മുഖ്യമന്ത്രിയോട് 10 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ജനുവരി ഒന്നിന് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ സംബന്ധിച്ച് മുഖ്യമന്ത്രിയോട് 10 ചോദ്യങ്ങള്‍ ചോദിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
എന്ത് ലക്ഷ്യത്തിലാണ് മതില്‍ സംഘടിപ്പിക്കുന്നതെന്നും പുരുഷന്‍മാരെ ഒഴിവാക്കിയത് എന്ത് നവോത്ഥാനമാണെന്നും മുഖ്യമന്ത്രിക്കായി തയാറാക്കിയ ചോദ്യാവലിയില്‍ പറയുന്നു. ശബരിമലയിലെ യുവതീ പ്രവേശനവുമായി വനിതാ മതിലിന് ബന്ധമുണ്ടോ? ഉണ്ടെങ്കില്‍ സി.പി.എമ്മും സര്‍ക്കാരും അത് തുറന്നുപറയാന്‍ മടിക്കുന്നത് എന്തുകൊണ്ട്? ഏതാനും ഹൈന്ദവ സംഘടനകളെ മാത്രം വിളിച്ചുകൂട്ടി നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിന് വനിതകളുടെ മതില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതിലെ സാംഗത്യം എന്താണ് എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
ന്യൂനപക്ഷ വിഭാഗങ്ങളെ ഒഴിവാക്കിയത് സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് വഴിവയ്ക്കുകയില്ലേ? ജനങ്ങളെ സാമുദായികമായി വേര്‍തിരിക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിപരിപാടിയായ വര്‍ഗസമരത്തിന് എതിരായ സ്വത്വരാഷ്ട്രീയ സിദ്ധാന്തത്തിന്റെ അംഗീകാരമല്ലേ? വനിതാ മതിലിന് സര്‍ക്കാര്‍ പണം ചെലവാക്കില്ലെന്ന് പുറത്തുപറയുകയും ഇതിനെതിരായി കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തത് എന്തുകൊണ്ട് ? ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നവരില്‍നിന്ന് നിര്‍ബന്ധിത പിരിവ് നടത്തിയതിനെപ്പറ്റി അന്വേഷിക്കുമോ? വനിതാ മതിലില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മേധാവികള്‍ കീഴ്ഉദ്യോഗസ്ഥകള്‍ക്ക് സര്‍ക്കുലര്‍ നല്‍കുന്നതും ഭീഷണിപ്പെടുത്തുന്നതും കള്ളക്കളിയല്ലേ? രാഷ്ട്രീയ ലാഭത്തിനായി സമൂഹത്തെ വര്‍ഗീയവല്‍ക്കരിച്ച മുഖ്യമന്ത്രിയെന്ന് ചരിത്രം രേഖപ്പെടുത്തുമെന്ന് താങ്കള്‍ എന്തുകൊണ്ട് മനസിലാക്കുന്നില്ല? എന്നിങ്ങനെയാണ് മുഖ്യമന്ത്രിയോടുള്ള പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."