കോണ്‍ഗ്രസില്‍ പുതിയ 'കൂട്ടുകെട്ട്'; ലക്ഷ്യം ലോക്‌സഭാ സീറ്റ്
ബാസിത് ഹസന്‍#
തൊടുപുഴ: ലോക്‌സഭാ സീറ്റുകള്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസില്‍ പുതിയ 'കൂട്ടുകെട്ട്' രൂപപ്പെടുന്നു.
മുതിര്‍ന്ന നേതാക്കളായ പി.സി ചാക്കോ, വി.എം സുധീരന്‍, രമേശ് ചെന്നിത്തല എന്നിവര്‍ ഒന്നിക്കുന്ന അപൂര്‍വ കാഴ്ചയാണ് കോണ്‍ഗ്രസില്‍ രൂപപ്പെടുന്നത്. ലക്ഷ്യം ഒന്നുമാത്രം, ഒതുക്കേണ്ടവരെ ഒതുക്കുക, വേണ്ടപ്പെട്ടവര്‍ക്ക് സീറ്റ് ഉറപ്പിക്കുക.
മുന്‍ ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍ കഴിഞ്ഞ ദിവസം തൃശൂരില്‍ പ്രസംഗിച്ചത് ഈ കൂട്ടുകെട്ടിനെ ഉന്നംവച്ചാണ്. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കിയതിനുപിന്നില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്ന ആരോപണം നേരത്തെ ഉന്നയിച്ചവര്‍ ഇപ്പോള്‍ ഒന്നാകുകയാണ്.
അന്ന് രാജ്യസഭാ ഉപാധ്യക്ഷനായിരുന്ന പി.ജെ കുര്യന് സീറ്റ് ലഭിച്ചിരുന്നുവെങ്കില്‍ സ്ഥാനം നിലനിര്‍ത്താന്‍ കഴിയുമായിരുന്നുവെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ അന്നുമുതല്‍ പറയുന്നുണ്ട്. ഇല്ലെങ്കില്‍ പി.സി ചാക്കോ, വി.എം സുധീരന്‍ എന്നിവരിലൊരാള്‍ രാജ്യസഭയില്‍ എത്തുമായിരുന്നുവെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്.
കോണ്‍ഗ്രസ് നേതാക്കളെ വെട്ടാന്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പേര് ഉപയോഗിച്ചുവെന്ന ആക്ഷേപം അന്നേ വി.എം സുധീരന്‍ തുറന്നുപറഞ്ഞിരുന്നു. വാര്‍ത്താസമ്മേളനം നടത്തിയാണ് സുധീരന്‍ തുറന്നുപറച്ചില്‍ നടത്തിയത്. പി.ജെ കുര്യന് വീണ്ടും സീറ്റ് നല്‍കുന്നതിനെതിരേ വി.ടി ബല്‍റാം അടക്കമുള്ള യുവ എം.എല്‍.എമാര്‍ രംഗത്തുവന്നതുപോലും വി.എം സുധീരന് വേണ്ടിയായിരുന്നു. ഇത് മണത്താണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്ന് മാണിക്ക് സീറ്റ് നല്‍കാനും അവരെ മുന്നണിയിലെടുക്കാനും ചരടുവലിച്ചത്. ഇതിന് ഹൈക്കമാന്‍ഡിന്റെ പിന്തുണയും ലഭിച്ചു.
എന്നാല്‍, പിന്നീട് കാര്യങ്ങള്‍ മാറിമറിഞ്ഞു. പ്രതിപക്ഷ പ്രവര്‍ത്തനങ്ങളില്‍ യു.ഡി.എഫ് ഘടകകക്ഷികള്‍ അതൃപ്തി അറിയിച്ചതും ഉമ്മന്‍ ചാണ്ടി തിരിച്ചുവന്നേക്കുമെന്ന സംശയവുമാണ് പുതിയ നീക്കങ്ങള്‍ക്ക് വഴിതുറന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ആന്ധ്രയുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കാമെന്ന് ഉമ്മന്‍ ചാണ്ടിക്ക് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കിയതായാണ് അറിയുന്നത്. ഇടുക്കി അല്ലെങ്കില്‍ കോട്ടയത്ത് നിന്ന് ഉമ്മന്‍ ചാണ്ടിയെ ലോക്‌സഭയിലേക്ക് മല്‍സരിപ്പിച്ച് ഡല്‍ഹിക്ക് അയക്കണമെന്ന് എതിര്‍വിഭാഗത്തിന് താല്‍പര്യമുണ്ടെങ്കിലും ആന്ധ്രയുടെ ചുമതലയുള്ളയാളെ എങ്ങനെ മത്സരിപ്പിക്കുമെന്ന പ്രശ്‌നമുണ്ട്.
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് മാറ്റിവച്ചതിനുപിന്നിലും പുതിയ രാഷ്ട്രീയമുണ്ട്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ എ ഗ്രൂപ്പിന് മേല്‍ക്കൈ ലഭിക്കുമെന്ന് ഉറപ്പാണ്.
അത് കെ.പി.സി.സി, ഡി.സി.സി പുനഃസംഘടനകളിലും പ്രകടമാകും. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കാര്യങ്ങള്‍ മാറുമെന്നാണ് പ്രതീക്ഷ. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയതോടെ പുതിയ അച്ചുതണ്ട് ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."