എസ്.ബി.ഐയില്‍ കൂട്ട പിരിച്ചുവിടലിന് നീക്കം
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ കൂട്ട പിരിച്ചുവിടലിന് നീക്കം. ശാഖകളുടെ എണ്ണം കുറയ്ക്കുന്ന സാഹചര്യത്തിലാണ് ജീവനക്കാരുടെ എണ്ണത്തിലും കുറവ് വരുത്തുന്നത്. 2017-18 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 6,622 ജീവനക്കാരെ ഒഴിവാക്കാനാണ് എസ്.ബി.ഐ ആലോചിക്കുന്നതെന്ന് ബാങ്ക് ചെയര്മാന് അരുന്ധതി ഭട്ടാചാര്യ അറിയിച്ചു. ഇതിനായി വി.ആര്.എസ് പദ്ധതി നടപ്പാക്കാനാണ് തീരുമാനം.
ഡിജിറ്റലൈസേഷന്റെയും ബാങ്ക് ലയനത്തിന്റെയും ഭാഗമായി പതിനായിരത്തിലധികം ജോലിക്കാരെ വിവിധ തസ്തികകളിലേക്ക് മാറ്റി നിയമിച്ചിരുന്നു. ഓഗസ്റ്റ് ആറു വരെയുള്ള കണക്കുപ്രകാരം ഒരേ സ്ഥലത്തുതന്നെയുള്ള 594 ശാഖകളാണ് ലയിപ്പിച്ചത്. ഇതിലൂടെ 1,160 കോടി രൂപ പ്രതിവര്‍ഷം ലാഭിക്കാമെന്നാണ് കരുതുന്നത്. അഞ്ച് അനുബന്ധ ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും ലയിപ്പിച്ച് ഒറ്റബാങ്കായി മാറിയതോടെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായി എസ്.ബി.ഐ മാറിയിട്ടുണ്ട്.
ഒരേ നഗരത്തില്‍ ഒരേ സ്ഥലത്ത് ബാങ്കിന്റെ വിവിധ ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കാനായി ശാഖകള്‍ തമ്മില്‍ ലയിപ്പിക്കുന്നുണ്ട്. ബാങ്ക് ലയനത്തെ തുടര്‍ന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലാളികളുള്ള പൊതുമേഖല സ്ഥാപനമായി എസ്.ബി.ഐ മാറിയിരുന്നു. നിലവില്‍ 2.80 ലക്ഷം ജീവനക്കാരാണ് എസ്.ബി.ഐയിലുള്ളത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 6.622 ജീവനക്കാരെ കുറക്കുന്നതോടെ ഇത് 2.73 ലക്ഷമായി കുറയും.
സ്വകാര്യബാങ്കായ എച്ച്.ഡി.എഫ്.സിയും ശാഖകളുടെ എണ്ണം കുറച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് ജീവനക്കാരുടെ എണ്ണത്തിലും കുറവുവരുത്തിയതായി ബാങ്ക് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."