ഗുരുവായൂര്‍ നഗരസഭ ഓഫിസിലെ സംഘര്‍ഷം: ബഷീര്‍ പൂക്കോട്ടിന് പരുക്ക്
ഗുരുവായൂര്‍ : ഗുരുവായൂര്‍ നഗരസഭ ആഫീസിലെ സംഘര്‍ഷത്തില്‍ പൊലിസ് ബലപ്രയോഗത്തില്‍ പ്രതിപക്ഷ കൗണ്‍സിലര്‍ ബഷീര്‍ പൂക്കൊടിന് പരുക്കേറ്റു . ബൈ പാസ് സര്‍ജറി കഴിഞ്ഞിട്ടുള്ള ബഷീറിനെ കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് ചാവക്കാട് ഹയാത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . വനിതാ കൗണ്‍സിലര്‍മാര്‍ അടക്കമുള്ളവരെ പൊലിസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു . ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അടച്ച് പൂട്ടിയ തൈക്കാട്ടെ വിദേശമദ്യ വില്‍പനശാല നഗരസഭ സീല്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. ആരോഗ്യ വിഭാഗം ഓഫീസില്‍ ഇരിക്കുന്ന സമയത്താണ് സെക്രട്ടറിയെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഉപരോധിച്ചത് . അടച്ചു പൂട്ടിയ ചൊവ്വല്ലൂര്‍ പടി മത്സ്യമാംസ മാര്‍ക്കറ്റ് നഗരസഭ സീല്‍ ചെയ്‌തെങ്കിലും ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അടച്ചു പൂട്ടിയ മദ്യ വില്‍പനശാല സീല്‍ ചെയ്യാന്‍ തയ്യാറല്ലെന്ന് പ്രതിപക്ഷം ആരോപിച്ചു . നഗരസഭ ചെയര്‍മാന്‍ പ്രൊഫ.പി.കെ ശാന്തകുമാരി പൊലിസിനെ വിളിച്ചതനുസരിച്ച് പൊലിസ് എത്തി വനിതാ കൗണ്‍സിലര്‍മാര്‍ അടക്കമുള്ള സമരക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു . ഇതിനിടയിലാണ് ബഷീര്‍ പൂക്കൊടിനു പരുക്കേറ്റത് . പ്രതിപക്ഷ നേതാവ് ആന്റോ തോമസ് ,കുന്നിക്കല്‍ റഷീദ് , ബാബു ആളൂര്‍ , വിനോദ്, വനിതാ കൗണ്‍സിലര്‍മാരായ സുഷ ബാബു ,ശോഭ ഹരിനാരായണന്‍ ,ശൈലജ ദേവനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത് . താന്‍ ഹൃദ്രോഗിയാണെന്ന് പറഞ്ഞിട്ടും പൊലിസ് ഓപ്പറേഷന്‍ ചെയ്ത സ്ഥലത്ത് തന്നെ ബല പ്രയോഗം നടത്തി എന്ന് ബഷീര്‍ പൂക്കോട് ആരോപിച്ചു. ഗുരുവായൂര്‍ അസിസ്റ്റന്റ് പൊലിസ് കമ്മീഷണര്‍ പി.എസ് ശിവദാസ്, ടെമ്പിള്‍ സ്റ്റേഷന്‍ സി.ഐ സുനിദാസിന്റെ നേതൃത്വത്തിലുള്ള വന്‍ പൊലിസ് സംഘമാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പ്രതിഷേധിച്ച് സമരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി . എ.ജെ സ്റ്റീഫന്‍ ,കെ.ആര്‍ ചന്ദ്രന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."