തൊഴില്‍ വിസയ്ക്ക് പുതിയ ഇലക്ട്രോണിക് സംവിധാനം ആരംഭിക്കാന്‍ ഖത്തര്‍ തയാറെടുക്കുന്നു
ദോഹ: തൊഴില്‍ വിസയ്ക്ക് പുതിയ ഇലക്ട്രോണിക് സംവിധാനം ആരംഭിക്കാന്‍ ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം തയാറെടുക്കുന്നു.
വിദേശത്തുനിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള മന്ത്രാലയത്തിന്റെ സ്ഥിരം സമിതിക്ക് പകരമായാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. ഖത്തറിലെ വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്ക് വിദേശത്തു നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ സൗകര്യം ചെയ്ത് കൊടുക്കുക എന്നതാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നതെന്ന്് മന്ത്രാലയത്തിലെ റിക്രൂട്ട്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഫവാസ് അല്‍റഈസ് പറഞ്ഞു.
തൊഴില്‍ ദാതാവിനു വലിയ തോതില്‍ സഹായകമാവുന്നതാണ് ഇലക്ട്രോണിക് സംവിധാനം. തൊഴില്‍ ദാതാവിനെ കുറിച്ചുള്ള വിവരങ്ങള്‍, മേഖല, ആവശ്യമുള്ള തൊഴിലാളികള്‍, തൊഴിലാളികളുടെ രാജ്യം തുടങ്ങി എല്ലാ വിവരങ്ങളും പുതിയ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കും.
സംവിധാനം ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുമ്പ് രാജ്യത്തെ തൊഴില്‍ ദാതാക്കളില്‍നിന്നും കമ്പനികളില്‍നിന്നും അഭിപ്രായം ആരായും. ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും ഉല്‍ക്കണ്ഠകള്‍ പരിഹരിച്ചും നിര്‍ദേശങ്ങള്‍ പരിഗണിച്ചും ഉടന്‍ തന്നെ ഇത് നടപ്പില്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രതിനിധികളെയും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് കഴിഞ്ഞ ദിവസം ഖത്തര്‍ ചേംബറില്‍ നടന്ന ഇലക്രോണിക് വിസ സംവിധാനത്തെ കുറിച്ചുള്ള പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അല്‍റഈസ്.
ഒരു പ്രത്യേക പ്ലാറ്റ്‌ഫോമിലൂടെ വിദേശത്ത് നിന്നു തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ രാജ്യത്തെ വ്യവസായികള്‍ക്കും കമ്പനികള്‍ക്കും അവസരം നല്‍കുമെന്നതും കൂടുതല്‍ കൃത്യതതയോടെയും പരാതികളില്ലാതെയും റിക്രൂട്ട്‌മെന്റ് നടത്താന്‍ കഴിയുമെന്നതും പുതിയ സംവിധാനത്തിന്റെ പ്രത്യേകതയാണെന്ന് അദ്ദേഹം പഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."