ജനം ടി.വിക്കെതിരേ വ്യാപക പ്രതിഷേധം
തിരുവനന്തപുരം: വര്‍ക്കല സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളജില്‍ ഐ.എസ് ഭീകര സാന്നിധ്യമുണ്ടെന്ന കുപ്രചാരണവുമായി ജനം ടി.വി. കോളജില്‍ ആനുവല്‍ ഡേയുടെ ഭാഗമായി നടന്ന ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് കോളജില്‍ ഭീകര സംഘടനകളുടെ സാന്നിധ്യമുണ്ടെന്ന് പ്രചാരണം നടത്തിയത്. അതേസമയം കുപ്രചാരണത്തിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
കറുത്ത വസ്ത്രങ്ങളണിഞ്ഞ് അറബ് വസ്ത്രമായ കഫിയയും ചുറ്റി ജീപ്പിലും ബൈക്കിലുമായി വിദ്യാര്‍ഥികള്‍ ആര്‍പ്പുവിളികളുമായി എത്തുന്ന ദൃശ്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. വിദ്യാര്‍ഥികളുടേത് ഭീകര സംഘടനകളുടെ വേഷമാണെന്നും കാംപസില്‍ ഐ.എസും അല്‍ക്വയ്ദയും പിടിമുറുക്കിയതിന്റെ തെളിവാണിതെന്നുമാണ് ജനം ടി.വി പറയുന്നത്. ഇതിനെതിരേ ശക്തമായ പ്രതിഷേധവുമായി കോളജ് മാനേജ്മെന്റും വിദ്യാര്‍ഥികളും രംഗത്തെത്തി. കഴിഞ്ഞ മാര്‍ച്ച് 14ന് നടന്ന ആനുവല്‍ ഡേ ആഘോഷത്തിന്റെ ദൃശ്യമാണിതെന്ന് കോളജ് മാനേജ്മെന്റും വിദ്യാര്‍ഥികളും പറയുന്നു. അന്ന് നടന് സലിം കുമാറായിരുന്നു മുഖ്യാതിഥി. കോളജിലെ സലിം കുമാര്‍ ഫാന്‍സുകാരായ വിദ്യാര്‍ഥികളാണ് കറുത്ത വസ്ത്രങ്ങളണിഞ്ഞ് ആഘോഷത്തിനെത്താമെന്ന ആശയം കൊണ്ടുവന്നത്. സലിം കുമാറും കറുത്ത വസ്ത്രമായിരുന്നു ധരിച്ചത്. ഇതാണ് ഭീകരവാദികളുടെ സാന്നിധ്യമെന്ന മട്ടില്‍ ജനം ടി.വി പ്രചരിപ്പിച്ചത്.
അതേസമയം കോളജില്‍ നടന്ന ആഘോഷവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തിയ ബൈക്ക് റേസും മറ്റും തീവ്രവാദ സ്വഭാവമായി ചിത്രീകരിക്കുകയായിരുന്നുവെന്നാണ് അയിരൂര്‍ പൊലിസും പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."