മന്ത്രി ജലീലിനെ മുക്കാല്‍ മണിക്കൂറോളം തടഞ്ഞിട്ടു; കരിങ്കൊടിയും ചീമുട്ടയേറും
പുത്തനത്താണി: മന്ത്രി ഡോ. കെ.ടി ജലീലിലിനെ കല്പകഞ്ചേരിക്കടുത്ത ചെറുവന്നൂര് ജി.എല്‍.പി സ്കൂള്‍ കവാടത്തില്‍ മുക്കാല്‍ മണിക്കൂറോളം മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞിട്ടു. പിന്നാലെ കരിങ്കൊടിയും ചീമുട്ടയേറും.
കല്പകഞ്ചേരിക്കടുത്ത ചെറവന്നൂര്‍ ജി.എല്‍.പി സ്കൂള്‍ ഹൈടെക് ആക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായി നടന്ന കെട്ടിടത്തിന്റെ തറക്കല്ലിടലിന് എത്തിയതായിരുന്നു മന്ത്രി. കവാടത്തില്‍ പ്രതിരോധം തീര്‍ത്ത മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരെ സ്ഥലത്തെത്തിയ പൊലിസിനു നീക്കാനായില്ല. ഇതിനിടയില്‍ മന്ത്രിക്കെതിരേ കരിങ്കൊടിയും ചീമുട്ടയേറും നടന്നു.
ഒടുവില്‍ ക്ഷുഭിതനായ മന്ത്രി യൂത്ത് ലീഗ് പ്രവര്‍ത്തകരുമായി വാക്കേറ്റത്തിനു ശ്രമിച്ചു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മന്ത്രിയെ സംരക്ഷിക്കാനെത്തിയപ്പോള്‍ സ്ഥിതിഗതികള്‍ സംഘര്‍ഷത്തിലേക്കു നീങ്ങി. ഇതോടെ കൂടുതല്‍ പൊലിസെത്തി മന്ത്രിയെ സുരക്ഷിതമായി വേദിയിലെത്തിച്ചു. സി. മമ്മൂട്ടി എം.എല്‍.എയുടെ ശുപാര്‍ശ പ്രകാരം ഒരു കോടി 63 ലക്ഷം രൂപ ചെലവില്‍ ചെറവന്നൂര്‍ ജി.എല്‍.പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് മന്ത്രി നിര്‍വഹിച്ചു.
എം.എല്‍.എയെ പരിപാടിയില്‍ പങ്കെടുപ്പിക്കാത്തതാണ് വലിയ പ്രതിഷേധത്തിനിടയാക്കിയത്. മന്ത്രിയുടെ കര്‍ശനമായ നിര്‍ദേശത്തിലാണ് എം.എല്‍.എയെ പരിപാടിയില്‍നിന്നു മാറ്റിയതെന്നു മുസ്ലിം ലീഗ് ആരോപിച്ചു. പരിപാടി കഴിഞ്ഞ മന്ത്രിയെ സുരക്ഷാ ഭീഷണി മൂലം പൊലിസ്, സി.പി.എം വലയത്തിലാക്കി ഒരു കിലോമീറ്ററോളം കാല്‍നടയായി കടുങ്ങാത്ത്കുണ്ട് അങ്ങാടിയിലെത്തിച്ച് കാറില്കയറ്റിയാണ് പൊലിസ് രക്ഷപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."