പുതുവത്സരാഘോഷത്തിന് സുരക്ഷയുമായി സിറ്റി പൊലിസ്
കൊല്ലം: പുതുവത്സര ആഘോഷങ്ങള്‍ ലഹരിയില്‍ മുങ്ങാതിരിക്കാനും റോഡുകളില്‍ ചോരവീഴാതെ അപകടരഹിതമാക്കാനും സിറ്റി പൊലിസ് രംഗത്ത്. അപകട രഹിത-അക്രമരഹിത പുതുവര്‍ഷം എന്ന ലക്ഷ്യത്തിനായി ജില്ലയിലെ മുഴുവന്‍ പൊലിസുദ്ദ്യോഗസ്ഥരേയും സായുധ പൊലിസിനേയും ഏകോപിപ്പിച്ച് ജില്ലാ പൊലിസ് മേധാവി പി.കെ മധുവിന്റെ നേതൃത്വത്തില്‍ കുറ്റമറ്റ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലയിലെ അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ വ്യാപനം തടയുന്നതിന് പ്രത്യേക പൊലിസ് സംഘം നിരന്തര പരിശോധനകള്‍ നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ജില്ലയിലെ റോഡുകള്‍ കേന്ദ്രീകരിച്ച് മദ്യപിച്ച് വാഹനം ഓടിക്കുക, അപകടകരമായി വാഹനം ഓടിക്കുക, തിരക്കുളള സ്ഥലങ്ങളില്‍ ഗതാഗത തടസമുണ്ടാക്കുന്ന തരത്തില്‍ വാഹന പാര്‍ക്കിങ് നടത്തുക, തുടങ്ങിയ ഗതാഗത നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ മോട്ടോര്‍വാഹന വകുപ്പുമായി ചേര്‍ന്ന് ലൈസന്‍സ് റദ്ദാക്കലടക്കമുളള കര്‍ശന നടപടികള്‍ കൈക്കൊള്ളും.
ദേശീയപാതകളില്‍ അഞ്ചു കിലോമീറ്റര്‍ ഇടവേളകളില്‍ വിന്യസിച്ചിരിക്കുന്ന ജില്ലാ പൊലിസ് മേധാവിയുടെ പ്രത്യേക പട്രോളിങ് സംഘങ്ങള്‍, ഒരോ പൊലിസ് സ്റ്റേഷനും കേന്ദ്രീകരിച്ചുളള നാല് അധിക പട്രോളിങ് സംഘങ്ങള്‍, കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ എന്നിവ ഉപയോഗിച്ച് പുതുവത്സര തലേന്ന് മുതല്‍ കര്‍ശന വാഹന പരിശോധന നടത്തും. അലക്ഷ്യമായും അമിത വേഗതയിലും ഓടിക്കുന്ന വാഹനങ്ങള്‍ അപകട സാധ്യത കണക്കിലെടുത്ത് പിടിച്ചെടുക്കും. പൊതുസ്ഥലങ്ങളില്‍ മദ്യപിച്ച് ക്രമരഹിതമായി പെരുമാറുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കും. രാത്രികാലങ്ങളിലും പകല്‍ സമയത്തും പ്രധാന റോഡുകള്‍, ബീച്ചുകള്‍, ഷോപ്പിങ് മാളുകള്‍, സിനിമാ തിയറ്ററുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ച് പൊലിസിന്റെയും നിഴല്‍ പൊലിസിന്റെയും ശക്തമായ പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വനിത പൊലിസ്, പിങ്ക് ബീറ്റ് എന്നിവയുടെ മഫ്തിയിലും അല്ലാതെയുമുളള പ്രത്യേക പട്രോളിങ് സംഘങ്ങളെയും സജ്ജമാക്കിയിട്ടുണ്ട്. നഗരത്തിലും ദേശീയ-സംസ്ഥാന പാതകളിലും മറ്റു പ്രധാന റോഡുകളിലും ഒരു കിലോമീറ്ററില്‍ ഒരു പൊലിസ് വാഹനം എന്ന തരത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. ജില്ലയിലെ പ്രധാന സ്ഥലങ്ങളില്‍ ക്രമസമാധാന പാലനത്തിലും ഗതാഗത നിയന്ത്രണത്തിനും സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ച് ജില്ലാ പൊലിസ് കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
ഇതിനായി ദേശീയ സംസ്ഥാന പാതകളിലും നഗര ഹൃദയത്തിലും സ്ഥിരമായി സ്ഥാപിച്ചിട്ടുളള കാമറകള്‍ കൂടാതെ തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ കൂടുതല്‍ കാമറകള്‍ നിരീക്ഷണത്തിനായി സ്ഥാപിച്ച് കഴിഞ്ഞു.
സ്റ്റേഷന്‍ അതിര്‍ത്തികളിലെ ആഘോഷ പരിപാടികളില്‍ ഓരോന്നിലും പൊലിസിന്റെ സജീവ ശ്രദ്ധയുണ്ടായിരിക്കുന്നതുമാണ്. ആഘോഷങ്ങള്‍ പൊതുസമാധാന ലംഘനം ഉണ്ടാക്കിയാല്‍ ഉത്തരവാദികള്‍ക്കെതിരേ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. കൂടാതെ നിഴല്‍ പൊലിസിന്റെ കൂടുതല്‍ സംഘങ്ങളെ വിവിധ സ്ഥലങ്ങളിലായി വിന്യസിച്ച് നിരീക്ഷണം നടത്തും. പൊതുജനങ്ങള്‍ക്ക് ക്രമസമാധാന-ഗതാഗത ലംഘനങ്ങളെയും ലഹരി ഉപയോഗത്തെ കുറിച്ചുമുളള വിവരങ്ങള്‍ 1090, 100, 0474-2764422 എന്നീ നമ്പരുകളില്‍ അറിയിക്കാം. പൊലിസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങളില്‍ പൊതുജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്ന് ജില്ലാ പൊലിസ് മേധാവി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."