ഓണത്തിന് ജില്ലയില്‍ 453 പച്ചക്കറി ചന്തകള്‍
തൃശൂര്‍ : ഓണത്തിന്റെ ഭാഗമായി ജില്ലയില്‍ നാനൂറ്റി അമ്പത്തിമൂന്ന് പച്ചക്കറി ചന്തകള്‍ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ.എ.കൗശിഗന്‍ അറിയിച്ചു. കൃഷി വകുപ്പ്, വി.എഫ്.പി.സി.കെ, ഹോര്‍ട്ടികോര്‍പ്പ്, കുടുംബശ്രീ-ജെ.എല്‍.ജി ഗ്രൂപ്പുകള്‍, പ്രാഥമിക സഹകരണ സംഘങ്ങള്‍, സപ്ലൈകോ യുടെ നേതൃത്വത്തിലാണ് ചന്തകള്‍. ഗുണമേന്മയുളള പച്ചക്കറികള്‍ ലഭ്യമാക്കുക ലക്ഷ്യത്തോടെയാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക. ഓഗസ്റ്റ് 30 മുതല്‍ സപ്തംബര്‍ മൂന്ന് വരെയാണ് ചന്തകളുടെ പ്രവര്‍ത്തനം. ഇത് സംബന്ധിച്ച പ്രത്യേക യോഗം ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്നു. കൃഷി വകുപ്പ്, വി.എഫ്.പി.സി.കെ, ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ 189 ഉം കുടുംബശ്രീയുടെ നേതൃത്വത്തില്‍ 100 ഉം, പ്രാഥമിക സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ 151 ഉം പച്ചക്കറി ചന്തകളാണ് പ്രവര്‍ത്തിക്കുക. സപ്ലൈകോ ഹോര്‍ട്ടികോപ്പിന്റെ സഹകരണത്തോടെ 13 നിയോജകമണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പച്ചക്കറി ചന്തകള്‍ തുറക്കും. ഹോര്‍ട്ടികോപ്പ് വഴി നാടന്‍ പച്ചക്കറികളും അന്യസംസ്ഥാന പച്ചക്കറികളും സംഭരിച്ച് വിതരണം നടത്തുന്നതിനായി കൃഷി വകുപ്പ് ജില്ലയില്‍ നാല് സംഭരണ വിതരണ കേന്ദ്രങ്ങള്‍ തുറക്കും. തൃശൂര്‍, ഇരിങ്ങാലക്കുട, ഗുരുവായൂര്‍, പഴയന്നൂര്‍ എന്നിവിടങ്ങളിലാണ് സംഭരണ-വിതരണ കേന്ദ്രങ്ങളുണ്ടാക്കുക. വിഷരഹിത പച്ചക്കറികള്‍, വട്ടവട-കാന്തല്ലൂര്‍ പച്ചക്കറികള്‍, നാടന്‍ പച്ചക്കറികള്‍, മറുനാടന്‍ പച്ചക്കറികള്‍ എന്നിങ്ങനെ തരംതിരിച്ചാണ് പച്ചക്കറികള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക. പരമാവധി ഉല്‍പന്നങ്ങള്‍ തദ്ദേശീയമായി സംഭരിച്ച് വിപണനം നടത്താനാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എം.സി തിലകന്‍, കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ കെ.വി ജ്യോതിഷ് കുമാര്‍, വി.എഫ്.പി.സി.കെ ഡെപ്യൂട്ടി മാനേജര്‍ ജോബി വര്‍ഗ്ഗീസ്, തദ്ദേശഭരണവകുപ്പ് പ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."