മലയിലും വീണു മലബാറിയന്‍സ് ലജോങിനെതിരേ ചെന്നൈ ആറാട്ട്
ഐസ്വാള്‍- കോയമ്പത്തൂര്‍ : വിജയം കൊതിച്ചു വടക്കുകിഴക്കന്‍ മലകയറിയ മലബാറിയന്‍സിന് തോല്‍വി. മുന്‍ ചാംപ്യന്മാരായ ഷില്ലോങ് ലജോങിനെ ഗോള്‍ മഴയില്‍ മുക്കി ചെന്നൈ സിറ്റി എഫ്.സി. ഐലീഗില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് ഐസ്വാള്‍ എഫ്.സി ഗോകുലം കേരള എഫ്.സിയെ വീഴ്ത്തി. ഐലീഗില്‍ ഗോകുലത്തിന്റെ നാലാം തോല്‍വി. അന്‍സുമാന കോര്‍മ (51), ലാല്‍ഖൗ പുയ്മാവിയ (63), റോച്ചര്‍ സെല (70) എന്നിവരാണ് ഐസ്വാളിന് വേണ്ടി സ്‌കോര്‍ ചെയ്തത്. ഗോകുലത്തിന് വേണ്ടി ജോയല്‍ സണ്‍ഡേ (93, 94) ഇരട്ടഗോള്‍ നേടി.
ആദ്യപകുതി ഗോള്‍ രഹിതമായിരുന്നു. എന്നാല്‍, രണ്ടാം പകുതിയില്‍ ഐസ്വാള്‍ ആഞ്ഞടിച്ചു. മൂന്ന് ഗോളിന് പിന്നില്‍ പോയി ദയനീയ സ്ഥിതിയിലായ ഗോകുലത്തിന് ഇഞ്ചുറി സമയത്താണ് ആശ്വാസം കിട്ടിയത്. അന്‍സുമാന കോര്‍മയാണ് ഐസ്വാളിനായി ആദ്യം വലകുലുക്കിയത്. ഒരു ഗോളിന് പിന്നിലായതോടെ ഗോകുലം പരിശീലകന്‍ ബിനോ ജോര്‍ജ് ജോയല്‍ സണ്‍ഡേയെയും ക്രിസ്റ്റ്യന്‍ സാബയെയും കളത്തിലിറക്കി. എന്നാല്‍, ഗോകുലത്തെ ഞെട്ടിച്ച് ഐസ്വാള്‍ വീണ്ടും ലീഡ് ഉയര്‍ത്തി. ലാല്‍ഖൗ പുയ്മാവിയ ഗോള്‍ സമ്മാനിച്ചു.
പോരാട്ടത്തില്‍ മേധാവിത്വം പുലര്‍ത്തിയ ഐസ്വാള്‍ ഗോകുലത്തിന്റെ തകര്‍ച്ച ഉറപ്പിച്ചു വീണ്ടും വലകുലുക്കി. ഇത്തവണ റോച്ചര്‍ സെലയാണ് സ്‌കോര്‍ ചെയ്തത്. കനത്ത തോല്‍വിയുമായി മലയിറങ്ങേണ്ടി വരുമെന്ന് ഗോകുലം ഉറപ്പിച്ചു നില്‍ക്കേ ആശ്വാസ ഗോള്‍ പിറന്നു. ഇഞ്ചുറി ടൈമില്‍ ശക്തമായ തിരിച്ചു വരവ് നടത്തിയാണ് ഐസ്വാളിനെ ഞെട്ടിച്ചത്. പകരക്കാരനായി വന്ന ജോയല്‍ സണ്‍ഡേ 93 ാം മിനുട്ടില്‍ വലകുലുക്കി. തൊട്ടുപിന്നാലെ ലഭിച്ച പെനാള്‍ട്ടിയും സണ്‍ഡേ ലക്ഷ്യത്തില്‍ എത്തിച്ചു.
സ്വന്തം തട്ടകമായ കോയമ്പത്തൂരിലാണ് ചെന്നൈ സിറ്റി 6-1 ന് ഷില്ലോങ് ലജോങിന് കനത്ത തോല്‍വി സമ്മാനിച്ചത്. ചെന്നൈക്കായി പെട്രോ മന്‍സി (49, 78, 80) ഹാട്രികും നെസ്റ്റര്‍ ഗോഡില്ലോ (12,70) ഇരട്ടഗോളും നേടി. റോബര്‍ട്ടോ എസ്‌ലവ സുവാരസിന്റെ (38) വകയായിരുന്നു മറ്റൊരു ഗോള്‍. ലജോങിന് വേണ്ടി സാമുവല്‍ ലാല്‍മോപുയ (53) ആശ്വാസ ഗോള്‍ കണ്ടെത്തി. പോരാട്ടത്തില്‍ ഉടനീളം ചെന്നൈയുടെ ആധിപത്യമായിരുന്നു. വിജയത്തോടെ 21 പോയിന്റുമായി ചെന്നൈ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."