മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്: അന്വേഷണം ക്രൈം ബ്രാഞ്ചിന്
പയ്യന്നൂര്‍: കരിവെള്ളൂര്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് കോഓപ്പറേറ്റിവ് സൊസൈറ്റിയില്‍ മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്തിയ കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കുന്നതിനുള്ള റിപ്പോര്‍ട്ട് പയ്യന്നൂര്‍ സി.ഐ ജില്ലാ പൊലിസ് മേധാവിക്ക് കൈമാറി. കേസന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ സംഘം കഴിഞ്ഞ ദിവസം സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചവരുടെയും വായ്പയെടുത്തവരുടെയും മൊഴിയെടുത്തിരുന്നു. വായ്പയടച്ച് പണയമെടുത്തവരുടെ പേരിലും അവരറിയാതെ പുതിയ വായ്പകളെടുത്തതായും അന്വേഷണ സംഘം കണ്ടെത്തി. കൂടാതെ വായ്പയെടുക്കുന്നതിനായി പണയംവച്ച സ്വര്‍ണം ഉടമകളറിയാതെ മാറ്റി മുക്കുപണ്ടം വെക്കുകയും ഈ സ്വര്‍ണം ജില്ലാ ബാങ്കിലുള്‍പ്പടെ പണയം വച്ച് പണം കൈപ്പറ്റിയതായും പൊലിസ് കണ്ടെത്തിയിരുന്നു. സൊസൈറ്റിയുടെ സെക്രട്ടറി കെ.വി പ്രദീപും സുഹൃത്തുക്കളായ കെ. പ്രശാന്തും രമേശനുമടങ്ങുന്ന മൂന്നംഗ സംഘമാണ് പണം വെട്ടിപ്പ് നടത്തിയതിന് പിന്നിലെന്നും പൊലിസ് കണ്ടെത്തിയിരുന്നു.
യുവാവിനെ വെട്ടികൊല്ലാന്‍ ശ്രമം: അധ്യാപകന്‍ അറസ്റ്റില്‍
ശ്രീകണ്ഠാപുരം: പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തില്‍ അയല്‍വാസിയെ വെട്ടിപരുക്കേല്‍പിച്ച അധ്യാപകന്‍ അറസ്റ്റില്‍. കാഞ്ഞിരക്കൊല്ലിയിലെ കുരിശും മുട്ടില്‍ ബൈജു (35) വിനെയാണ് അയല്‍വാസിയും അധ്യാപകനുമായ വടക്കേല്‍ ജോയി പീറ്റര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതര പരുക്കുകളോടെ ബൈജുവിനെ മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ പയ്യാവൂര്‍ എസ്.ഐ പി. ഉഷാദേവിയും സംഘവും അറസ്റ്റുചെയ്തു. ബൈജുവും ജോയി പീറ്ററും തമ്മില്‍ ഏറെക്കാലമായുള്ള അതിര്‍ത്തി തര്‍ക്കം നിലവിലുണ്ട്. ഇതാണ് കൊലപാത ശ്രമത്തില്‍ കലാശിച്ചതെന്ന് പൊലിസ് അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ഇരുവരും തര്‍ക്കത്തിനിടെ ജോയ് വാക്കത്തിയുമായെത്തി ബൈജുവിന്റെ കഴുത്തിന് വെട്ടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."