കുട്ടികളുടെ കൊഴിഞ്ഞുപോക്ക്: ഹാജര്‍നില പരിശോധിക്കും
കല്‍പ്പറ്റ: ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും ജനുവരി നാലിന് കുട്ടികളുടെ ഹാജര്‍നില പരിശോധിക്കാന്‍ ജില്ലാ വികസന സമിതി വിദ്യാഭ്യാസ ഉപഡയരക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
അവധിക്കാലവും കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിളവെടുപ്പ് സമയവും ആയതിനാല്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കിടയില്‍ കൊഴിഞ്ഞുപോക്ക് കൂടാന്‍ സാധ്യതയുണ്ടെന്ന് കലക്‌ട്രേറ്റിലെ എ.പി.ജെ ഹാളില്‍ ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അഭിപ്രായമുയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.
കുട്ടികള്‍ സ്‌കൂളിലെത്താത്ത സാഹചര്യമുണ്ടായാല്‍ ജനമൈത്രി പൊലിസുമായി സഹകരിച്ച് കുട്ടികളെ തിരികെ എത്തിക്കാനാണ് തീരുമാനം. പഠന നിലവാരം കുറഞ്ഞതിന്റെ പേരില്‍ വിദ്യാര്‍ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിക്കാത്ത സാഹചര്യം ഉണ്ടാകാന്‍ പാടില്ലെന്നും യോഗം നിര്‍ദേശിച്ചു. ഇതിന് മുതിരുന്ന സ്‌കൂള്‍ പ്രധാനധ്യാപകര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. നിലവില്‍ പത്താം തരത്തില്‍ പഠിക്കുന്ന കുട്ടികളുടെ എണ്ണം ഓരോ സ്‌കൂളുകളും ലഭ്യമാക്കണം. ഇവര്‍ക്കായി പ്രത്യേക പരിശീലനം നല്‍കുന്നത് പരിഗണിക്കും. ജില്ലയുടെ വിജയശതമാനം ഉയര്‍ത്താന്‍ ഇതിലൂടെ സാധിക്കുമെന്നും യോഗം വിലയിരുത്തി. ആദിവാസി വിഭാഗങ്ങളില്‍ അനീമിയ, പോഷകാഹാര കുറവ് എന്നിവ പരിഹരിക്കുന്നതിനുളള ആക്ഷന്‍ പ്ലാന്‍ ജനുവരി 10നകം സമര്‍പ്പിക്കാന്‍ ജില്ലാ വികസന സമിതി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. പ്രളയക്കെടുതിയില്‍ പശുക്കളും കിടാരികളും നഷ്ടപ്പെട്ട മുഴുവന്‍ ക്ഷീരകര്‍ഷകര്‍ക്കും ജനുവരിയോടെ പശുക്കളെയും കിടാരികളെയും ലഭ്യമാക്കാന്‍ സാധിക്കുമെന്ന് ക്ഷീരവികസന ഉപഡയരക്ടര്‍ യോഗത്തെ അറിയിച്ചു. പ്രളയത്തില്‍ 176 പശുക്കളും 45 കിടാരികളുമാണ് നഷ്ടപ്പെട്ടത്. ഡോണേറ്റ് എ കൗ പദ്ധതി പ്രകാരം 34 പശുക്കളേയും 100 കിടാരികളെയും കര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്. ക്ഷീര വികസന വകുപ്പ് 73 പശുക്കളെയും വാങ്ങി നല്‍കി. വിവിധ പദ്ധതിയിലൂടെ 468 പശുക്കളെയാണ് കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ വകുപ്പ് ലക്ഷ്യമിടുന്നതെന്നും അവര്‍ പറഞ്ഞു. 2018-19 വാര്‍ഷിക പദ്ധതികളുടെ നിര്‍വഹണ പുരോഗതിയും യോഗം വിലയിരുത്തി. എം.എല്‍.എ മാരായ സി.കെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരന്‍, എ.ഡി.എം കെ. അജീഷ്, സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."