കത്തികാട്ടി പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന് ജീവപര്യന്തം
കാസര്‍കോട്: കത്തികാട്ടി എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച രണ്ടാനച്ഛന് ജീവപര്യന്തം തടവുശിക്ഷ. ഉപ്പള പഞ്ചത്തോട്ടി പച്ചംപള്ളം സ്വദേശി അബ്ദുല്‍ കരീമിനെ(35)യാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് പി.എസ് ശശികുമാര്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കേരളത്തില്‍ ആദ്യമായാണ് പോക്സോ കേസില്‍ ഇത്തരമൊരു വിധി. കൂടാതെ 50,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. പിഴ ഒടുക്കിയാല്‍ തുക പെണ്‍ക്കുട്ടിക്ക് നല്‍കണം.
2018 ഏപ്രില്‍ രണ്ടിന് മംഗല്പാടി പഞ്ചത്തോട്ടിയിലെ വാടക വീട്ടില്‍ വച്ചാണ് കേസിനാസ്പദമായ സംഭവം. പ്രതി പെണ്‍കുട്ടിയെയും മാതാവിനെയും കത്തികാട്ടി ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി നേരിട്ട് പൊലിസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് മഞ്ചേശ്വരം പൊലിസ് കേസെടുത്തത്. കുമ്പള സി.ഐ പ്രേംസദന് അന്വേഷിച്ച കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം നല്കി. ജാമ്യം ലഭിക്കാതെ പ്രതി ജൂഡീഷ്യല്‍ കസ്റ്റഡിയിലാണ്. പ്രോസിക്യൂഷന് വേണ്ടി 13 സാക്ഷികളെ വിസ്തരിച്ചു. 22 രേഖകളും സംഭവസമയത്ത് പെണ്‍കുട്ടി ധരിച്ച വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു.
പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ശിക്ഷാവിധി വൈകുന്നേരത്തേക്ക് മാറ്റിവയ്ക്കുകയും തുടര്‍ന്ന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."