HOME
DETAILS
MAL
കേരളത്തിന്റെ ബ്രാൻഡ് അംബാസിഡർ അനിൽ നോട്ടിയാൽ ഇനി ലണ്ടനിലേക്ക്
backup
December 29 2018 | 17:12 PM
#അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: കേരളത്തിന്റെ ബ്രാൻഡ് അംബാസഡറായ ഇന്ത്യൻ എംബസി കോൺസുലാർ അനിൽ നോട്ടിയാൽ റിയാദ് ഇന്ത്യൻ എംബസി സേവനം പൂർത്തിയാക്കി ലണ്ടനിലേക്ക് തിരിക്കുന്നു. ഇവിടെ മൂന്നു വർഷത്തെ സേവനം പൂർത്തിയാക്കിയാണ് ലണ്ടൻ ഹൈക്കമ്മീഷനിലേക്ക് പോകുന്നത്. കേരളത്തിന്റെ ബ്രാൻഡ് അംബാസിഡറായ അദ്ദേഹം മലയാളികളടക്കമുള്ള ഇന്ത്യൻ പൗരന്മാരുടെ വിഷയത്തിൽ സജീവമായി ഇടപെടുകയും ഇന്ത്യൻ എംബസിയെ സാധാരണക്കാർക്ക് പ്രാപ്യമാക്കുകയും ചെയ്ത ചാരിതാർഥ്യത്തോടെയാണ് സഊദി വിടുന്നത്. ലണ്ടൻ ഹൈക്കമ്മീഷനിലെ വെൽഫെയർ കോൺസുലാർ ആയാണ് അദ്ദേഹത്തിന് പുതിയ നിയമനം.
2015 ലെ സ്വാത്രന്ത്യ ദിനത്തിൽ എത്തിയ ഇദ്ദേഹം മൂന്നു വർഷത്തിന് ശേഷം ഈ റിപ്പബ്ലിക് ദിനത്തിൽ ഇവിടുത്തെ സേവനം അവസാനിപ്പിച്ചാണ് ലണ്ടനിലേക്ക് യാത്രയാകുന്നത്. നേരത്തെ 2004 മുതൽ 2007 വരെ റിയാദ് എംബസിയിൽ ജോലി ചെയ്ത ശേഷം ഖത്തറിൽ ഇന്ത്യൻ എംബസിയിൽ ജോലി ചെയ്ത ശേഷം വീണ്ടും സഊദിയിൽ എത്തുകയായിരുന്നു. 1987ൽ ബംഗ്ലാദേശ് നയതന്ത്ര കാര്യാലയത്തിലാണ് തന്റെ ഔദ്യോഗിക ജോലി ആരംഭിച്ചത്.
വിദേശ സർവീസുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനങ്ങളുടെ ബ്രാൻഡ് അംബാസഡറാകണമെന്ന വ്യവസ്ഥ പ്രകാരമാണ് അനിൽ നോട്ടിയാൽ കേരളം തിരഞ്ഞെടുത്തത് സാധാരണ ഗതിയിൽ എല്ലാ ഉദ്യോഗസ്ഥരും അവരവരുടെ സംസ്ഥാനങ്ങളെ തെരഞ്ഞെടുക്കുമ്പോൾ ഉത്തരാഖണ്ഡ് തലസ്ഥാനമായ നൈനിത്താൾ സ്വദേശിയായ ഇദ്ദേഹം കേരളത്തിന്റെ ബ്രാൻഡ് അംബാസഡറാകാനാണ് താത്പര്യപ്പെട്ടത്. കഴിഞ്ഞ സെപ്റ്റംബറിൽ കേരളത്തിലെത്തിയ അദ്ദേഹം ഗവർണറെയും മന്ത്രിമാരെയും സന്ദർശിക്കുകയും ചെയ്തിരുന്നു. ആദ്യമാണ് അന്നദ്ദേഹം കേരളം സന്ദർശിക്കുന്നത്. ലണ്ടനിലായാലും ലോകത്തിന്റെ ഏതു ഭാഗത്തായാലും മരണം വരെ കേരളത്തിന്റെ അംബാസഡർ തന്നെയായിരിക്കും. മലയാളികളുമായി അത്രമാത്രം സുഹൃദ്ബന്ധമാണ് തനിക്കുള്ളത്. തന്റെ സർവീസ് കാലത്ത് ഖത്തറിലും സഊദി അറേബ്യയിലുമായി 15 വർഷത്തോളം താൻ മലയാളികളുമായി അടുത്തിടപെട്ടു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് തുടങ്ങിയവരുടെ സഊദി സന്ദർശനം, ജനാദ്രിയ ഫെസ്റ്റിവൽ, പൊതുമാപ്പ് തുടങ്ങി വിവിധ കാര്യങ്ങളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചാണ് തികഞ്ഞ ചാരിതാർഥ്യത്തോടെ അദ്ദേഹം റിയാദ് എംബസി വിടുന്നത്. സഊദി സംസ്‌കാരവും സമൂഹവും തനിക്കും കുടുംബത്തിനും ഏറെ ഇഷ്ടമാണെന്നും അവസരം ലഭിച്ചാൽ ഇവിടേക്ക് തരിച്ചു വരുന്നതിന് വിമുഖതയില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."