ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ സാധാരണക്കാരനെ 'കാണണം'
#എന്‍ജി.പി മമ്മത്‌കോയ
കഴുത്തിലുള്ള ഒരു ചെറിയ മുഴ.
അള്‍ട്രാസൗണ്ട് സ്‌കാന്‍ റിപ്പോര്‍ട്ടിലും പരിശോധനകളിലും തൈറോയിഡ് ഗ്രന്ഥിയുടെ അസാധാരണമല്ലാത്ത, ഭയപ്പെടാനില്ലാത്ത വളര്‍ച്ചയാണെന്നും ശസ്ത്രക്രിയ ചെയ്തു നീക്കണമെന്നും വിദഗ്‌ധോപദേശം.
കോഴിക്കോട്ടെ ഒരു പഴയ സ്വകാര്യ ആശുപത്രിയിലേയ്ക്കു ശസ്ത്രക്രിയയ്ക്കു റഫര്‍ ചെയ്തു. ഒ.പി ടിക്കറ്റെടുക്കലും രജിസ്‌ട്രേഷനും മറ്റും കഴിഞ്ഞപ്പോഴാണ് ശസ്ത്രക്രിയയ്ക്ക് 30,000 രൂപയാകുമെന്ന അറിയിപ്പുണ്ടായത്. ചെലവ് അവിടെയും തീരുന്നില്ല. കിടപ്പുമുറിയുടെയും മരുന്നുകളുടെയും ചെലവ് അതിനു പുറമെയാണ്.
അതനുസരിച്ച് അഡ്മിറ്റായി. ശസ്ത്രക്രിയ കഴിഞ്ഞു. ഡിസ്ചാര്‍ജ് ചെയ്യാന്‍ നേരത്തു ബില്ലും വന്നു. ബില്ലില്‍ ശസ്ത്രക്രിയയ്ക്കു നേരത്തേ പറഞ്ഞപോലെ 30,000 രൂപ തന്നെ. അതിനു പറമേ തിയറ്റര്‍ വാടക 14,000 രൂപ. മറ്റു ചെലവുകളടക്കം മൊത്തം 60,000 രൂപയ്ക്കു മുകളില്‍.
ശസ്ത്രക്രിയ ചെയ്തു പുറത്തെടുത്ത മാസ് (ഹെമിതൈറോയ്‌ഡെക്റ്റമി മാസ്) പരിശോധന നടത്തിയ സ്വകാര്യ ലബോറട്ടറി ആറു ദിവസങ്ങള്‍ക്കു ശേഷം തന്ന റിപ്പോര്‍ട്ടില്‍ 'പാപ്പില്ലറി കാര്‍സിനോമ'യുടെ സാന്നിധ്യമുണ്ടെന്നു വ്യക്തമാക്കി. ഇടതുഭാഗത്തെ തൈറോയ്ഡ് ഗ്രന്ഥിയില്‍ ഗുരുതരമല്ലാത്ത കാന്‍സര്‍ സെല്ലുകളുണ്ട്. അതുകൊണ്ടു വലതുഭാഗത്തെ ഗ്രന്ഥികൂടി എടുക്കണമെന്നും അതിനുശേഷം ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗവുമായി ബന്ധപ്പെടണമെന്നും നിര്‍ദേശം.
വീണ്ടും അള്‍ട്രാ സൗണ്ട് സ്‌കാന്‍, രക്തപരിശോധന എന്നിവ ചെയ്തുകഴിഞ്ഞപ്പോള്‍ ആദ്യമുറിവിനകത്തു ചെറിയ ചെറിയ കഴകള്‍ (നോഡ്) കാണപ്പെടുന്നുണ്ടെന്നും അവ കൂടി പരിശോധനാ വിധേയമാക്കണമെന്നും ഡോക്ടര്‍ പറഞ്ഞു.
തിയറ്ററില്‍ വച്ചു ഓപറേഷന്‍ സമയത്തുതന്നെ സ്‌പെസിമെന്‍ എടുത്തു പരിശോധിച്ചു റിപ്പോര്‍ട്ട് കിട്ടേണ്ടതാണെങ്കിലും അവിടെ അതിനു സൗകര്യമില്ലാത്തതിനാല്‍ കോഴിക്കോട്ടെ പ്രശസ്തമായ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കു പോകേണ്ടി വന്നു.
എന്റൊക്രൈന്‍ സര്‍ജനെ ബന്ധപ്പെടുകയും വലതുഭാഗത്തെ ശസ്ത്രക്രിയയ്ക്കു സമയം വാങ്ങുകയും ചെയ്തു. വളരെയധികം മുറികളും നല്ല തിരക്കുമുളള ആ ആശുപത്രിയില്‍ ഓരോ ചികിത്സയ്ക്കും പാക്കേജുകളാണ്. ഒരേ ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും ഒരേ ചാര്‍ജല്ല. കിടക്കുന്ന മുറികളുടെ നിലവാരമനുസരിച്ചു പാക്കേജുകളുടെ റേറ്റ് കൂടിക്കൊണ്ടിരിക്കും. ജനറല്‍ വാര്‍ഡിന്റെ റേറ്റിനേക്കാളും 20 ശതമാനം വര്‍ധനവാണ് എസിയും ടി.വിയുമില്ലാത്ത സാധാരണ മുറിയിലെ ചികിത്സയ്ക്ക്. അതിനേക്കാള്‍ 20 ശതമാനം കൂടും ഡീലക്‌സ് മുറിയിലുള്ളവര്‍ക്ക്, അതിനേക്കാളും 30 ശതമാനം വര്‍ധനയാണ് എ.സി മുറിയിലുള്ളവരുടെ ചികിത്സയ്ക്ക്.
സര്‍ജറി ചാര്‍ജും മരുന്നിന്റെ വിലയുമെല്ലാം അടങ്ങുന്ന ഈ പാക്കേജിലെ വിലവ്യത്യാസത്തിന്റെ യുക്തിയെന്താണെന്ന് ഒരു കൗതുകത്തിനു ചോദിച്ചുപോയി.
'ഇവിടെ അങ്ങനെയാണ് ' എന്നു മറുപടി!
സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിന്റെ പ്രകടമായ ഉദാഹരണമായിരുന്നു ബില്ല് കിട്ടിയപ്പോള്‍ കണ്ടത്. എ.സിയില്ലാത്ത മുറിയുടെ പാക്കേജ് 53,000 രൂപ പറഞ്ഞ സ്ഥാനത്ത് ബില്ലില്‍ 77,000 രൂപയാണ് എഴുതിയിരിക്കുന്നത്. കാഷ് കൗണ്ടറില്‍ ചെന്നപ്പോള്‍ രണ്ടുപേര്‍ മുന്നിലുണ്ട്. കൗണ്ടറില്‍ നിന്നു തുക പറഞ്ഞു ബില്ല് കൊടുക്കുന്നു. ആ പാവങ്ങള്‍ പറഞ്ഞ തുക കൊടുത്തു പോകുകയും ചെയ്തു.
കാഷ്യറോടു കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം ബില്ല് വാങ്ങി അക്കൗണ്ട് സെക്ഷനിലേയ്ക്കു പോയി. വൈകാതെ അക്കൗണ്ടന്റുമായി തിരിച്ചുവന്നു.
''നിങ്ങള്‍ എ.സി മുറിയാണ് ഉപയോഗിച്ചത്. അതുകൊണ്ടാണു തുക കൂടിയത്.''അക്കൗണ്ടന്റ് തെറ്റു ചൂണ്ടിക്കാണിക്കും മട്ടില്‍ വിശദീകരിച്ചു.
''ഡീലക്‌സ് മുറിയാണു ഞങ്ങള്‍ ഉപയോഗിച്ചത്. അതിന്റെ പാക്കേജാണു ഞങ്ങള്‍ തെരഞ്ഞെടുത്തത്.'' അല്‍പ്പം ശബ്ദം കൂട്ടിത്തന്നെ പറഞ്ഞു.
അതോടെ അക്കൗണ്ടന്റ് ഫ്‌ളോറിലെ നഴ്‌സിങ്ങ് സ്റ്റേഷനുമായി ഫോണില്‍ ബന്ധപ്പെടുകയും മുന്‍ നിശ്ചയപ്രകാരമുളള പാക്കേജിന്റെ തുക മാത്രം വാങ്ങുകയും ചെയ്തു.
എനിക്കു മുന്നില്‍ കൗണ്ടറില്‍ നിന്നവര്‍ ചെയ്തപോലെ ഒന്നും പരിശോധിക്കാതെ നിര്‍ദേശിച്ച പണമടച്ചിരുന്നെങ്കില്‍ ഇവരുടെ സ്ഥിരം ചൂഷിതരുടെ പട്ടികയില്‍ ഈയുളളവന്റെ പേരും വന്നേനെ.
കേരളത്തിലെ സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളുടെ ഈ ചികത്സാ പരിസരത്തു നിന്നാണു പ്രതീക്ഷാപൂര്‍വം എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലിനെ നോക്കിക്കാണുന്നത്.
ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (രജിസ്‌ട്രേഷനും നിയന്ത്രണവും) നിയമത്തിന്റെ പരിധിയില്‍ ചികിത്സാചെലവുകള്‍ മുന്‍കൂട്ടി അറിയാനും ജീവനക്കാരുടെ യോഗ്യതയും മറ്റും പ്രദര്‍ശിപ്പിക്കാനും വ്യവസ്ഥയുണ്ടെന്നാണ് അറിയുന്നത്.
സംസ്ഥാനത്തെ അംഗീകൃത ചികിത്സാസമ്പ്രദായങ്ങളില്‍ സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന ക്ലിനിക്കല്‍ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷനും നിയന്ത്രണവും അതുമായി ബന്ധപ്പെട്ടതോ അതിന് ആനുഷംഗികമായതോ ആയ കാര്യങ്ങള്‍ക്കുവേണ്ടി വ്യവസ്ഥ ചെയ്യുന്നതിനുള്ള ബില്‍ എന്നാണ് അതിന്റെ ആമുഖത്തില്‍ പറയുന്നത്. അതോടൊപ്പം സൗകര്യങ്ങളുടെയും സേവനങ്ങളുടെയും ഏറ്റവും കുറഞ്ഞ നിലവാരം നിശ്ചയിക്കുകയെന്ന ലക്ഷ്യവും ഇതിനുണ്ടെന്നു മനസ്സിലാക്കുന്നു.
എന്നാല്‍, ഓരോ ചികിത്സയ്ക്കും ആശുപത്രിയുടെ നിലവാരമനുസരിച്ചുള്ള ഫീസ് നിര്‍ണയിക്കുന്നതിനും ഡോക്ടര്‍മാരുടെ യോഗ്യതയ്ക്കനുസരിച്ചുള്ള വേതന നിയന്ത്രണത്തിനും ബില്ലില്‍ വകുപ്പില്ലെന്നാണു മനസ്സിലാകുന്നത്.
കേരളത്തിലെ ആരോഗ്യരംഗത്ത് സാധാരണക്കാരനു ലഭിക്കുന്ന സേവനത്തില്‍ 70 ശതമാനവും സ്വകാര്യമേഖല വഴിയാണ്. മനുഷ്യന്‍ നിസ്സഹായാവസ്ഥയില്‍ എത്തിച്ചേരുന്ന അഭയകേന്ദ്രമെന്ന നിലയ്ക്ക് ആശുപത്രികളും ക്ലിനിക്കുകളും സ്വകാര്യമായാലും സര്‍ക്കാര്‍ തലത്തിലുള്ളതായാലും മാനുഷികമൂല്യം പരിഗണിക്കുന്ന ഇടങ്ങളാകണം.
അതിന് ആശുപത്രികളുടെയും ആരോഗ്യകേന്ദ്രങ്ങളുടെയും ഏറ്റവും കുറഞ്ഞ നിലവാരം നിര്‍ണയിച്ചാല്‍ മാത്രം പോരാ, ഓരോ ചികിത്സയുടെയും റേറ്റ് കൂടി നിയന്ത്രിക്കണം. സര്‍ജന്മാരുടെയും അനസ്തീസ്യാ വിദഗ്ധരുടെയും മറ്റും വേതനത്തിനും പരിധി നിര്‍ണയിക്കണം.
മുപ്പതും നാല്‍പ്പതും ലക്ഷം മാസശമ്പളം വാങ്ങിച്ച് 'ആതുരസേവനം' ചെയ്യുന്ന ഭിഷഗ്വരന്മാരുളള നാടാണിത്. സര്‍ജറി ചെയ്യുന്ന ഡോക്ടര്‍ക്ക് 15,000 രൂപയാണു ഫീസെങ്കില്‍ അനസ്തീസ്യ നല്‍കുന്ന ഡോക്ടര്‍ക്ക് 7,500 രൂപയാണു ഫീസ്. ഇതു കേവലം ഒരു രോഗിക്ക് ഒരു തവണ അനസ്തീസ്യ നല്‍കുന്നതിനുള്ള പ്രതിഫലമാണെന്നതാണ് അത്ഭുതകരം.
ഹൃദയധമനികളില്‍ വയ്ക്കുന്ന മെഡിക്കല്‍ 'സെന്ററിന് ' വില കുറഞ്ഞപ്പോള്‍ ആന്‍ജിയോ പ്ലാസ്റ്റി സേവനത്തിന് റേറ്റ് കൂട്ടി അഡ്ജസ്റ്റ് ചെയ്യുന്ന ആശുപത്രികളും കേവലം പതിനായിരവും പന്ത്രണ്ടായിരവും മാത്രം വിലയുളള ഇംപ്ലാന്റ് (ടാപേര്‍ഡ് പി.എം.സി) വച്ചുള്ള ദന്തപരിചരണത്തിന് 35,000 രൂപ ഫീസ് വാങ്ങുന്ന ദന്തഡോക്ടറും 'സേവന'മനുഷ്ഠിക്കുന്ന മേഖലയാണു സ്വകാര്യ ആരോഗ്യ രംഗം.
ഇതിന് അറുതി വരുത്താനും മേത്തരം ചികിത്സ ചൂഷണമില്ലാതെ സാധാരണക്കാരനു ലഭ്യമാക്കാനുമുള്ള നിയമനിര്‍മാണവും നിയന്ത്രണവുമാണ് ഈ ബില്ലില്‍ ഉള്‍പ്പെടുത്തേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."