പരാധീനതകളില്‍ വീര്‍പ്പുമുട്ടി കോട്ടമൈതാനം
പാലക്കാട്: പതിറ്റാണ്ടുകളായി കോട്ടമൈതാനത്ത് സ്വാതന്ത്യദിനത്തിന് പതാക ഉയര്‍ത്തി സ്വാതന്ത്യദിനമാഘോഷിക്കാമ്പോള്‍ വലിയ കോട്ടമൈതാനത്തിനും ചെറിയ കോട്ടമൈതാനത്തിനും പരാധീനതകളില്‍ നിന്നും സ്വാതന്ത്ര്യം ലഭിച്ചില്ല. തകര്‍ന്നടിഞ്ഞ റോഡുകളും, മഴപെയ്താല്‍ ചെളികുളമാവുന്ന മൈതാനങ്ങളും സന്ധ്യമയങ്ങിയാല്‍ അന്ധകാരത്തിലുമാണ്.
ഇവിടെ രാപകലന്യേ മദ്യപരുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമാണ്. ഇരുട്ടിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളും മദ്യപാനവും ലഹരിവില്‍പനയും തകൃതിയാണ്. കാലപ്പഴക്കത്താല്‍ രക്തസാക്ഷിമണ്ഡപം ശാപമോക്ഷം തേടുകയാണ്. മൈതാനത്തിനകത്തെ ജലധാര കൊതുകുവളര്‍ത്തല്‍ കേന്ദ്രമായി. പകല്‍ സമയത്ത് കച്ചവടക്കാരുടെ കേന്ദ്രമാണെങ്കിലും സന്ധ്യമയങ്ങിയാല്‍ സ്ഥിതിഗതികള്‍ മാറും.
ഇരുട്ടിന്റെ മറവില്‍ ജോലികഴിഞ്ഞു വരുന്നവരെ പിടിച്ചു പറിക്കാന്‍ കാക്കുന്ന സംഘങ്ങളും ഇവിടെ സ്ഥിരമാണ്.
രാത്രികാലങ്ങളില്‍ പൊലിസ് പരിശോധന ഇല്ലാത്തതാണ് എല്ലാത്തിനും കാരണം. ജിജി തോംസണ്‍ കലക്ടറായിരുന്ന കാലത്ത് സ്ഥാപിച്ച രക്തസാക്ഷി മണ്ഡപവും ജലധാരയും പിന്നീട് ഭരണകൂടമോ ബന്ധപ്പെട്ടവരോ തിരിഞ്ഞു നോക്കിയില്ല.
സമ്മേളനങ്ങളും പൊതുപരിപാടികളുമൊക്കെ നടത്തി ലക്ഷങ്ങള്‍ തറ വാടക വാങ്ങുന്ന മൈതാനത്തിന്റെ ശോച്യാവസ്ഥ നേരെ പലരും മുഖം തിരിക്കുകയാണ്. മഴപെയ്താല്‍ ടെന്നീസ് കോര്‍ട്ടും ക്രിക്കറ്റ് സ്റ്റേഡിയവുമെല്ലാം ചെളികുളമായി മാറും.
നഗര സൗന്ദര്യവല്‍ക്കരണത്തിനും നഗരസഭയും വാര്‍ഷികത്തിനും കോടികള്‍ തുലച്ച ഭരണകൂടം ചരിത്രസ്മാരകം നില കൊള്ളുന്ന മൈതാനത്തിന്റെ അവസ്ഥക്കു നേരെ മുഖം തിരിച്ചു.
അടുത്തിടെ മൈതാനത്തെ കാലപ്പഴക്കമുള്ള കരിങ്കല്ലില്‍ തീര്‍ത്ത ചുറ്റുമതില്‍ നവീകരണത്തിന്റെ പേരില്‍ പൊളിച്ചു മാറ്റി എന്നാല്‍ പൊളിച്ച കല്ലുകള്‍ എന്തുചെയ്‌തെന്നോ പുതിയ മതിലുകള്‍ എന്നു നിര്‍മാണം പൂര്‍ത്തിയാവുമെന്നോ എന്നതെല്ലാം ഉത്തരമില്ലാത്ത ചോദ്യമാണ്.
കഴിഞ്ഞദിവസം നഗരത്തിലെ ഗതാഗതക്കുരുക്കൊഴിവാക്കാനും അനധികൃത പാര്‍ക്കിങ്ങില്ലാതാക്കാനുമായ മൈതാനത്തിനകത്ത് നഗരസഭ പാര്‍ക്കിങ് സംവിധാനമൊരുക്കാന്‍ പദ്ധതിയിട്ടില്ലെങ്കിലും എല്ലാം കണ്ടറിയണം.
കാലങ്ങളായ തകര്‍ന്നടിഞ്ഞമൈതാനം നേരാക്കാനോ തെരുവുവിളക്കുകള്‍ സ്ഥാപിച്ച് സാമൂഹ്യവിരുദ്ധ ശല്യമൊഴിവാക്കാനോ മാറിമാറിവരുന്ന ഭരണകൂടം തയ്യാറാവാത്തിടത്തോളം നൂറ്റാണ്ടുകള്‍ പഴക്കമുള്ള മൈതാനത്തിന് കാലമേറെ കഴിഞ്ഞാലും ശാപമോക്ഷം ലഭിക്കില്ല.
സ്വാതന്ത്രദിനത്തിന് റിപ്പബ്ലിക് ദിനത്തിനുമൊക്കെ കൊടിയുയര്‍ത്തിയും പരേഡുകള്‍ നടത്തിയും മന്ത്രിയടക്കമുള്ളവര്‍ പങ്കെടുക്കാനും ആഘോഷപരിപാടികള്‍ക്ക് മൈതാനം വേദിയാവുമ്പോള്‍ കാലങ്ങളായി തകര്‍ന്ന മൈതാനത്തിന്റെ ദുരവസ്ഥകളില്‍ നിന്നും ചെറിയ കോട്ടമൈതാനത്തിനും വലിയകോട്ട മൈതാനത്തിനും എപ്പോള്‍ സ്വാതന്ത്യം ലഭിക്കണമെന്നത് ഒന്നരനൂറ്റാണ്ടുകള്‍ പഴക്കമുള്ള നഗരസഭയിലെത്തുന്നവര്‍ക്ക് മുന്നില്‍ ഇനിയും ഉത്തരമില്ലാത്ത ചോദ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."