HOME
DETAILS

കുറ്റവിമുക്തമാവുന്ന വോട്ടിങ് യന്ത്രം

  
backup
December 29 2018 | 20:12 PM

n-abu-todays-article-30-12-2018

 

#എന്‍. അബു


പരാജയപ്പെടുന്ന കക്ഷികളും സ്ഥാനാര്‍ഥികളുമാണു സാധാരണ വോട്ടിങ് യന്ത്രത്തെപ്പറ്റി പരാതി പറയുക. എന്നാല്‍, ഇത്തവണത്തെ ബാലറ്റ് യുദ്ധത്തെ സെമി ഫൈനലായിക്കണ്ട് രാഷ്ട്രീയ കക്ഷികള്‍ സ്വന്തം നിലപാടുകളിലെ വീഴ്ചയാണ് പരാജയകാരണമെന്ന് മനസിലാക്കിയപോലെ തോന്നുന്നു. അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട കക്ഷികളൊക്കെയും വോട്ടിങ് യന്ത്രത്തെ കുറ്റപ്പെടുത്തുന്നില്ലെന്നതു നല്ലകാര്യം.


സ്വതന്ത്ര ഇന്ത്യക്കു പ്രായം 70 കഴിഞ്ഞെങ്കിലും മതേതര ജനാധിപത്യ രാജ്യമെന്ന പേരിനും പെരുമയ്ക്കും ഊനം തട്ടിയിട്ടില്ലെന്ന് അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭകളിലേയ്ക്ക് ഈയിടെ നടന്ന തെരഞ്ഞെടുപ്പും തെളിയിച്ചു. അവിടങ്ങളിലെ ജനം സ്വതന്ത്രമായി തീരുമാനമെടുത്തു. വര്‍ഗീയ ചിന്തകളാല്‍ അവര്‍ വരിഞ്ഞു മുറുക്കപ്പെട്ടില്ല.
പതിനേഴാമതു ലോകസഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ശേഷിക്കെ അതിന്റെ സെമിഫൈനലെന്നു വിശേഷിപ്പിക്കപ്പെട്ട ഈ ഹിതപരിശോധന കേന്ദ്രം ഭരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിക്കു കനത്ത തിരിച്ചടിയായെന്നതു ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പു നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ ഏറ്റവും വലിയ മൂന്നിലും ഭരണത്തിലേറാന്‍ കോണ്‍ഗ്രസിനായി. അതേസമയം, തെലങ്കാനയിലും മിസോറാമിലും അവര്‍ പരാജയത്തിന്റെ കയ്പുനീര് കുടിച്ചു. അതു ബി.ജെ.പിയോടല്ല, വെറും പ്രാദേശിക പാര്‍ട്ടികളോടാണ് എന്നതു ശ്രദ്ധേിക്കേണ്ട കാര്യം.എന്നാല്‍ ഈ തെരഞ്ഞെടുപ്പുകളിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം, ഫലം എതിരായിട്ടും വോട്ടിങ് യന്ത്രത്തെ കുരിശിലേറ്റാന്‍ തോറ്റ ഒരു കക്ഷിയും രംഗത്തുവന്നില്ലെന്നതാണ്.തെരഞ്ഞെടുപ്പു നടക്കുന്നതിനു മുന്‍പ് ഇത്തരത്തില്‍ ചില പരാമര്‍ശങ്ങളും ആരോപണങ്ങളുമൊക്കെ ഉണ്ടായിരുന്നുവെന്നതും ഈ പശ്ചാത്തലത്തില്‍ ഓര്‍ക്കണം.
ഇന്ത്യക്കു മുന്‍പും ശേഷവും സ്വാതന്ത്ര്യം നേടിയ രാഷ്ട്രങ്ങള്‍ പലതുണ്ട്, നമ്മുടെ അയല്‍രാജ്യങ്ങള്‍ തന്നെയുണ്ട്. അവയില്‍ പലതും സ്വേച്ഛാധിപത്യത്തിലേയ്‌ക്കോ സൈനികാധിപത്യത്തിലേയ്‌ക്കോ വഴുതിവീണു. ഇന്ത്യ ഇന്നും ജനാധിപത്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. ഇത് ഏതു പശ്ചാത്തലത്തിലാണെന്നതും ഓര്‍ക്കണം. മതേതരത്വത്തിന്റെ വേരറുക്കാന്‍ സംഘ്പരിവാര്‍ അനുകൂലികളായ വര്‍ണാശ്രമവാദികള്‍ കച്ചകെട്ടി രംഗത്തുണ്ട്. കിട്ടുന്ന ഓരോ അവസരവും അവര്‍ മുതലെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. മതേതര പാര്‍ട്ടികളെന്നു പറയുന്നവയാകട്ടെ, ഈ ഘട്ടത്തിലും 'കിട്ടിയ വോട്ടിനു സിന്ദാബാദ് ' വിളിച്ചു പഞ്ചപുച്ഛമടക്കി അടങ്ങിയൊതുങ്ങി കഴിയുകയാണ്. എന്നിട്ടും, ഇവിടുത്തെ ജനാധിപത്യവിശ്വാസികളായ ജനത രാജ്യത്തെ ആ പാതയില്‍ ഉറപ്പിച്ചു നിര്‍ത്തുന്നു.
ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചത് 1947 ലാണെങ്കിലും നമ്മുടെ തെരഞ്ഞെടുപ്പു ചരിത്രം അതിനും കാല്‍നൂറ്റാണ്ടു മുന്‍പു തുടങ്ങുന്നുണ്ട്. ഇന്ത്യക്കൊരു ഇരട്ട മണ്ഡലസഭ ഉണ്ടായിരിക്കണമെന്നു നിര്‍ദേശിച്ച് 1919 ല്‍ ഗവണ്മെന്റ് ഒഫ് ഇന്ത്യാ ആക്ട് നിലവില്‍ വന്നതോടെയാണത്. അന്നു രാജ്യത്തെ ജനസംഖ്യ 24 കോടിയായിരുന്നു.
ഇന്ത്യന്‍ ഭരണഘടനയ്ക്ക് അന്തിമരൂപം നല്‍കാന്‍ നിലവില്‍ വന്ന കോണ്‍സ്റ്റന്റ് അസംബ്ലിയാണ് ലോകസഭയിലേയ്ക്കും നിയമസഭകളിലേയ്ക്കും പ്രായപൂര്‍ത്തി വോട്ടവകാശമായി അതു ഭേദഗതി ചെയ്തത്. പ്രായപൂര്‍ത്തി വോട്ടവകാശമെന്ന കുതിച്ചുചാട്ടം ഇന്ത്യയില്‍ നടന്നപ്പോള്‍ ഫ്രാന്‍സിനെപ്പോലുള്ള രാജ്യങ്ങളിലും വനിതകള്‍ക്കു സമ്മതിദാനാവകാശമുണ്ടായിരുന്നില്ല.
ആദ്യകാല തെരഞ്ഞെടുപ്പുകളില്‍ വര്‍ണപ്പെട്ടികളാണ് വോട്ടെടുപ്പില്‍ ഉപയോഗിച്ചിരുന്നത്, ചുവപ്പുപെട്ടി, പച്ചപ്പെട്ടി, വെള്ളപ്പെട്ടി തുടങ്ങിയവ. വോട്ടര്‍ ഏതു നിറത്തിലുള്ള പെട്ടിയെയാണു സമീപിക്കുന്നതെന്നു കണ്ട് അയാളുടെ വോട്ട് ആര്‍ക്കെന്നു മറ്റുള്ളവര്‍ക്കു മനസിലാകുമെന്ന പോരായ്മ ഇതിനുണ്ടായിരുന്നു. അതു പരിഹരിക്കാന്‍ കൂടിയാണ് ചിഹ്നപ്പെട്ടികളും ബാലറ്റിലെ ചിഹ്നങ്ങളും വന്നത്.
നുകംവച്ച ഇരട്ടക്കാളയായിരുന്നു കോണ്‍ഗ്രസിന്റെ ആദ്യ ചിഹ്നം. അതു പിന്നീട് പശുവും കിടാവുമായി, ഇപ്പോള്‍ കൈപ്പത്തിയിലെത്തി നില്‍ക്കുന്നു. അരിവാളും കതിരുമായിരുന്നു അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചിഹ്നം. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അതു സി.പി.ഐയുടേതായി. അരിവാള്‍ ചുറ്റിക നക്ഷത്രം സി.പി.എം സ്വന്തമാക്കി. കുടിലില്‍ തുടങ്ങിയ സോഷ്യലിസ്റ്റ് പാര്‍ട്ടി കലപ്പയും കര്‍ഷകനുമൊക്കെയായി. തോണിയില്‍ ആരംഭിച്ച മുസ്്‌ലിം ലീഗ് ഏണിയില്‍ കയറി നില്‍ക്കുന്നു. കുടവും തുലാസും സൈക്കിളും കുരുവിയും രണ്ടിലയുമൊക്കെ കടന്നു ചൂല്‍വരെ ചിഹ്നങ്ങളായി.
കേരളത്തിലാണ് ഇ.വി.എം എന്നു ചുരുക്കപ്പേരിലറിയപ്പെടുന്ന ഇലക്ടോണിക് വോട്ടിങ് യന്ത്രത്തിന്റെ തിരനോട്ടം. അത് 1982 ലെ ഒരു ഉപതെരഞ്ഞെടുപ്പിലായിരുന്നു. അക്കാലം മുതല്‍ തന്നെ രാഷ്ട്രീയക്കാര്‍, പ്രത്യേകിച്ചു പ്രതിപക്ഷത്തുള്ളവര്‍ ഭീതിയോടെയാണ് ഇ.വി.എമ്മിനെ കണ്ടിരുന്നത്. ഭരിക്കുന്ന പാര്‍ട്ടിക്ക് അട്ടിമറി നടത്താന്‍ സാധിക്കുമെന്നതാണ് ഭീതി. ഇതിന്റെ ഫലമായി വോട്ടിങ് യന്ത്രത്തിനെതിരേ കോടതിയില്‍ കേസുകളുണ്ടായി.
നെതര്‍ലാന്‍ഡ്‌സിലും ജര്‍മ്മനിയിലു വോട്ടിങ് യന്ത്രം ചതിച്ചെന്നു തെളിഞ്ഞതിനെ തുടര്‍ന്ന് നിരോധിച്ചിരുന്നു. എന്നാല്‍, ഇന്ത്യയിലെ വോട്ടിങ് യന്ത്രം നിരോധിക്കാന്‍ കോടതികള്‍ തയാറായില്ല. പൊതുമേഖലാ സ്ഥാപനങ്ങളായ ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും ഭാരത് ഇലക്ട്രോണിക്‌സും നിര്‍മിച്ചു നല്‍കിയ വോട്ടിങ് യന്ത്രങ്ങള്‍ കുറ്റമറ്റതാണെന്നായിരുന്നു 1999 ലെ കര്‍ണാടക ഹൈക്കോടതിയുടെയും 2001 ലെ മദ്രാസ് ഹൈക്കോടതിയുടെയും വിധി.
ലക്ഷക്കണക്കിനു വോട്ടിങ് യന്ത്രങ്ങളാണ് ഇന്ത്യയില്‍ തെരഞ്ഞെടുപ്പിനുപയോഗിക്കുന്നത്. പത്തുലക്ഷം പോളിങ് സ്റ്റേഷനുകളുണ്ട്. യന്ത്രമായതിനാല്‍ വോട്ടിങ് യന്ത്രത്തിനും ചിലപ്പോള്‍ സാങ്കേതിക പിഴവുകള്‍ ഉണ്ടാകാം. വോട്ടെടുപ്പു ചൂടുപിടിക്കുമ്പോള്‍ യന്ത്രം പിണങ്ങിയതിനെക്കുറിച്ചൊക്കെ വാര്‍ത്തകള്‍ വരാറുള്ളത് ഇതുകൊണ്ടാണ്. പകരം യന്ത്രം ഏര്‍പ്പാടാക്കിയാണ് ഇതിനു പരിഹാരം കാണുന്നത്. സ്റ്റാന്‍ഡ് ബൈ യന്ത്രങ്ങള്‍ ഇതിനായി ഒരുക്കിയിരിക്കും.
താന്‍ വിരമലര്‍ത്തിയ ചിഹ്നത്തില്‍ തന്നെയാണോ വോട്ടു പതിഞ്ഞതെന്ന സംശയം അന്നുമിന്നും പല വോട്ടര്‍മാര്‍ക്കും ഉണ്ടാകാറുണ്ട്. ഇതു വലിയ പരാതിയായും വരാറുണ്ട്. അതിനു പരിഹാരമായാണ് വി.വി പാറ്റ് നിലവില്‍ വന്നത്. ഇതോടെ താന്‍ ചെയ്ത വോട്ട എവിടെയാണു പതിഞ്ഞതെന്നു വി.വി പാറ്റ് സംവിധാനത്തിലൂടെ സമ്മതിദായകനു ബൂത്തില്‍വച്ചു തന്നെ ഉറപ്പുവരുത്താനാകും. വോട്ടിങ് യന്ത്രത്തിനു കള്ളവോട്ടു ചെയ്യാനാകില്ലെന്ന്! വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രെയില്‍ എന്ന ഈ സമ്പ്രദായത്തിലെ സ്‌ലിപ്പ് സീല്‍ ചെയ്ത പെട്ടിയില്‍ സൂക്ഷിക്കും. ആവശ്യം വന്നാല്‍ ഓഡിറ്റിങ്ങിനു വിധേയമാക്കാം. ഹൈക്കോടതിക്കേ അതിനുള്ള ഉത്തരവിടാന്‍ അധികാരമുള്ളൂ.
ഇ.വി.എമ്മിനെതിരെ പല കേന്ദ്രങ്ങളില്‍ നിന്നും പരാതി ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് പരാതി പരിഗണിച്ചു സത്യാവസ്ഥ കണ്ടെത്താന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ യോഗം വിളിച്ചുകൂട്ടി. എന്നാല്‍, യോഗത്തില്‍ രണ്ടു രാഷ്ട്രീയപാര്‍ട്ടികള്‍ മാത്രമാണു പങ്കെടുത്തതെന്ന് ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ സുനില്‍ അറോറ പറയുന്നു.
ഓരോ തെരഞ്ഞെടുപ്പും നമുക്കു പുതിയ പാഠം തരുന്നുണ്ടെന്ന് സി.ഇ.സി പറയുന്നു. വോട്ടെണ്ണിത്തീര്‍ക്കാന്‍ അഞ്ചുദിവസം വരെയെടുത്ത കാലമുണ്ടായിരുന്നു. ഇന്ന് ഏതു വലിയ മണ്ഡലത്തിലെ ഫലം പ്രഖ്യാപിക്കാനും അഞ്ചു മണിക്കൂര്‍ ധാരാളം.
സ്ഥാനാര്‍ഥികള്‍ക്കാര്‍ക്കും വോട്ടില്ലെന്ന സമ്മതിദായകന്റെ നിലപാട് കാണിക്കുന്ന 'നോട്ട' സമ്പ്രദായം കൂടി ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിലാണത് തുടങ്ങിയത്. താന്‍ ചില്ലറക്കാരനല്ലെന്നു നോട്ട തിരനോട്ടത്തില്‍ തന്നെ തെളിയിച്ചു. പല മണ്ഡലങ്ങളിലും ഒരു ശതമാനത്തിലേറെ വോട്ട് നോട്ട നേടി. ചെറുകിട പാര്‍ട്ടികള്‍ പലതും നോട്ടയേക്കാള്‍ വളരെ പിന്നിലായിപ്പോയി പലയിടത്തും.
ഇക്കുറി നടന്ന അഞ്ചുസംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ട മുന്‍പും വോട്ടിങ് യന്ത്രം വിഷയമായിരുന്നു. രാജസ്ഥാനിലെ ശഹാബാദില്‍ ദേശീയപാതയ്ക്കടുത്തു നിന്നും വോട്ടിങ് യന്ത്രം കണ്ടുകിട്ടിയതായിരുന്നു ഒന്ന്, പാലിയില്‍ ബി.ജെ.പി എം.എല്‍.എയുടെ വീട്ടില്‍നിന്നു വോട്ടിങ് യന്ത്രം കണ്ടെടുത്തിയതു മറ്റൊരു വിവാദവുമായി. കൊണ്ടുപോകുന്നതിനിടയില്‍ വാഹനത്തില്‍ നിന്നു വീണുപോയതാണെന്നായിരുന്നു വ്യാഖ്യാനം. ഏതായാലും അതോടെ പ്രതിഷേധം കെട്ടടങ്ങി. തകരാറു കണ്ടാല്‍ അരമണിക്കൂറിനകം പുതിയ യന്ത്രം മാറ്റിവയ്ക്കാന്‍ സംവിധാനമുണ്ടെന്നു മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ എസ്.വൈ ഖുറൈശി ചൂണ്ടിക്കാട്ടുന്നു.
2014ല്‍ നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ 55 കോടി പേരാണു വോട്ടു രേഖപ്പെടുത്തിയത്. ആറ് ദേശീയ പാര്‍ട്ടികളുള്‍പ്പെടെ 464 രാഷ്ട്രീയ കക്ഷികള്‍ രംഗത്തിറങ്ങി. 8251 സ്ഥാനാര്‍ഥികള്‍ 543 സീറ്റുകള്‍ക്കായി അങ്കം വെട്ടി. ഒന്‍പതുഘട്ടമായി നടന്ന പൊതുതെരഞ്ഞെടുപ്പ് ലോകത്തിലെ ഏറ്റവും വലിയ ഹിതപരിശോധനയായിരുന്നു. അക്കാരണത്താല്‍ പതിനെട്ടു രാഷ്ട്രങ്ങളില്‍ നിന്നു നിരീക്ഷകരെത്തി.
ഒരിക്കല്‍ ലോക്‌സഭയില്‍ രണ്ടംഗങ്ങള്‍ മാത്രമുണ്ടായിരുന്ന ജനസംഘം ബി.ജെ.പി ആയി വളര്‍ന്നു 282 സീറ്റുമായി ഒന്നാം സ്ഥാനത്തെത്തി. എങ്കിലും അവര്‍ക്കു ലഭിച്ചത് 31 ശതമാനം വോട്ടായിരുന്നു. നേരത്തെ 206 എം.പിമാരുണ്ടായിരുന്ന കോണ്‍ഗ്രസ് 44 ലേയ്ക്ക് ഒതുങ്ങി. ഗുജറാത്തിലും (26) രാജസ്ഥാനിലും (25) മുഴുവന്‍ സീറ്റും ബി.ജെ.പി നേടി.
പരാജയപ്പെടുന്ന കക്ഷികളും സ്ഥാനാര്‍ഥികളുമാണു സാധാരണ വോട്ടിങ് യന്ത്രത്തെപ്പറ്റി പരാതി പറയുക. എന്നാല്‍, ഇത്തവണത്തെ ബാലറ്റ് യുദ്ധത്തെ സെമി ഫൈനലായിക്കണ്ട് രാഷ്ട്രീയ കക്ഷികള്‍ സ്വന്തം നിലപാടുകളിലെ വീഴ്ചയാണ് പരാജയകാരണമെന്ന് മനസിലാക്കിയപോലെ തോന്നുന്നു.
കോണ്‍ഗ്രസും ബഹുജന്‍ സമാജ് പാര്‍ട്ടിയും തെരഞ്ഞെടുപ്പിന് മുന്‍പ് ഒരു സഖ്യം ഉണ്ടാക്കിയിരുന്നെങ്കില്‍ മധ്യപ്രദേശില്‍ 27 സീറ്റും രാജസ്ഥാനില്‍ 11 സീറ്റും കൂടുതലായി അവര്‍ക്കു നേടാന്‍ കഴിയുമായിരുന്നു. തെലങ്കാനയില്‍ ടി.ആര്‍.എസ് 119 ല്‍ 88 സീറ്റ് നേടി നില മെച്ചപ്പെടുത്തിയെങ്കിലും മൊത്തം വോട്ടിന്റെ പകുതി പോലും അവര്‍ക്കു കിട്ടിയില്ലെന്നു മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീനെ പ്രദേശ് കോണ്‍ഗ്രസ് നേതാവാക്കി അവരോധിച്ച കോണ്‍ഗ്രസ് സമാധാനിക്കുന്നു. അതേപോലെ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയതാണ് യഥാര്‍ഥ പരാജയ കാരണമെന്നും അവര്‍ ന്യായീകരിക്കുന്നു. ഛത്തീസ്ഗഡില്‍ 2013 ല്‍ 41 ശതമാനം വോട്ട് നേടിയ ബി.ജെ.പിക്ക് എട്ടു ശതമാനം വോട്ട് കുറഞ്ഞുപോയിരുന്നു. എന്നാലും അത് 33 ശതമാനമുണ്ടെന്ന് അവര്‍ സമാധാനിക്കുന്നു. രാജസ്ഥാനില്‍ 2013 ല്‍ ഒരു സീറ്റിലും ജയിക്കാതിരുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഇത്തവണ ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും ഓരോ മണ്ഡലത്തില്‍ തോല്‍പ്പിക്കാനായി.
വോട്ടിങ്ങ് യന്ത്രം കുറ്റവിമുക്തമാക്കപ്പെട്ട ഇത്തവണത്തെ ബാലറ്റ് യുദ്ധത്തിനുശേഷവും തെരഞ്ഞെടുപ്പ് കമ്മിഷനു പഠിക്കാന്‍ പാഠങ്ങളുണ്ട്. തെലങ്കാനയില്‍ 22 ലക്ഷം വോട്ടര്‍മാര്‍ പട്ടികയില്‍ നിന്നു പുറന്തള്ളപ്പെട്ടിരുന്നുവെന്നതാണ് അതിലൊന്ന്. തെരഞ്ഞെടുപ്പ് രംഗം അഴിമതി വിമുക്തമായിക്കൊണ്ടിരിക്കുന്നുവെന്ന അവകാശവാദം ഉന്നയിക്കുമ്പോഴും അഞ്ചു സംസ്ഥാനങ്ങളില്‍ നിന്ന് സി.ഇ.സി തന്നെ 300 കോടി രൂപ പിടികൂടി എന്ന വാര്‍ത്തയും എഴുതിത്തള്ളാവുന്നതല്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗതാഗത നിയമ ലംഘനം: 62 ലക്ഷം കേസുകൾ, 526 കോടി പിഴ, ലഭിച്ചതോ 123 കോടി മാത്രം

Kerala
  •  2 months ago
No Image

തേങ്കുറുശ്ശി ദുരഭിമാനക്കൊല:  ശിക്ഷാ വിധി തിങ്കളാഴ്ചത്തേക്ക് മാറ്റി 

Kerala
  •  2 months ago
No Image

ആന എഴുന്നള്ളിപ്പ് ആചാരമല്ല, അഹന്ത: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

രാജ്യമെങ്ങും സൈക്കിൾ ട്രാക്കും ഇ-ബസും വരും: കേരളത്തിലെ അഞ്ച് നഗരങ്ങളും പദ്ധതിയിൽ

Kerala
  •  2 months ago
No Image

തിരിച്ചടി കഴിഞ്ഞു; ഇറാനെതിരായ ആക്രമണം ഇതോടെ അവസാനിപ്പിച്ചെന്ന് ഇസ്‌റാഈല്‍

International
  •  2 months ago
No Image

പൂരം കലക്കൽ: പ്രശ്‌നപരിഹാരത്തിന് എ.ഡി.ജി.പി ഇടപെട്ടില്ലെന്ന പരാതി- പൊലിസ് മേധാവി അന്വേഷിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Kerala
  •  2 months ago
No Image

സർക്കാർ ഫണ്ട് അനുവദിച്ചില്ല; വായ്പയ്ക്ക് ബസ് വാങ്ങാൻ കെ.എസ്.ആർ.ടി.സി

Kerala
  •  2 months ago
No Image

ഇറാനെതിരായ ആക്രമണം നടത്തുമ്പോള്‍ ബങ്കറിലൊളിച്ച് നെതന്യാഹുവും മുതിര്‍ന്ന ഉദ്യോഗസ്ഥരും

International
  •  2 months ago
No Image

ഉരുൾ ദുരന്തം മുതൽ മനുഷ്യ-വന്യജീവി സംഘർഷം വരെ ചർച്ച

Kerala
  •  2 months ago
No Image

കുതിച്ചു ചാടി പൊന്ന്; പവന് ഇന്ന് 520 കൂടി 58,880 രൂപ

Business
  •  2 months ago