മാജിദ് ഓര്‍മയായിട്ട് ഒരുമാസം
കല്‍പ്പറ്റ: മടവൂര്‍ സി.എം സെന്ററില്‍ വച്ച് വയനാട് കെല്ലൂര്‍ സ്വദേശി അബ്ദുല്‍ മാജിദ് കൊല്ലപ്പെട്ട സംഭവത്തില്‍ സ്ഥാപനത്തിനെതിരേ ആഞ്ഞടിച്ച് മാജിദിന്റെ പിതാവ് മമ്മൂട്ടി സഖാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മാജിദ് കൊല്ലപ്പെട്ടിട്ട് ഒരുമാസം തികഞ്ഞ ഇന്നലെയാണ് പിതാവ് തന്റെ സങ്കടത്തിന്റെ കെട്ടഴിച്ച് ഫേസ്ബുക്കില്‍ എഴുതിയത്. പോസ്റ്റില്‍ സ്ഥാപനത്തിനെതിരേ രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്. ''മാജിമോന്‍ വിടപറഞ്ഞിട്ട് ഒരുമാസം...കുന്നോളം ആഗ്രഹങ്ങളും, സ്വപ്നങ്ങളും, പ്രതീക്ഷകളുമായി പുതിയ കലാലയമുറ്റത്തേക്ക് പിച്ചവച്ച് കയറിയ പൊന്നുമോന്‍... എന്ന് തുടങ്ങുന്ന പോസ്റ്റില്‍ മകനെക്കുറിച്ച് ആ പിതാവ് പങ്കുവയ്ക്കുന്ന ഓര്‍മകള്‍ ആരുടേയും കരളലിയിക്കുന്നതാണ്.
അഡ്മിഷന്‍ ലഭിച്ച് വീട്ടിലേക്ക് മടങ്ങുമ്പോള്‍ സഖാഫിയെ പോലെ എന്തുപേരാണ് അവിടെ നിന്ന് ലഭിക്കുകയെന്ന മകന്റെ ചോദ്യത്തിന് 'ഖുതുബി'യാണ് ലഭിക്കുന്ന ബിരുദമെന്ന് താന്‍ മറുപടി പറഞ്ഞതും വേദനയോടെ ആ പിതാവ് ഓര്‍ത്തെടുക്കുന്നു. ആദ്യതവണ വീട്ടിലേക്ക് വന്നുപോകുമ്പോള്‍ മകന് പ്രശ്‌നങ്ങളില്ലായിരുന്നുവെന്നും പെരുന്നാളിന് വന്നതിന് ശേഷമാണ് മാറ്റം പ്രകടമായതെന്നും പോസ്റ്റില്‍ പറയുന്നു. ഉമ്മയെ പിരിയുന്നതിലുള്ള വിഷമമായിരിക്കുമെന്ന് കരുതി താന്‍ അത് അവഗണിക്കുകയായിരുന്നു. തങ്ങളോട് അവന്‍ ഒന്നും തുറന്ന് പറഞ്ഞില്ലെങ്കിലും അടുത്ത കൂട്ടുകാരനോട് പലതും പറഞ്ഞിരുന്നു. തങ്ങളോടു പറയരുതെന്ന് പറഞ്ഞായിരുന്നു അവനെല്ലാം പറഞ്ഞത്. ഒരുമാസത്തില്‍ താഴെമാത്രം ആയുസുള്ള അവന്റെ കാംപസ് ജീവിതം ശാരീരിക മാനസിക പീഡനങ്ങളുടെ തീച്ചൂളയിലായിരുന്നോ എന്നും പിതാവ് ചോദിക്കുന്നു.
മകന്‍ നഷ്ടപ്പെട്ട മതാപിതാക്കളുടെ വിഷമംപോലും മാനിക്കാന്‍ തയാറാവാത്ത സ്ഥാപന അധികാരികളുടെ സമീപനമാണ് അസഹനീയം. താന്‍ മകനെ വിശ്വസിച്ചേല്‍പ്പിച്ച സ്ഥാപനം അവരുടെ ഉത്തരവാദിത്വമില്ലായ്മ മൂലം നഷ്ടപ്പെട്ട തങ്ങളുടെ മാജിയുടെ പേരില്‍ ദുഃഖം അറിയിക്കാന്‍ പോലും തയാറായില്ല. ഇത്തരക്കാരുടെ മാനുഷിക മുഖം എത്ര കാപട്യം നിറഞ്ഞതാണെന്ന് ഊഹിക്കാവുന്നതാണെന്നും അദ്ദേഹം പറയുന്നു.
അവരുടെ ഭാഗത്ത് പിഴവില്ലെങ്കില്‍ എന്തിനാണ് ഒളിച്ചുകളിക്കുന്നത്. മനേജരുടെ മൊഴിയിലെ തിരിമറി എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്. കാര്യലാഭത്തിന് എന്തുമാവാം എന്നല്ലേയെന്നും മുഹമ്മദ് സഖാഫി ചോദിക്കുന്നു. മകന്റെ കൊലയാളി എന്ന് അവര്‍ ചൂണ്ടിക്കാണിച്ച പ്രതിയെക്കുറിച്ച് വ്യത്യസ്ത മൊഴികളാണ് എഫ്. ഐ. ആറിലുള്ളത്. ഈ മലക്കം മറിച്ചില്‍ കണ്ടുപഠിക്കുന്ന ശിഷ്യന്‍മാരും മോശമാകില്ലെന്ന് അദ്ദേഹം പറയുന്നു.
തന്റെ മകന് വിലയിടാന്‍ മാത്രം അധപതിച്ച ഈ വര്‍ഗം മുതഅല്ലിമിനെ അവഹേളിക്കുകയല്ലേ ചെയ്തതെന്നും മമ്മൂട്ടി സഖാഫി ചോദിക്കുന്നു. ആക്ഷന്‍ കമ്മിറ്റിയും കേസുമൊക്കെ ഇല്ലായിരുന്നെങ്കില്‍ മകന്റെ പേരില്‍ ഒരു സംഖ്യ സ്വരൂപിച്ച് തരുമായിരുന്നുവത്രെ അവര്‍. എന്നതുള്‍പ്പെടെയുള്ള നിരവധി ആരോപണങ്ങള്‍ സ്ഥാപന മേധാവികള്‍ക്കെതിരേ ചൊരിഞ്ഞാണ് മാജിദിന്റെ പിതാവിന്റെ ഫേസ് ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."