എം.പിയുടെ സാന്നിധ്യത്തെ സി.പി.എം ഭയക്കുന്നു: ടി. സിദ്ദീഖ്
കോഴിക്കോട്: സി.പി.എമ്മും സര്‍ക്കാരും രാഷ്ട്രീയ ഭീരുക്കളായതിനാലാണ് നഗരത്തിലെ മേല്‍പാലങ്ങളുടെ ഉദ്ഘാടനത്തിന്റെയും കോരപ്പുഴ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനത്തിന്റെയും ചടങ്ങില്‍ നിന്നും എം.പിയെ മാറ്റിനിര്‍ത്തിയതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. സിദ്ദീഖ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കോഴിക്കോട്, വടകര എം.പിമാരുടെ ജനകീയതയെ സി.പി.എം ഭയക്കുകയാണ്. ഉദ്ഘാടന ചടങ്ങില്‍ മന്ത്രി ജി. സുധാകരന്‍ എം.കെ രാഘവന്‍ എം.പിയെ ചര്‍ച്ച നടത്തുന്ന എം.പിയായി പരിഹസിച്ചതിലൂടെ കോഴിക്കോട്ടെ ജനങ്ങളെയാണ് അദ്ദേഹം അപമാനിച്ചത്. കോഴിക്കോട് നടന്ന എല്ലാ വികസന കാര്യങ്ങള്‍ക്കും പിന്നില്‍ എം.പി നടത്തിയ ചര്‍ച്ചയും പ്രവര്‍ത്തനവുമാണ്. ഗതാഗത രംഗത്തും റെയില്‍, എയര്‍പോര്‍ട്ട് വികസനത്തിലും പൊതു വികസനത്തിനും മാതൃകാപരമായ പ്രവര്‍ത്തനമാണ് എം.പിയുടേത്.
വര്‍ഗീയതയുടെയും പീഡനത്തിന്റെയും മതിലില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കും. ഇതിനായി ജില്ലയില്‍ അഡ്വക്കേറ്റുമാര്‍ അടങ്ങുന്ന എട്ടംഗ ലീഗല്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തയാറെടുപ്പിനും ഒരുക്കങ്ങള്‍ക്കുമായി ജനുവരി നാലിന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് കോഴിക്കോട് എത്തും.
രാവിലെ 10ന് ഡി.സി.സി ഓഫിസില്‍ നടക്കുന്ന നേതൃയോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. തുടര്‍ന്ന് ജില്ലയിലെ വിവിധ യോഗങ്ങളിലും അദ്ദേഹം സംബന്ധിക്കും. ജനുവരിയില്‍ 111 മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തില്‍ പദയാത്ര സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."