വിദ്യാര്‍ഥിസമരം അക്രമാസക്തമായി
കൊടുങ്ങല്ലൂര്‍: പടിഞ്ഞാറെ വെമ്പല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളജില്‍ വിദ്യാര്‍ഥിസമരം അക്രമാസക്തമായി. പ്രിന്‍സിപ്പാള്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് സമരത്തിനിറങ്ങിയ വിദ്യാര്‍ഥികള്‍ കോളജ് അടിച്ചു തകര്‍ത്തു. കോളജിന്റെ എല്ലാ ക്ലാസ് മുറികളുടെയും ജനല്‍ ചില്ലുകളും വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലെ സ്റ്റാഫ് റൂമുകളും വിദ്യാര്‍ഥികള്‍ തല്ലിത്തകര്‍ത്തു.
സൈക്കോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരു ക്ലാസ് റൂം പൂര്‍ണ്ണമായും തകര്‍ത്തിട്ടുണ്ട്. സ്റ്റാഫ് റൂമുകളില്‍ അധ്യാപികമാര്‍ ഉള്ള സമയത്തായിരുന്നു അക്രമം. അക്രമം കണ്ട് അധ്യാപികമാര്‍ മുറി അകത്ത് നിന്നും പൂട്ടിയതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല. എന്നാല്‍ എല്ലാ ഓഫീസിന്റെയും ജനല്‍ ചില്ലുകള്‍ തകര്‍ന്ന നിലയിലാണ്. കോളജില്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറകള്‍, ക്ലാസ്മുറിക്കകത്തെ എല്‍.സി.ഡി പ്രൊജക്ടര്‍, ബാത്ത്‌റൂം ഫിറ്റിംഗ്‌സ്, നൂറോളം ജനല്‍ ചില്ലുകള്‍, ജലവിതരണ പൈപ്പ്, ഇലക്ട്രിക് സ്വിച്ച് ബോര്‍ഡ്, ട്യൂബ് ലൈറ്റുകള്‍ വിദ്യാര്‍ഥികള്‍ തല്ലിത്തകര്‍ത്തു. പ്രിന്‍സിപ്പാളിന്റെ ഓഫിസിനു നേരേയും ഇദ്ദേഹത്തിന്റെ വസതിക്കു നേരെയും ആക്രമണമുണ്ടായി. കോളജിന്റെ നൂറു മീറ്റര്‍ അകലെയാണ് പ്രിന്‍സിപ്പാളിന്റെ ക്വാര്‍ട്ടേഴ്‌സ്. ഇവിടെയയെത്തിയ രണ്ട് പേരാണ് അക്രമം നടത്തിയത്. പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനും വീടിനും നേരെ കല്ലെറിഞ്ഞിട്ടുണ്ട്. കോളജിന് പുറത്ത് കനത്ത പൊലിസ് സന്നാഹമുള്ളപ്പോഴായിരുന്നു അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്.
കഴിഞ്ഞദിവസം കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിനിടെയുണ്ടായ എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് സംഘര്‍ഷം നിയന്തിക്കാനായി പൊലിസ് കാമ്പസിനകത്ത് കയറി വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചെന്നാരോപിച്ചും പൊലിസിനെ വിളിച്ചു വരുത്തിയ പ്രിന്‍സിപ്പല്‍ മാപ്പുപറയണമെന്നും ആവശ്യപ്പട്ടാണ് സംയുക്ത വിദ്യാര്‍ഥി യൂണിയന്‍ സമരമാരംഭിച്ചത്. പ്രിന്‍സിപ്പാളില്‍ നിന്നും അനുകൂല നടപടി ഇല്ലാതായതോടെ വിദ്യാര്‍ഥികള്‍ അക്രമാസക്തരാകുകയായിരുന്നു. അതേ സമയം വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ ചര്‍ച്ച് ചെയ്ത് തീരുമാനിക്കാമെന്ന് അറിയിച്ചിട്ടും ഇതൊന്നും ചെവിക്കൊള്ളാതെ കോളജ് അടിച്ചു തകര്‍ക്കുകയായിരുന്നുവെന്നും സംഘര്‍ഷത്തെ തുടര്‍ന്ന് കോളജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചിടുകയാണെന്നും പ്രിന്‍സിപ്പാള്‍ ഡോ.അജിംസ് പി.മുഹമ്മദ് അറിയിച്ചു. കൊടുങ്ങല്ലൂര്‍ സി.ഐ പി.സി ബിജുകുമാര്‍, എസ്.ഐ മനു വി. നായരുടെ നേതൃത്വത്തില്‍ പൊലിസ് അന്വേഷണമാരംഭിച്ചു. പ്രിന്‍സിപ്പാളിന്റെ വീട് ആക്രമിച്ചവരെ സി.സി.ടി.വി ക്യാമറ പരിശോധനയില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."