അധികാരം തിരിച്ചുപിടിക്കാന്‍ യു.എസിന്റെ രഹസ്യസഹായം തേടി മുശറഫ്
ഇസ്‌ലാമാബാദ്: പാകിസ്താനില്‍ അധികാരം തിരിച്ചുപിടിക്കാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുശറഫ് അമേരിക്കയുടെ രഹസ്യസഹായം തേടിയതായി വെളിപ്പെടുത്തല്‍. പാക് ചാരസംഘടന ഐ.എസ്.ഐയെ വിമര്‍ശിച്ചും പാക് ഭരണകൂടത്തിന്റെ ഭീകരവിരുദ്ധ സമീപനത്തെ കുറ്റപ്പെടുത്തിക്കൊണ്ടുമുള്ള രഹസ്യവിഡിയോ ദൃശ്യങ്ങള്‍ പുറത്തായി. പാകിസ്താനിലെ വിമത കോളമിസ്റ്റ് ഗുല്‍ ബുഖാരി ട്വിറ്റര്‍ വഴിയാണ് വിഡിയോ പുറത്തുവിട്ടത്.
യു.എസ് സെനറ്റ് അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് വിഡിയോയില്‍ മുശറഫ് സംസാരിക്കുന്നത്. അല്‍ ഖാഇദ മുന്‍ തലവന്‍ ഉസാമ ബിന്‍ലാദന്റെ പാക് താവളങ്ങളെക്കുറിച്ച് ഐ.എസ്.ഐ അശ്രദ്ധരായിരുന്നുവെന്ന് അദ്ദേഹം വിഡിയോയില്‍ കുറ്റപ്പെടുത്തുന്നുണ്ട്. താന്‍ വീണ്ടും അധികാരത്തില്‍ തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അതിനുനിങ്ങളുടെ പിന്തുണ വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. പരസ്യ പിന്തുണക്കു പകരം രഹസ്യമായ സഹായമാണു വേണ്ടതെന്നു പ്രത്യേകം എടുത്തുപറയുകയും ചെയ്യുന്നുണ്ട്.
2001 മുതല്‍ 2008വരെ പാക് പ്രസിഡന്റായിരുന്ന മുശറഫ് ഇംപീച്‌മെന്റിനെ തുടര്‍ന്ന് രാജിവയ്ക്കുകയായിരുന്നു. 2016 മുതല്‍ ദുബൈയിലാണ് അദ്ദേഹം കഴിയുന്നത്. പാകിസ്താനില്‍ രാജ്യദ്രോഹക്കുറ്റമടക്കം വിവിധ കേസുകളുള്ള മുശറഫ് ആരോഗ്യ കാരണങ്ങളും സുരക്ഷാ ഭീഷണിയും ചൂണ്ടിക്കാട്ടിയാണ് നാട്ടിലേക്കു മടങ്ങാത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."