ഉ.കൊറിയയും ചൈനയും ഇടയുന്നു
ചൈന ഇറക്കുമതി നിരോധനം ഏര്‍പ്പെടുത്തി; ഉ.കൊറിയ സ്ഥാനപതിയെ തിരിച്ചുവിളിച്ചു
ബെയ്ജിങ്: ഉത്തരകൊറിയയില്‍ നിന്നുള്ള ഇറക്കുമതി ചൈന നിരോധിച്ചു. മുന്നറിയിപ്പ് അവഗണിച്ച് കിം ജോങ് ഉന്‍ ആണവ മിസൈല്‍ പരീക്ഷണം തുടരുന്ന പശ്ചാത്തലത്തിലാണ് ചൈനയുടെ പുതിയ നീക്കം. നേരത്തെ ഐക്യരാഷ്ട്രസഭയും ഉത്തര കൊറിയക്കെതിരേ പുതിയ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ചൈനയുടെ പിന്തുണയോടെയാണ് യു.എന്‍ ഉപരോധം പാസായത്.
ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നിര്‍ത്തണമെന്നും നേരത്തെ ചൈന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനോട് ഉത്തര കൊറിയ അനുകൂലമായി പ്രതികരിച്ചില്ല. ഉത്തര കൊറിയയുടെ അടുത്ത സഖ്യകക്ഷിയാണ് ചൈന. ഉത്തര കൊറിയ അമേരിക്കയെ ആദ്യം ആക്രമിച്ചാല്‍ തങ്ങള്‍ നിഷ്പക്ഷത പാലിക്കുമെന്നും അമേരിക്ക ഉ.കൊറിയയില്‍ ഇടപെട്ടാല്‍ എതിര്‍ക്കുമെന്നും ചൈന വ്യക്തമാക്കിയിരുന്നു.
ഉത്തര കൊറിയയുടെ വ്യാപാരത്തിന്റെ 90 ശതമാനവും ചൈനയുമായിട്ടാണ്. ശത്രുക്കളില്‍ നിന്നും പ്രത്യേകിച്ച് യു.എസില്‍ നിന്നുള്ള സുരക്ഷയ്ക്കുവേണ്ടിയാണ് തങ്ങള്‍ ആണവ പരിപാടി നടപ്പിലാക്കുന്നത് എന്നാണ് ഉത്തര കൊറിയ പറയുന്നത്. യു.എസിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി അടുത്ത സുഹൃത്തിനെ കൈയൊഴിയുന്നതാണ് ചൈനയുടെ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.
അതേസമയം, ചൈനയ്ക്കുള്ള മറുപടി എന്നോണം തങ്ങളുടെ നയതന്ത്രജ്ഞരെ ഉത്തര കൊറിയ തിരിച്ചുവിളിച്ചിട്ടുണ്ട്. ചൈന, റഷ്യ, യു.എന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളെയാണ് ഉത്തരകൊറിയ തിരിച്ചുവിളിച്ചത്. അമേരിക്കന്‍ സൈനിക താവളമുള്ള ഗുവാമില്‍ ആക്രമണം നടത്തുമെന്ന് കിം ജോങ് ഉന്‍ നേരത്തെ ഭീഷണിമുഴക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."