സ്വന്തം വീട്ടിലെ മാലിന്യം അന്യന്റെ പറമ്പിലേക്ക് വലിച്ചെറിയുന്ന സംസ്‌കാരം ഉപേക്ഷിക്കണം: ടി.എന്‍ സീമ
വടക്കാഞ്ചേരി : സ്വന്തം വീട്ടിലെ മാലിന്യം അന്യന്റെ പറമ്പിലേയ്ക്ക് വലിച്ചെറിയുന്ന മലയാളിയുടെ മാലിന്യ നിര്‍മ്മാര്‍ജന രീതിയ്ക്ക് സമൂലമായ മാറ്റം അനിവാര്യമാണെന്ന് ഹരിത കേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ടി.എന്‍ സീമ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം പദ്ധതി ഈ രംഗത്തെ ശ്രദ്ധാര്‍ഹമായ ചുവട് വെയ്പുകളിലൊന്നാണ്. ആധുനിക കാലഘട്ടത്തില്‍ മാലിന്യ നിര്‍മ്മാര്‍ജനത്തിന് പ്രഥമ പരിഗണന നല്‍കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. നഗരസഭയുടെ രണ്ട് ശ്രദ്ധേയ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിയ്ക്കുകയായിരുന്നു ടി.എന്‍ സീമ കൃഷി പകര്‍ച്ചയിലൂടെ മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം എന്ന പദ്ധതിയും അയ്യങ്കാളി തൊഴിലുറപ്പു പദ്ധതിയുമാണ് സീമ ഉദ്ഘാടനം ചെയ്തത് .
നഗരസഭ വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.ആര്‍ സോമനാരായണന്‍, എന്‍.കെ പ്രമോദ്കുമാര്‍, ജയ പ്രീത മോഹന്‍, കൗണ്‍സിലര്‍മാരായ വി.പി മധു , പി. ഉണ്ണികൃഷ്ണന്‍ , മധു അമ്പലപുരം, ചന്ദ്രമോഹന്‍ കുമ്പളങ്ങാട്, എ.എസ് സുരേന്ദ്രന്‍, പ്രസീത സുകുമാരന്‍, ലിസി പ്രസാദ് , ഷജിനി രാജന്‍, സൈറാബാനു മുസ്തഫ, കെ.വി ജോസ് , നഗരസഭ സെക്രട്ടറി രമ്യകൃഷ്ണന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ അജിതാ രാമചന്ദ്രന്‍ സംസാരിച്ചു. മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം എന്ന പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ കുമ്പളങ്ങാട് പാഴ്‌വസ്തു സംസ്‌ക്കരണ കേന്ദ്രത്തിലെ ഭൂമിയില്‍ നിന്നും രണ്ട് ഏക്കര്‍ സ്ഥലം മാലിന്യ മുക്തമാക്കി വടക്കാഞ്ചേരി ഗ്രീന്‍ ആര്‍മി ലേബര്‍ബാങ്കിന്റെ സഹായത്തോടെയാണ് കൃഷി ഇറക്കുക . പരിപാലനം കുടുംബശ്രീ സി.ഡി.എസ് ഏറ്റെടുത്തു നടപ്പിലാക്കും. കൃഷി പകര്‍ച്ചയിലൂടെ മാലിന്യത്തില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിന് ഹരിത പശ്ചാത്തലം ഒരുക്കുകയാണ് നഗരസഭ ലക്ഷ്യം. നഗരസഭ രൂപീകരണത്തോടെ നഷ്ടമായ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കു പകരം സംസ്ഥാന സര്‍ക്കാരിന്റെ അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി നടപ്പിലാക്കാന്‍ ഒരു കോടി രൂപ നഗരസഭക്ക് അനുവദിച്ചു കഴിഞ്ഞു. തൊഴിലുറപ്പു സംവിധാനത്തെ വിവിധ മിഷനുകളുമായി ബന്ധിപ്പിക്കും. മാലിന്യ നിര്‍മാര്‍ജ്ജന രംഗത്തും മഴവെള്ള സംഭരണ പ്രവര്‍ത്തനങ്ങളിലും തൊഴിലുറപ്പു സംവിധാനത്തെ പ്രയോജനപ്പെടുത്തും. ഉദ്ഘാടനത്തിന്റെ ഭാഗമായി ഒരു മീറ്റര്‍ വീതിയിലും ആഴത്തിലും 16000 മഴക്കുഴികള്‍ നിര്‍മ്മിക്കുന്ന പദ്ധതിയ്ക്കും തുടക്കമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."