമൂല്‍ കോണ്‍ഗ്രസും ഇപ്പോള്‍ കൃത്യമായി നിലപാടെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."