ഒടുവില്‍ മൃതദേഹം പുറത്തെടുത്തു; പ്രതിഷേധം
കഠിനംകുളം: പെരുമാതുറ മുതലപ്പൊഴിയില്‍ മത്സ്യ ബന്ധനത്തിനിടെ വള്ളത്തില്‍ നിന്നും കടലില്‍ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു. ശനിയാഴ്ച മത്സ്യ ബന്ധനത്തിനു പോയ തൊഴിലാളികളാണ് താഴംപള്ളിയില്‍ പുലിമുട്ടുകള്‍ക്കിടയില്‍ കുരുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പുലിമുട്ട് ഉയര്‍ത്തി മൃതദേഹം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഹാര്‍ബറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടുവന്ന ക്രൈനില്‍ ഇരുമ്പു വടം ഉപയോഗിച്ച് പുലിമുട്ട് മാറ്റാന്‍ ശ്രമിച്ചെങ്കിലും ശക്തമായ തിര കാരണവും ഇരുമ്പു വടം പൊട്ടിയതിനാലും രാത്രി വൈകി ശ്രമം വിഫലമു കയായിരുന്നു.
ഇതിനിടയില്‍ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തുവന്നതോടെ ഡെ. സ്പീക്കര്‍ വി ശശി സ്ഥലത്തെത്തി ഹാര്‍ബര്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് ക്രൈന്‍ കൊണ്ടുവന്നു കല്ലുമാറ്റാന്‍ ശ്രമിച്ചെങ്കിലും ശ്രമം വീണ്ടും പരാജയപ്പെടുകയായിരുന്നു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മെഴ്‌സിക്കുട്ടി അമ്മയുടെ അടിയന്തിര ഇടപെടലിനെ തുടര്‍ന്ന് പോലിസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഇലക്ട്രിക്കല്‍ എക്‌സ്പ്‌ളോഷന്‍ നടത്തി പാറ പൊട്ടിച്ചാണ് മൃതദേഹം പുറത്തെടുത്തത്.
കടല്‍ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് പലപ്രാവശ്യവും പാറപൊട്ടിക്കല്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. തിരശക്തമായി അടിച്ചതിനെ തുടര്‍ന്ന് പാറക്കല്ലുകള്‍ ശരീരത്തിലടിച്ചു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരായ ദിനേശന്‍, മനു വി നായര്‍ എന്നിവര്‍ക്ക് പരുക്കേറ്റു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം അവിടെ വച്ച് തന്നെ പോസ്റ്റ്മാര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു. മൂന്ന് ദിവസമായിട്ടും മൃതദേഹം പുറത്തെടുക്കാത്തതില്‍ പ്രതിഷേധിച്ച് പുതുകുറിച്ചി ഇടവകയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. ഇതിനെ തുടര്‍ന്ന് മൃതദേഹം പുറത്തെടുക്കുന്നതിന് വേണ്ടി വന്ന ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ ഉള്‍പ്പടെയുള്ളവ മണിക്കൂറുകളോളം ഗതാഗതകുരുക്കില്‍പെട്ടു.
ഉപരോധംനടത്തിയവര്‍ക്കെതിരേ റോഡ് തടസപ്പെടുത്തിയതിന് കേസെടുക്കുമെന്നു പൊലിസ് പറഞ്ഞു. ഫയര്‍ ഫോഴ്‌സ് ആറ്റിങ്ങല്‍ സ്റ്റേഷന്‍ ഓഫിസര്‍ സെബാസ്റ്റ്യന്‍ ലോപ്പസ്, അസി. സ്റ്റേഷന്‍ മാസ്റ്റര്‍ വിപിന്‍ ലാല്‍ നായര്‍, ചെങ്കല്‍ ചൂള ഫയര്‍ഫോഴ്‌സ് ഓഫിസര്‍ സുരേഷ് കുമാര്‍, കടയ്ക്കാവൂര്‍ സി.ഐ മുകേഷ് കുമാര്‍, കഠിനംകുളം എസ്.ഐ ബിനിഷ് ലാല്‍, അഞ്ച്‌തെങ്ങ് എസ്.ഐ ജോസ് എന്‍.ആര്‍ എന്നിവരുടെ നേതൃത്തിലാണ് മത്സ്യത്തൊഴിലാളികളുടെയും നാട്ടുകാരുടെയും ശ്രമമായി മൃതദേഹം പുറത്തെടുത്തത്.
കഠിനംകുളം ശാന്തിപുരം പുതുക്കുറുച്ചി സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം കണ്ണേറ്റ് വിളാകം പ്രിന്‍സ് കോട്ടജില്‍ ജോസഫിന്റെ മകന്‍ വിക്റ്ററാണ് (41) കടലില്‍ വീണ് മരിച്ചത്. മുതലപ്പൊഴിയില്‍ നിന്ന് കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടെ സുഹൃത്തായ ശാന്തിപുരം സ്വദേശി ജോഷ്വായുമൊത്താണ് എന്‍ഞ്ചിന്‍ ഘടിപ്പിച്ച വള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയത്. ഹാര്‍ബര്‍ കവാടത്തില്‍ വച്ച് ശക്തമായ കാറ്റിലും തിരയിലുപ്പെട്ട് വള്ളം മറിഞ്ഞ് വിക്ടറും ജോഷ്വായും കടലിലേക്ക് തെറിച്ച് പോവുകയായിരുന്നു. ജോഷ്വാ ഏറെ കഷ്ടപ്പെട്ട് വള്ളത്തില്‍ കയറിപ്പറ്റിയെങ്കിലും വിക്ടര്‍ തിരയിലകപ്പെടുകയായിരുന്നു. മൃതദേഹം പുതുകുറിച്ചി സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍ സംസ്‌കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."