അക്ബര്‍ കക്കട്ടിലിന് ജന്മനാട്ടില്‍ സ്മാരകം: 50 ലക്ഷം അനുവദിച്ചു
കക്കട്ടില്‍: എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷനുമായിരുന്ന അക്ബര്‍ കക്കട്ടിലിന് ജന്മനാട്ടില്‍ സ്മാരകമൊരുക്കാന്‍ സര്‍ക്കാര്‍ അന്‍പത് ലക്ഷം രൂപ അനുവദിച്ചു. സാഹിത്യരചനകളിലൂടെ പ്രശസ്തനായ അക്ബറിന് സ്വന്തം നാട്ടില്‍ ഒരു സ്മാരകമെന്ന നാട്ടുകാരുടെ ആവശ്യമാണ് ഇതോടെ അംഗീകരിക്കപ്പെടുന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് തുക അനുവദിച്ചത്. കക്കട്ടിലിന്റെ സാംസ്‌കാരിക, സാമൂഹിക, വിദ്യാഭ്യാസരംഗത്തെ സജീവ സാന്നിധ്യമായിരുന്ന അക്ബര്‍ കക്കട്ടില്‍ നോവല്‍, ചെറുകഥ, ഉപന്യാസം എന്നീ മേഖലയിലൂടെ നിരവധി രചനകള്‍ നടത്തിയിരുന്നു. നിരവധി അംഗീകാരങ്ങളും അക്ബറിന് ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, മുണ്ടശ്ശേരി അവാര്‍ഡ്, സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരത്തിനും അര്‍ഹനായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട കഥാകാരന്റെ വിയോഗത്തിന്റെ മൂന്നാം വര്‍ഷത്തില്‍ സ്മാരകമൊരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് നാട്ടുകാര്‍.
സാഹിത്യരചനകളിലൂടെ കക്കട്ടിലിന്റെയും കടത്തനാടിന്റെയും ഗ്രാമ്യഭാഷയുടെ തനിമ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവന്ന എഴുത്തുകാരന് ഉചിതമായ സ്മാരകത്തിനായുള്ള വായനക്കാരുടെയും നാട്ടുകാരുടെയും ആവശ്യത്തിന് ഇതോടെ പരിഹാരമാവുകയാണ്. അധ്യാപക കഥകളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നാട്ടുകാരുടെ അക്ബര്‍ മാഷ് വിട പറഞ്ഞിട്ട് വര്‍ഷം മൂന്നാകുന്ന ഫെബ്രുവരി 17ന് മുന്‍പേ സ്മാരകമൊരുക്കുന്നതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."