പിരിച്ചെടുത്തത് 25 ശതമാനം നികുതി മാത്രം സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്നുമാസം
കൊണ്ടോട്ടി: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്നുമാസം മാത്രം ബാക്കിനില്‍ക്കെ തദ്ദേശ സ്ഥാപനങ്ങള്‍ പിരിച്ചെടുത്തത് 25 ശതമാനം നികുതി. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ അടുത്തസാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍ തയാറാക്കി അംഗീകാരം വാങ്ങണമെന്ന നിര്‍ദേശം വന്നതാണ് ഇടക്കാലത്ത് നികുതി പിരിവില്‍ പിന്നോട്ട് പോകാന്‍ കാരണമായത്. ഇതേതുടര്‍ന്ന് മാര്‍ച്ച് മാസത്തിനകം മുഴുവന്‍ നികുതിയും പിരിച്ചെടുക്കാന്‍ പ്രത്യേക ക്യാംപുകള്‍ നടത്താനൊരുങ്ങുകയാണ് തദ്ദേശ സ്ഥാപനങ്ങള്‍.
പ്രളയാനന്തരം തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ട് വര്‍ധിപ്പിക്കുന്നതിന് വസ്തുനികുതി പിരിവ് ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍തലത്തില്‍ നിര്‍ദേശിച്ചിരുന്നു. പല തദ്ദേശസ്ഥാപനങ്ങളും പ്രാദേശികമായി ക്യാംപുകള്‍ നടത്തി വസ്തുനികുതി സമാഹരിച്ചതോടെ വരുമാനം കൂടിയിരുന്നു. ഇതിനിടെയാണ് അടുത്തവര്‍ഷത്തെ പദ്ധതികള്‍ തയാറാക്കേണ്ടിവന്നത്. ഇതോടെ നികുതി പിരിവ് കാര്യമായി പിരിച്ചെടുക്കാനായില്ല.
1299.22 കോടി രൂപയാണ് ഈ വര്‍ഷത്തെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രതീക്ഷിത നികുതി. ഇതില്‍ 316.47 കോടി രൂപ മാത്രമാണ് ഇതുവരെ പിരിച്ചെടുത്തത്. അടുത്ത മൂന്നുമാസത്തിനുള്ളില്‍ തദ്ദേശസ്ഥാപനങ്ങള്‍ പിരിക്കേണ്ട തുക 982.86 കോടി രൂപയാണ്.കോര്‍പറേഷനുകളാണ് നികുതി പിരിവില്‍ ഏറ്റവും പിന്നിലുള്ളത്. 6.5 ശതമാനം നികുതി മാത്രമാണ് കോര്‍പറേഷനുകള്‍ ഇതുവരെ പിരിച്ചെടുത്തത്. 323.30 കോടി രൂപ നികുതി പിരിക്കേണ്ടിടത്ത് 20.36 കോടി രൂപമാത്രമാണ് ലഭിച്ചത്. 302.93 കോടി രൂപ ഇനി പിരിക്കണം. നഗരസഭകളില്‍ 11.27 ശതമാനം തുകമാത്രമാണ് ഇതുവരെ പിരിച്ചത്. 436.27 കോടി രൂപയില്‍ 49.16 കോടി രൂപയാണ് പിരിഞ്ഞുകിട്ടിയത്. 387.10 കോടി രൂപയാണ് ഇനി പിരിക്കാനുള്ളത്.
ഗ്രാമപഞ്ചായത്തുകള്‍ 539.65 കോടി രൂപയില്‍ 246.95 കോടി രൂപ പിരിച്ചെടുത്തു. ആകെ തുകയുടെ 45.76 ശതമാനം. 292.83 കോടി രുപയാണ് ഇനി പിരിച്ചെടുക്കാനുള്ളത്. നികുതി പരിവില്‍ കണ്ണൂര്‍ ജില്ലയാണ് മുന്നില്‍. ഇവിടെ 56.74 ശതമാനം നികുതി പിരിവ് പൂര്‍ത്തിയായി. കോഴിക്കോട് (55.16 ശതമാനം), മലപ്പുറം (51.32 ശതമാനം) എന്നീ ജില്ലകള്‍ മാത്രമാണ് 50 ശതമാനത്തിലേറെ നികുതി പിരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."