അനധികൃത പാര്‍ക്കിങ് തടയാന്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു
തളിപ്പറമ്പ്: അനധികൃത പാര്‍ക്കിങ് കൊണ്ട് പൊറുതിമുട്ടിയ തളിപ്പറമ്പ് താലൂക്ക് ഓഫിസ് വളപ്പില്‍ പ്രത്യേക ബാരിക്കേഡുകള്‍ സ്ഥാപിച്ചു. വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിന് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. താലൂക്ക് ഓഫിസ് ജീവനക്കാരുടെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിന് സ്ഥലം വേര്‍തിരിച്ച് സ്പോണ്‍സര്‍മാരെ കണ്ടെത്തിയാണ് പ്രത്യേക ബാരിക്കേഡുകള്‍ സ്ഥാപിച്ചത്. തളിപ്പറമ്പ് ഗോള്‍ഡന്‍ ഡ്രീംസ് ജേസീസാണ് ബാരിക്കേഡുകള്‍ സംഭാവന ചെയ്തത്. ഇന്നലെയാണ് ബാരിക്കേഡിന്റെ പണി പൂര്‍ത്തിയായത്. രാവിലെ മുതല്‍ നിര്‍ത്തിയിടുന്ന സ്വകാര്യ വാഹനങ്ങള്‍ രാത്രിവരെ പാര്‍ക്കിങ് തുടരുന്നത് കാരണം സര്‍ക്കാര്‍ വാഹനങ്ങള്‍ പോലും പുറത്തു നിര്‍ത്തിയിടേണ്ട അവസ്ഥ വന്നിരുന്നു. ജില്ലാ കളക്ടറുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വൈകുന്നേരം ആറോടെ അടച്ചിടുന്ന ഗേറ്റ് പിറ്റേന്ന് രാവിലെ ഒന്‍പതിന് മാത്രമേ തുറക്കുകയുള്ളുവെന്ന് തളിപ്പറമ്പ് തഹസില്‍ദാര്‍ എം. മുരളി അറിയിച്ചു. തളിപ്പറമ്പ് താലൂക്ക് ഓഫിസ് വളപ്പില്‍ തന്നെയുളള മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പതിനഞ്ചോളം സ്ഥാപനങ്ങളിലേക്കു വരുന്നവരുടെ വാഹനങ്ങളും ഇവിടെ തന്നെയാണ് നിര്‍ത്തിയിടുന്നത്. വാഹനങ്ങളുടെ ബാഹുല്യം കാരണം പല അത്യാവശ്യ ഘട്ടങ്ങളിലും തഹസില്‍ദാരുടെ വാഹനം പുറത്തെടുക്കാന്‍ കഴിയാതെ വിഷമിക്കാറുണ്ട്. ബാരിക്കേഡുകള്‍ സ്ഥാപിച്ചതോടെ ഇതിനു പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് താലൂക്ക് ഓഫിസ് അധികാരികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."