തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ സൗജന്യ ഡയാലിസിസ് സ്വപ്‌നം മാത്രം
തളിപ്പറമ്പ് : തളിപ്പറമ്പ് താലൂക്കാശുപത്രിയില്‍ സര്‍ക്കാര്‍ ഫണ്ടും ആവശ്യമായ മെഷീനുകളും ലഭിച്ചിട്ടും സൗജന്യ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയില്ല. താലൂക്ക് ആശുപത്രികളില്‍ സൗജന്യ ഡയാലിസിസ് സെന്റര്‍ ആരംഭിക്കുവാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് തളിപ്പറമ്പ് താലൂക്കാശുപത്രിയിലും ഇതിനുള്ള ഫണ്ടും മെഷിനുകളും രണ്ടു വര്‍ഷം മുമ്പ് അനുവദിച്ചത്.
പറ്റിയ കെട്ടിടമില്ലെന്ന കാരണം പറഞ്ഞാണ് സെന്റര്‍ ആരംഭിക്കാതിരുന്നത്. പിന്നീട് തളിപ്പറമ്പ് താലൂക്കാശുപത്രിയില്‍ രോഗികളുടെ കൂട്ടിരുപ്പുകാര്‍ക്കായി 2008ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ 'സത്രം' എന്ന പേരിലുള്ള കെട്ടിടം ഡയാലിസിസ് സെന്റര്‍ തുടങ്ങാന്‍ അനുയോജ്യമാണെന്ന് ആശുപത്രി വികസന സമിതി കണ്ടെത്തുകയും അവിടെ വാടകക്ക് പ്രവര്‍ത്തിച്ചിരുന്ന സി.മെറ്റ് നഴ്‌സിങ് കോളജ് അടിയന്തിരമായി ഒഴിപ്പിച്ച് ഡയാലിസിസ് സെന്റര്‍ ആരംഭിക്കുവാനും വികസന സമിതി തീരുമാനിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം കോളജ് ഇവിടെ നിന്നും മാറ്റിയെങ്കിലും ഡയാലിസിസ് സെന്റര്‍ ഇതുവരെ ഈ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ഇവിടേക്ക് രോഗികളെയും കൊണ്ട് വാഹനങ്ങള്‍ക്ക് എത്തിച്ചേരുവാനുള്ള സൗകര്യവുമില്ല. കഴിഞ്ഞ ഒരു വര്‍ഷമായി അടച്ചിട്ടിരുന്ന കെട്ടിടം കാടുകയറിയ നിലയിലാണ്. നൂറുകണക്കിന് നിര്‍ധന വൃക്ക രോഗികള്‍ ഡയാലിസിസ് ചെയ്യുന്നതിനായി സര്‍ക്കാരിന്റെ കനിവ് കാത്തു നില്‍ക്കുമ്പോഴും, ഒരേ സമയം അഞ്ച് പേര്‍ക്ക് ഡയാലിസിസ് ചെയ്യാന്‍ സൗകര്യമുള്ള ഡയാലിസിസ് കേന്ദ്രം അധികൃതരുടെ അനാസ്ഥയെത്തുടര്‍ന്ന് ആരംഭിക്കാന്‍ വൈകുകയാണ്. എത്രയും പെട്ടെന്ന് ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."