ദേവദത്തിന്റെ കൊലപാതകത്തില്‍ ഞെട്ടി നാട്
കൊട്ടാരക്കര: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകത്തില്‍ അക്ഷരാര്‍ഥത്തില്‍ നടുങ്ങിയ അവസ്ഥയിലാണ് ജില്ലയിലെ പാര്‍ട്ടി. ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ച് ക്രൂരമായി കൊലപ്പെടുത്തിയതാകട്ടെ പ്രദേശത്തെ മികച്ച പൊതുപ്രവര്‍ത്തകനെയായിരുന്നു. വ്യാജ മദ്യമാഫിയയില്‍പ്പെട്ട സുനിലാണ് കൊലപ്പെടുത്തിയതെന്നാണ് സി.പി.എമ്മിന്റെ ആരോപണം.
പ്രദേശത്തെ വ്യാജ മദ്യമാഫിയക്കെതിരേ സി.പി.എം നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ദേവദത്തന്‍ സജീവമായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദേവദത്തനെ സുനില്‍ ഇരുമ്പുവടികൊണ്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്കും വാരിയെല്ലിനും പരുക്കേറ്റ ദേവദത്തനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കഴിഞ്ഞ് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പും ഇയാള്‍ ദേവദത്തനുമായി വഴക്കുണ്ടാക്കിയെന്നാണ് വിവരം. കൃത്യം നടത്തിയ ശേഷം ഒളിവില്‍പോയ സുനിലിനെ പിടികൂടുന്നതിനായി ഊര്‍ജിത ശ്രമമാണ് പൊലിസ് നടത്തുന്നത്. ദേവദത്തന്റെ വീടിന് സമീപത്ത് തന്നെയാണ് സുനിലിന്റെ വീടും. പ്രദേശത്ത് വ്യാജമദ്യ ലോബി സജീവമാണെന്ന ആരോപണവും പരാതികളും നിരവധിയാണ്. ഇതില്‍ നാട്ടുകാര്‍ക്കും വലിയ രീതിയിലുള്ള എതിര്‍പ്പുണ്ടായിരുന്നു.
പലപ്പോഴും മദ്യ മാഫിയക്കെതിരേ പരസ്യമായി പൊലിസിന് പരാതി നല്‍കാന്‍ നാട്ടുകാര്‍ക്ക് ഭയമായിരുന്നു. ഒരു സമയം കഴിഞ്ഞാല്‍ ഈ പ്രദേശത്ത് ദൂരെ സ്ഥലങ്ങളില്‍നിന്നു പോലും ക്രിമിനല്‍ സംഘങ്ങര്‍ മദ്യം വാങ്ങാന്‍ ഉള്‍പ്പടെ എത്തുന്നതും പതിവായിരുന്നു. നിരവധി അബ്കാരി കേസുകളാണ് കൊലപാതകം നടത്തിയ സുനിലിന് എതിരെയുള്ളത്.
വ്യാജമദ്യ മാഫിയക്കെതിരേ നിരന്തരം നടപടി ഇല്ലാതായതോടെയാണ് നാട്ടുകാര്‍ തന്നെ പരാതിയുമായി സി.പി.എം പ്രാദേശിക നേതൃത്വത്തെ സമീപിച്ചത്. ഇതിന് പിന്നാലെ സംഘത്തിലെ പ്രധാനി കൂടിയായ സുനിലിനെ വിളിച്ച് ദേവദത്തും മറ്റു ചില നേതാക്കളും താക്കീത് നല്‍കുകയും ചെയ്തിരുന്നു. ഇത് പിന്നീട് ശത്രുതയായി മാറുകയും ചെയ്തു.
ഇതിന് പുറമെ മദ്യ മാഫിയക്കെതിരേ പല പ്രചാരണങ്ങളും പ്രവര്‍ത്തനങ്ങളും ദേവദത്തന്റെ നേതൃത്വത്തില്‍ നടത്തിയതും പ്രതികാരത്തിന് കാരണമായെന്നാണ് വിവരം. സുനിലിന് കോണ്‍ഗ്രസ് ബന്ധമുണ്ടെന്നാണ് സി.പി.എമ്മിന്റെ ആരോപണം. സി.പി.എം നേതൃത്വത്തില്‍ ഭരണം നടക്കുന്ന പവിത്രേശ്വരം സര്‍വിസ് സഹകരണ ബാങ്കില്‍ ഇന്നു തെരഞ്ഞെടുപ്പ് നടക്കാനിരിക്കവേയാണ് കൊലപാതകം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."