പ്രളയത്തെ അതിജീവിക്കുന്ന നിര്‍മാണരീതിക്ക് പ്രാധാന്യം നല്‍കും: മന്ത്രി സുധാകരന്‍
നാദാപുരം: പാലമായാലും റോഡായാലും കെട്ടിടങ്ങളായാലും പ്രളയത്തെ അതിജീവിക്കുന്ന നിര്‍മാണ രീതിക്കാണ് പ്രാധാന്യം നല്‍കുക എന്ന് പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം മുട്ടുങ്ങല്‍-നാദാപുരം-പക്രന്തളം റോഡ് പരിഷ്‌കരണ പ്രവൃത്തി നാദാപുരം ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂറോപ്യന്‍ രാജ്യങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും കണ്ടിരുന്ന ലോകനിലവാരത്തിലുള്ള റോഡുകള്‍ നമ്മുടെ നാട്ടിലും രണ്ടര വര്‍ഷം കൊണ്ട് നിര്‍മിക്കാനായിട്ടുണ്ട്. ഡിസൈന്‍ റോഡുകള്‍ക്കും പ്രാധാന്യം നല്‍കി. വികസന പ്രവര്‍ത്തനത്തിന് കക്ഷിരാഷ്ട്രീയം ഇല്ല. എല്ലാ ജാതി, മതസ്ഥരെയും തുല്യരായി കണ്ടുകൊണ്ടാണ് വികസന പ്രവര്‍ത്തനത്തിന് മുന്‍തൂക്കം നല്‍കുന്നത്. നല്ല റോഡുകളും പാലങ്ങളും ഇനിയും നമുക്ക് ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ട്രാക്ടര്‍മാര്‍ക്ക് യോഗ്യത തീരുമാനിക്കുന്ന കാര്യം പരിഗണിച്ചു വരികയാണ്. കരാറില്‍ അലംഭാവം കാണിക്കുന്ന കോണ്‍ട്രാക്ടര്‍മാരുടെ ലൈസന്‍സ് കാന്‍സല്‍ ചെയ്യാനുളള നടപടികള്‍ സ്വീകരിക്കും. ഒഞ്ചിയം, വെള്ളികുളങ്ങര റോഡിന്റെ പണി ജനുവരി 31 നകം പൂര്‍ത്തിയാക്കും.
ഇ.കെ വിജയന്‍ എം.എല്‍.എ അധ്യക്ഷനായി. പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, സി.കെ നാണു എം.എല്‍.എ , തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് ബാലകൃഷ്ണന്‍, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സിന്ധു ആര്‍. വടകര, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് എം.കെ സഫീറ, പുറമേരി പഞ്ചായത്ത് പ്രസിഡന്റ് കെ. അച്യുതന്‍, എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷന്‍, ചോറോട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ നളിനി പങ്കെടുത്തു.
പേരോട്-പാറക്കടവ്-ചെറ്റക്കണ്ടി റോഡിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. പേരോട് സഹ്‌റ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഇ.കെ.വിജയന്‍ എം.എല്‍.എ അധ്യക്ഷനായി.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് റോഡിന്റെ നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍. സിന്ധു, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് ബാലകൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ വളപ്പില്‍ കുഞ്ഞമ്മദ് മാസ്റ്റര്‍, തൊടുവയില്‍ മഹമൂദ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ടി.കെ ശൈലജ, അഹമ്മദ് പുന്നക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."