കേരളാ പൊലിസിന്റെ 'ട്രോള്‍' പഠിക്കാന്‍ മൈക്രോസോഫ്റ്റ്
കൊച്ചി: കാക്കിക്കുള്ളിലെ നര്‍മം ഏറ്റവുമധികം പ്രകടമാവുന്നത് കേരളാ പൊലിസിന്റെ പേജിലാണ്. നിലവില്‍ ഏതൊരു ലോകോത്തര ട്രോള്‍ പേജിനെയും കടത്തിവെട്ടിയാണ് പൊലിസ് മാമന്‍മാരുടെ കുതിപ്പ്.
ഇവിടെ പതിവ് കണ്ണുരുട്ടലോ കടുത്ത സ്വരമോ ഇല്ല. സമൂഹത്തിലെ ഏതൊരാള്‍ക്കും രസകരവും വിമര്‍ശനാത്മകവുമായ കമന്റിടാം. അതേ നാണയത്തില്‍ തന്നെ ഉരുളക്കുപ്പേരി മറുപടിയുമായി പൊലിസുണ്ടാവും. ചില മറുപടികള്‍ ഫേസ്ബുക്കില്‍ നിമിഷനേരം കൊണ്ട് വൈറലാവും. ഇതോടെ കേരള പൊലിസ് പേജ് ലോകത്തിലെ ഏറ്റവും ജനകീയമായ പേജായി മാറി.
ഇപ്പോള്‍ 10 ലക്ഷം ലൈക്കെന്ന നേട്ടത്തിലേക്ക് കുതിക്കുകയാണ് കേരളാ പൊലിസ്. വന്‍ ഹിറ്റായതോടെ സോഷ്യല്‍ മീഡിയയിലെ കേരളാ പൊലിസിന്റെ ഇടപെടലുകളെ കുറിച്ച് പഠിക്കുന്നതിന് ടെലികോം ഭീമന്മാരായ മൈക്രോസോഫ്റ്റ് വരെ രംഗത്തെത്തിയിരിക്കുന്നു. നിയമപാലനത്തിനും പൊതുജനങ്ങളുമായി ആശയസംവാദം നടത്തുന്നതിനും നവമാധ്യമങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്തുന്നുവെന്ന ഗവേഷണത്തില്‍ ഇന്ത്യയില്‍ നിന്ന് മൈക്രോസോഫ്റ്റ് തിരഞ്ഞെടുത്തിരിക്കുന്നത് കേരളാ പൊലിസിനെയാണ്.
ട്രോളും ബോധവല്‍ക്കരണവുമായി പൊതുജനങ്ങളുമായി ക്രിയാത്മകമായി സംവദിക്കുന്ന കേരള പൊലിസിന്റെ രീതിയും സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്ന ജനപിന്തുണയും മൈക്രോസോഫ്റ്റ് പഠന വിധേയമാക്കും. കമ്പനിയുടെ ബംഗളൂരു ഗവേഷണകേന്ദ്രത്തിന്റെ കീഴിലാണ് പഠനം. ഇതിന്റെ ഭാഗമായി കേരള പൊലിസിന്റെ സോഷ്യല്‍ മീഡിയ സെല്‍ നോഡല്‍ ഓഫിസര്‍ ഐ.ജി മനോജ് എബ്രഹാം, മീഡിയാസെല്ലിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി ഗവേഷകര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്.
കുറിക്ക് കൊള്ളുന്ന ട്രോളുകളും നര്‍മം നിറഞ്ഞ മറുപടികളുമായി കളംനിറഞ്ഞതോടെയാണ് ഫേസ്ബുക്ക് ലൈക്കില്‍ കേരളാ പൊലിസ് ഒന്നാമതെത്തിയത്. 7.83 ലക്ഷം ലൈക്കുള്ള ന്യൂയോര്‍ക്ക് പൊലിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പേജിനെ (എന്‍.വൈ.പി.ഡി) പിന്തള്ളിയാണു കേരള പൊലിസ് കുതിക്കുന്നത്. പത്ത് ലക്ഷം ലൈക്കിലേക്ക് നീങ്ങുന്ന പേജിന് നിലവില്‍ 9,81,255 ലൈക്കായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."