പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായേക്കും
ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധിയെ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റാക്കിയേക്കുമെന്ന് വിവരം. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് രാജ്യം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി കഴിഞ്ഞ എട്ടിന് യോഗം ചേര്‍ന്നിരുന്നെങ്കിലും പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളിലേക്ക് ഇടപെടാന്‍ സോണിയാ ഗാന്ധി തയാറായിരുന്നില്ല. എന്നാല്‍ അവരുടെ മനസില്‍ പ്രിയങ്കയെ രംഗത്തിറക്കാനുള്ള ആലോചന ശക്തമാണെന്നാണ് വിവരം.
യോഗത്തിന്റെ അവസാനം പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മാറ്റം വേണമെന്നതിനെക്കുറിച്ച് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ചില നേതാക്കളുമായി സോണിയാഗാന്ധി രഹസ്യ ചര്‍ച്ച നടത്തിയിരുന്നുവെന്നാണ് വിവരം. അതേസമയം പ്രിയങ്ക പാര്‍ട്ടിയുടെ തലപ്പത്തേക്ക് വരുമെന്നത് പല നേതാക്കള്‍ക്കും വിശ്വസിക്കാനായിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.
എന്നാല്‍ സോണിയയുടെ മനസില്‍ ചില കണക്കുകൂട്ടലുകളുണ്ടെന്നാണ് നേതാക്കളില്‍ ചിലര്‍ പറയുന്നത്. ഇത് യാഥാര്‍ഥ്യമാകുകയാണെങ്കില്‍ പാര്‍ട്ടിക്ക് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാകുമെന്നും ഇവര്‍ പറയുന്നു.
പാര്‍ട്ടിയുടെ തലപ്പത്തേക്ക് പ്രിയങ്ക വരണമെന്ന് നേരത്തെ തന്നെ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ ഒരു തീരുമാനം പറയാന്‍ ഗാന്ധി കുടുംബം തയാറായിരുന്നില്ല. അതിനിടയില്‍ പാര്‍ട്ടിയിലേക്ക് വരുന്നതിന് പ്രിയങ്കയും സ്വയം ചില നിയന്ത്രണങ്ങള്‍ ഉണ്ടാക്കിയിരുന്നു.
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പ്രിയങ്ക പാര്‍ട്ടിയുടെ തലപ്പത്തേക്ക് വരുമെന്ന് സോണിയയുമായി അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കിയിട്ടുണ്ട്. പ്രിയങ്കയുടെ കാര്യത്തില്‍ അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വ്യക്തമായ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.
രാഹുല്‍ ഗാന്ധിയായിരിക്കും പ്രസിഡന്റ് പദത്തിലെത്തുകയെന്ന് നേരത്തെ തന്നെ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് പകരം പ്രിയങ്കയാണ് അധ്യക്ഷപദവിയിലെത്തുകയെന്നാണ് ഇപ്പോള്‍ അറിയുന്നത്.
പ്രധാനമന്ത്രി മോദിയെ തടയാന്‍ പര്യാപ്തമായ രീതിയില്‍ പാര്‍ട്ടിയെ ശക്തമാക്കാന്‍ രാഹുലിന്റെ നേതൃത്വത്തിലുള്ള ടീമിനും അഹമ്മദ് പട്ടേല്‍, ഗുലാം നബി ആസാദ് എന്നിവരടങ്ങിയ സോണിയാ വിഭാഗത്തിനും കഴിയില്ലെന്ന തിരിച്ചറിവാണ് നേതൃത്വത്തിലേക്ക് പ്രിയങ്കയെ കൊണ്ടുവരാനുള്ള നീക്കത്തിനുപിന്നിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."