538 കുട്ടിറിപ്പോര്‍ട്ടര്‍മാരെ സജ്ജരാക്കി ലിറ്റില്‍കൈറ്റ്‌സ് ക്യാംപിന് സമാപനം
തിരുവനന്തപുരം: വിദ്യാലയ വാര്‍ത്തകളും പഠനപ്രവര്‍ത്തനങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നതിന് ജില്ലയിലെ സ്‌കൂളുകളില്‍ നിന്ന് 538 കുട്ടി റിപ്പോര്‍ട്ടര്‍മാര്‍ക്ക് കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ന്റെ നേതൃത്വത്തില്‍ നടന്ന ക്യാംപ് സമാപിച്ചു.
ഡിസംബര്‍ 26 മുതല്‍ രണ്ടു ബാച്ചുകളായാണ് ക്യാംപ് നടത്തിയത്. സ്‌കൂളുകളെ സംബന്ധിച്ചുള്ള സംപ്രേക്ഷണ യോഗ്യമായ രീതിയിലുള്ള വാര്‍ത്തകളും ഡോക്യൂമെന്ററികളും ചിത്രീകരിക്കാനുള്ള പരിശീലനമാണ് കുട്ടികള്‍ക്ക് നല്‍കിയത്.
കാലങ്ങളായി പട്ടം ഗവണ്‍െമെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നിലുള്ള ഗതാഗത കുരുക്ക് അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ട് വരുന്ന രീതിയിലുള്ള വാര്‍ത്ത ചിത്രീകരിച്ചാണ് പട്ടം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സെന്ററിലെ കുട്ടികള്‍ പരിശീലനം പൂര്‍ത്തിയാക്കിയത്.
ഡിജിറ്റല്‍ കാമറ ഉപയോഗിച്ച് പഠന വിഭവങ്ങള്‍ ഉണ്ടാക്കുന്നതിനും സ്‌കൂളുകളില്‍നിന്ന് കൈറ്റ് വിക്ടേഴ്‌സ് വിദ്യാഭ്യാസ ചാനലിലൂടെ സംപ്രേഷണത്തിന് അനുയോജ്യമായ വാര്‍ത്തകളും വിഭവങ്ങളും തയാറാക്കുന്നതിനും കുട്ടി റിപ്പോര്‍ട്ടര്‍മാരെ പരിശീലനത്തിലൂടെ പ്രാപ്തരാക്കി.
വാര്‍ത്ത കണ്ടെത്തല്‍, സ്‌ക്രിപ്റ്റ് രചന, കാമറയുടെ പ്രവര്‍ത്തനം, ഫോട്ടോഗ്രഫി, വീഡിയോ ഷൂട്ടിങ്, ഓഡിയോ റെക്കോര്‍ഡിങ്, ഓഡിയോ മിക്‌സിങ്, വീഡിയോ എഡിറ്റിങ്, ടൈറ്റിലിങ്ങ്, ആംഗറിങ് എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ പരിശീലനത്തിന്റെ ഭാഗമായിരുന്നു.
കുട്ടിറിപ്പോര്‍ട്ടര്‍മാര്‍ തയാറാക്കുന്ന വീഡിയോകള്‍ ഹൈടെക് സ്‌കൂളുകളിലെ ഡിജിറ്റല്‍ ശൃംഖലവഴി കേന്ദ്രീകൃത സെര്‍വറിലേക്ക് സ്‌കൂളുകള്‍ക്ക് അപ്‌ലോഡുചെയ്യാനും കൈറ്റ്-വിക്ടേഴ്‌സില്‍ സംപ്രേഷണം ചെയ്യാനും ജനുവരി 10 മുതല്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."