ബേഡകത്ത് സി.പി.എം വിമതര്‍ കൂട്ടത്തോടെ സി.പി.ഐയിലേക്ക്
സ്വന്തം ലേഖകന്‍
കാസര്‍കോട്: സി.പി.എം നേതൃത്വത്തെ പ്രതിരോധത്തിലാക്കി സി.പി.ഐയിലേക്കു പോവാനുള്ള ബേഡകത്തെ വിമത നീക്കത്തില്‍ പ്രതികരിക്കാതെ സി.പി.എം നേതൃത്വം. സി.പി.എമ്മിന്റെ ഇപ്പോഴത്തെ നയത്തിനെതിരേ അസംതൃപ്തി പ്രകടിപ്പിക്കുന്നവരെ മുഴുവന്‍ കൂടെ നിര്‍ത്താന്‍ ബേഡകത്തെ വിമതര്‍ സജീവമായി രംഗത്തിറങ്ങിയിട്ടും ജില്ലയിലെ സി.പി.എം നേതൃത്വം ഔദ്യോഗിക പ്രതികരണത്തിനൊരുങ്ങിയിട്ടില്ല.
ബേഡകത്തും സമീപത്തെ സി.പി.എം കോട്ടകളിലും അണികളിലെ കൊഴിഞ്ഞുപോക്ക് തടയാന്‍ ജില്ലാ നേതൃത്വം കീഴ്ഘടകങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്‍ കുറ്റിക്കോല്‍ പഞ്ചായത്തു പ്രസിഡന്റ് പി ഗോപാലന്‍ മാസ്റ്ററുടെ നേതൃത്വത്തിലാണു നൂറോളം വരുന്ന സി.പിഎം പ്രവര്‍ത്തകര്‍ സി.പി.ഐയിലേക്കു ചേക്കേറുന്നത്. ഇവരുടെ സി.പി.ഐ പ്രവേശനം കഴിഞ്ഞശേഷം മാത്രമായിരിക്കും സി.പി.എം നേതൃത്വം ഇക്കാര്യത്തില്‍ പ്രതികരിക്കുകയെന്നാണ് സൂചന. വിമതരുടെ വെളിപ്പെടുത്തലും സി.പി.എമ്മിന്റെ ഔദ്യോഗിക പ്രതികരണവും വലിയ വിവാദങ്ങള്‍ക്കു വഴിവച്ചേക്കും.
17നു കുറ്റിക്കോലില്‍ നടക്കുന്ന പരിപാടിയിലാണ് ഗോപാലന്‍ മാസ്റ്ററും പ്രവര്‍ത്തകരും സി.പി.ഐയില്‍ ചേരുക. സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി പരിപാടിയില്‍ പങ്കെടുക്കും. ബേഡകത്തെ അലയൊലി ഗോപാലന്‍ മാസ്റ്റര്‍ക്ക് ഏറെ വൈകാരിക ബന്ധമുള്ള കാറഡുക്കയിലും ദേലംപാടിയിലും മൂളിയാറിലും അലയടിക്കുമെന്നാണ് പൊതുവില്‍ വിലയിരുത്തുന്നത്. സി.പി.എമ്മിന്റെ കഴിഞ്ഞ ബേഡകം ഏരിയാ സമ്മേളനത്തിനു ശേഷമാണു ബേഡകത്തു സി.പി.എമ്മില്‍ പൊട്ടിത്തെറിയുണ്ടാകുന്നത്.
ഏരിയാ സെക്രട്ടറിയായി സി ബാലനെ തെരഞ്ഞെടുത്തതു പാര്‍ട്ടിയില്‍ വലിയ ഭിന്നതയാണ് ഉണ്ടാക്കിയത്. പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ-സംസ്ഥാന നേതൃത്വം ഇടപെട്ടുവെങ്കിലും നടന്നില്ല. കഴിഞ്ഞ ലോക്‌സഭ-തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ വിമതരുടെ നിലപാട് സി.പി.എമ്മിന്റെ വോട്ടില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. തുടര്‍ന്നു വിമതരുടെ ആവശ്യം പരിഗണിക്കാമെന്ന ഉറപ്പില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിമതരെ കൂടെ കൂട്ടിയെങ്കിലും തെരഞ്ഞെടുപ്പിനു ശേഷം നടന്ന പാര്‍ട്ടി കമ്മിറ്റികളില്‍ വിമതര്‍ക്കെതിരേ പരാമര്‍ശമുണ്ടായി. ഇതാണു വീണ്ടും വിമതരേ ചൊടിപ്പിച്ചത്. ഗോപാലന്‍ മാസ്റ്റര്‍ക്കെതിരേ കമ്മിറ്റികളിലുണ്ടായ രൂക്ഷ വിമര്‍ശനമാണു വിമത നീക്കം ശക്തമാക്കിയത്.
അതേ സമയം, സി.പി.എമ്മിന്റെ തട്ടകത്തില്‍ വേരിറക്കാന്‍ തന്നെയാണു സി.പി.ഐയുടെ നീക്കം. ഗോപാലന്‍ മാസ്റ്ററോടൊപ്പം സി.പി.ഐയിലേക്കു വരുന്നവരില്‍ ചിലര്‍ക്ക് വിവിധ വകുപ്പുകളില്‍ താല്‍ക്കാലിക നിയമനം നല്‍കാനും അതുവഴി ബേഡകത്തും സമീപ പഞ്ചായത്തുകളിലും പതുക്കെ സ്വാധീനമുറപ്പിക്കാനുമാണു സി.പി.ഐയുടെ ലക്ഷ്യമെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."