HOME
DETAILS

ഗെഥേയുടെ ശകുന്തള ഷില്ലറുടെ തലയോട്ടി

  
backup
December 30 2018 | 05:12 AM

getheyude56498564565626

 

ഡോ. ബി. ഇഫ്തിഖാര്‍ അഹമ്മദ്#

ങ്ക്ഫര്‍ട്ട് പട്ടണത്തില്‍നിന്ന് ഒരല്‍പം മാറി, തിരക്കു കുറഞ്ഞൊരു തെരുവില്‍, ഇടുങ്ങിയ റോഡരികിലായി ഗോഥിക് വാസ്തുവിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗിച്ചു കെട്ടിപ്പടുത്തൊരു വീട്.. പഴമയുടെ യാതൊരു സൗന്ദര്യത്തെയും അനാവശ്യമായി സ്പര്‍ശിച്ചു വികലമാക്കിയിട്ടില്ല, ആരും. ലോക സാഹിത്യത്തറവാട്ടിലെ കാരണവന്മാരിലൊരാളായ ഗെഥേയുടെ പണിപ്പുര! ജര്‍മനിയിലെ ജോണ്‍ ഗുട്ടന്‍ബര്‍ഗ് സര്‍വകലാശാലയില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ ഗവേഷണ പ്രബന്ധം അവതരിപ്പിക്കാന്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ വന്നപ്പോഴാണ് ഗെഥേയുടെ വീട് സന്ദര്‍ശിക്കാനുള്ള അപൂര്‍വാവസരം സിദ്ധിച്ചത്.
മുന്‍പ്, തറവാട്ടിലെ വെളിച്ചം കുറഞ്ഞ മുറിയുടെ ജനാലയ്ക്കടുത്തിരുന്ന് ഗെഥേയുടെ ദുരന്ത നാടകമായ 'ഫൗസ്റ്റ് ' വായിച്ച്, ജര്‍മന്‍ ഫോക്‌ലോറിലെ ദുഷ്ടപ്പിശാചായ മെഫിസ്റ്റോഫിലീസിനെ പ്രീതിപ്പെടുത്തി, സുന്ദരികളെ സ്വന്തമാക്കാനുള്ള കുറുക്കുവഴികള്‍ അന്വേഷിച്ചു ചിന്തകളുടെ കെട്ടുകള്‍ പൊട്ടിച്ചിട്ടുണ്ട്. വരംനല്‍കാനാകാത്ത ദൈവത്തെയും വീട്ടുകാരെയും പഴിച്ചിട്ടുമുണ്ട്. ഇന്നിതാ ആ ഇതിഹാസത്തെ അക്ഷരങ്ങളിലൂടെ ജീവന്‍വയ്പ്പിച്ച മഹാപ്രതിഭയുടെ തിരുശേഷിപ്പുകള്‍ക്കു തൊട്ടരികില്‍ നേരിട്ടെത്തിയിരിക്കുന്നു!
വെളുപ്പിനു നാലരയ്ക്കു സൂര്യനുദിച്ചുവെങ്കിലും പത്തു മണിയായിട്ടും ഇവിടത്തുകാര്‍ക്കു 'നേരം വെളുത്ത' മട്ടില്ല. വൈകിയവസാനിച്ച കഴിഞ്ഞ രാത്രിയുടെ 'ഹാങ് ഓവര്‍' വിട്ടുമാറാത്ത, ഉറക്കച്ചടവില്‍ തന്നെയാണ് ഇപ്പോഴും തെരുവുകള്‍. തിടുക്കത്തില്‍ സൈക്കിളിലും മറ്റും പോകുന്ന അപൂര്‍വം ചിലര്‍, ഓഫിസുകളിലേക്കോ പഠനകേന്ദ്രങ്ങളിലേക്കോ എത്തിപ്പെടാനുള്ള തത്രപ്പാടുകാരാണെന്ന് ഊഹിച്ചു.
വസന്തം പടിവാതില്‍ക്കലെത്തിയിട്ടും തണുപ്പ് വിട്ടുമാറിയിട്ടില്ല. സ്ഥലമറിയാതെ അങ്കലാപ്പിലായിരിക്കെ കണ്ടുമുട്ടിയ, മുറി ഇംഗ്ലീഷ് മാത്രമറിയാവുന്ന വഴിപോക്കരിലൊരാള്‍, 'ഗൂതേസ് ഹൂസ് ' എന്ന് ജര്‍മന്‍ ഭാഷയില്‍ പറഞ്ഞ് ഒരു ഗേറ്റ് ചൂണ്ടിക്കാണിച്ച് അപ്രത്യക്ഷനായി. പാതി തുറന്ന ഗേറ്റിനുമുന്‍പില്‍ നാലഞ്ചുപേര്‍ മാത്രം. ബ്രിട്ടീഷുകാരിയാണെന്നു കാഴ്ചയില്‍ തോന്നിച്ച അതിലൊരാള്‍- ഒരു കൗമാരക്കാരി പെണ്‍കുട്ടി- പ്രവേശന കവാടത്തില്‍ പതിച്ച എന്തൊക്കെയോ വായിച്ചു കുറിച്ചെടുക്കുന്നതു കണ്ടു. ചരിത്രവിദ്യാര്‍ഥിനിയായ അവളാണു പറഞ്ഞത്, 'ഗെഥേയുടെ വീടിന്റെ ഒരു ഭാഗം മാത്രമേ മ്യൂസിയമാക്കി മാറ്റിയിട്ടുള്ളൂ. അതു മാത്രമേ സന്ദര്‍ശിക്കാനും അനുവാദമുള്ളൂ. മറ്റു ഭാഗങ്ങളില്‍ സന്ദര്‍ശകര്‍ക്കു പ്രവേശനമില്ല..' എന്ന്.
ജര്‍മന്‍ സാഹിത്യത്തില്‍ മാത്രമല്ല, ലോകസാഹിത്യത്തില്‍ തന്നെ ഒരു ഇതിഹാസമാണ് കവിയും എഴുത്തുകാരനും തത്വജ്ഞാനിയും നയതന്ത്ര പ്രതിനിധിയുമൊക്കെയായ ഗെഥേ എന്ന ജൊഹാന്‍ വോള്‍ഫ്ഗാങ് ഫൊന്‍ ഗെഥേ. ജര്‍മന്‍ പട്ടണമായ ഫ്രാങ്ക്ഫര്‍ട്ട് എല്ലാ അര്‍ഥത്തിലും 'നിശബ്ദതയുടെ നഗര'മാണ്; ചിലപ്പോള്‍ നിഗൂഢതയുടെയും. തെരുവുകളില്‍ ഒരിക്കലും തിരക്കൊഴിയാറില്ല. പക്ഷെ നമ്മുടേതു കണക്കെയുള്ള യാതൊരു ഒച്ചയോ ബഹളമോ ഉണ്ടാവാറില്ല. കാലത്ത് പതിനൊന്നു മണിയാകുന്നതോടുകൂടി തുടങ്ങി രാത്രി ഒന്‍പതരയ്ക്ക് അസ്തമിക്കുന്നതുവരെ റോഡുകളില്‍ ഒഴുകിനടക്കുന്ന മനുഷ്യരും കാറുകളും ട്രാമുകളും ഈ തിരക്കിലും നിശബ്ദതയുടെയും നിഗൂഢതയുടെയും സംഗീതം ആസ്വദിക്കുന്നു. ഫ്രാങ്ക്ഫര്‍ട്ട് പട്ടണത്തില്‍നിന്ന് ഏതാനും മൈലുകള്‍ മാത്രമേ ഗെഥേയുടെ വീട്ടിലേക്കുള്ളൂ.
സന്ദര്‍ശകരെ നിരീക്ഷിച്ചുകൊണ്ട്, ഗൗരവമാര്‍ന്ന മുഖഭാവത്തോടെ ചുമരില്‍ പതിച്ച ഗെഥേയുടെ ഒരര്‍ധകായ പ്രതിമയാണു വീടിനകത്തു പ്രവേശിക്കുമ്പോള്‍ ആദ്യം ശ്രദ്ധയില്‍പെട്ടത്. ജര്‍മന്‍ ഭാഷയില്‍ ഏതാനും ചില വചനങ്ങള്‍ അതിനു ചുവട്ടിലായി കോറിയിട്ടിട്ടുണ്ട്. ആദ്യം കയറിച്ചെല്ലുന്ന മുറി ഒരു ഇന്‍ഫര്‍മേഷന്‍ സെന്ററെന്നോ ഓഫിസെന്നോ പറയക്കത്തക്ക രീതിയില്‍ മാറ്റിയെടുത്തിരിക്കുന്നു. ഉരച്ചു മിനുസപ്പെടുത്തിയ കരിങ്കല്‍ ചുമരും പോളിഷ് ചെയ്ത മരപ്പലകകളുമാണ് ഗോഥിക് കെട്ടിടങ്ങളുടെ അകത്തളങ്ങളുടെ പ്രധാന സവിശേഷത.
ഇംഗ്ലീഷടക്കം വിവിധ ഭാഷകളില്‍ പരിഭാഷപ്പെടുത്തിയ ഗെഥേയുടെ ഒട്ടുമിക്ക രചനകളും ഭംഗിയായി അടുക്കിവച്ചിരിക്കുന്നു. ആവശ്യക്കാര്‍ക്ക് പണമോ ക്രെഡിറ്റ് കാര്‍ഡോ കൊടുത്ത് ആവശ്യമുള്ളതു വാങ്ങാന്‍ സൗകര്യമുണ്ട്. ഓരോന്നിനും എത്ര യൂറോ വിലയുണ്ടെന്ന് എഴുതി പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. ഇംഗ്ലീഷിലും ജര്‍മനിലും പ്രിന്റ് ചെയ്ത 'ഫൗസ്റ്റും' 'ചെറുക്കന്‍ വെര്‍തറുടെ ദുഃഖങ്ങളും' 'പ്രൊമിത്യൂസും' 'വില്‍ഹെം മെയ്സ്റ്ററുടെ അപ്രന്റീസും' കൈവിരലുകള്‍ കൊണ്ട് തൊട്ടുതഴുകി.
''യു വാണാ ബൈ എനിതിങ്, യങ്മാന്‍?'' ചിന്തകളെ ഉണര്‍ത്തിയത്, പിറകില്‍നിന്നു ചുമലില്‍ തൊട്ട, നേരത്തെ പരിചയപ്പെട്ട ബ്രിട്ടീഷുകാരി കാതറിന്‍. കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ മനസിലായി, കാതറിന്‍ ഒരു 'ഡബ്ലിന'റാണെന്ന്. ഐറിഷുകാരി. ബെര്‍ണാര്‍ഡ് ഷായുടെയും ജെയിംസ് ജോയിസിന്റെയും മണ്ണില്‍ പിറന്നവള്‍. പഠനാവശ്യത്തിനായ മെറ്റീരിയല്‍സ് ശേഖരിക്കാന്‍ എത്തിയവള്‍. ഇന്ത്യയെക്കുറിച്ചും ഷാരൂഖ് ഖാനെക്കുറിച്ചുമൊക്കെ നല്ല ബോധ്യമുണ്ടവള്‍ക്ക്.
''യാ.. ഷുവര്‍.. വാട്ട് എബൗട്ട് യു, മേ ഐ ആസ്‌ക്?'' എന്നു മറുപടിയും പറഞ്ഞ് അവളോടൊപ്പം ഞാനും ചിലത് റാക്കില്‍നിന്നെടുത്തു. നമ്മുടെ നാടിനെ അപേക്ഷിച്ചു പുസ്തകങ്ങള്‍ക്കു വന്‍വിലയാണ് യൂറോപ്പില്‍. പന്ത്രണ്ടു ദിവസം ഇവിടെ ചെലവഴിക്കാനായി ട്രാവല്‍ കാര്‍ഡില്‍ ആയിരത്തി മുന്നൂറ് യൂറോയാണ് (ഏകദേശം ഒരു ലക്ഷം രൂപ) കരുതിയിരിരുന്നത്. അതുകൊണ്ടു തന്നെ ഏറെ പിശുക്കിയാണു ചെലവാക്കുന്നത്. കാതറിനെ ഉപേക്ഷിച്ചാണ് അടുത്ത മുറിയിലേക്കു പ്രവേശിച്ചത്. അവിടെ കയറിയപ്പോള്‍ സന്നിവേശിച്ച ആദ്യവികാരം ജര്‍മന്‍ കവിയായ ഷില്ലറുടെയും (എൃശലറൃശരവ ടരവശഹഹലൃ) നമ്മുടെ സ്വന്തം കാളിദാസന്റെയും അപ്രതീക്ഷിത സാമീപ്യമാണ്.

കാളിദാസന്റെ
ശകുന്തളയും ഗെഥേയും

1791ലാണ് ഗെഥേ ശകുന്തളയെ പരിചയപ്പെടുന്നത്. തൊട്ടടുത്ത രാജ്യമായ ഫ്രാന്‍സില്‍ വലിയ വിപ്ലവത്തിന്റെ അലയൊലികള്‍ ഉണ്ടാകുന്നതിനിടയില്‍ പ്രസിദ്ധീകരിക്കപ്പെട്ട വില്യം ജോന്‍സിന്റെ sacontala, or the fatal ring (1789) എന്ന ഇംഗ്ലീഷ് പരിഭാഷയിലൂടെയായിരിക്കാം അദ്ദേഹം 'ഇന്ത്യന്‍ ഷേക്‌സ്പിയറു'ടെ മാസ്റ്റര്‍പീസ് വായിച്ചിട്ടുണ്ടാവുക. അല്ലെങ്കില്‍ ഫ്രാന്‍സിലെ ധനാഢ്യരില്‍ ഒരാളായിരുന്ന ജോര്‍ജ് ഫോസ്റ്റര്‍, വില്യം ജോന്‍സന്റെ ഇംഗ്ലീഷ് പരിഭാഷയെ അധികരിച്ച് ജര്‍മനിലേക്കു ഗദ്യരൂപത്തില്‍ മൊഴിമാറ്റിയ വേര്‍ഷനായിരിക്കാം(ഇതിന്റെ ഒരു കോപ്പി അദ്ദേഹം പ്രസിദ്ധീകരണം കഴിഞ്ഞ ഉടന്‍തന്നെ, ഗെഥേയ്ക്ക് അയച്ചുകൊടുത്തിട്ടുണ്ട്). 'അഭിജ്ഞാന ശാകുന്തളം' വായിച്ചപ്പോഴുണ്ടായ അനുഭൂതിയെക്കുറിച്ച് ജര്‍മന്‍ ജേണലായ deufsche monatsschrif 1791ല്‍ ഗെഥേ എഴുതിയിട്ടുമുണ്ട്.
on thge eastern drama എന്ന തലക്കെട്ടില്‍, 1798ല്‍ അദ്ദേഹം എഴുതിയ ലേഖനത്തില്‍ ശകുന്തളയെക്കുറിച്ച് ഇപ്രകാരം പറയുന്നു:
ശകുന്തള, നിര്‍ഭാഗ്യമെന്നു പറയട്ടെ, ഒരെണ്ണം മാത്രമാണ് ഇന്ത്യയുടെ സാംസ്‌കാരിക പൂര്‍ണിമയുടെ ഏക ഉദാഹരണം. അതില്‍ ഒരാള്‍ ആനന്ദത്താല്‍ നീരാടുന്നു. അടുത്ത ഭാവിയില്‍തന്നെ നമുക്ക് കൂടുതല്‍ ശാകുന്തളങ്ങള്‍ അനിവാര്യമാണ്. കാരണം മനുഷ്യരുടെ സാംസ്‌കാരിക ചരിത്രത്തിലേക്കുള്ള ഏറ്റവും മുന്തിയ സംഭാവനകളാണ് അവ.
കൈയില്‍ കിട്ടിയതു മുതല്‍ മരണംവരെ, ശകുന്തള ഗെഥേയ്‌ക്കൊരു ഭ്രാന്തമായ വശീകരണം തീര്‍ത്തു എന്നു വേണം അനുമാനിക്കാന്‍. 'പകലിനെക്കാള്‍ രാത്രിയെ പ്രണയിക്കാന്‍ കാരണമാകുന്ന നക്ഷത്രം' എന്നാണ് അദ്ദേഹം ഒരുവേള കാളിദാസ നായികയെക്കുറിച്ചു പറഞ്ഞത്. ഭാരതീയ സംസ്‌കൃതിയുടെ മഹത്തരമായ പാരമ്പര്യത്തെ ഇവിടെയുള്ളവര്‍ തിരിച്ചറിയുന്നത് ഗെഥേയിലൂടെയാണെന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല. 'അഭിജ്ഞാന ശാകുന്തളം' വായിച്ചു വിജ്രംഭിച്ച അദ്ദേഹം, ഈ മുറിയുടെ ഏതോ കോണിലിരുന്നായിരിക്കണം ശകുന്തളയെ മനോമുകുരത്തില്‍ പ്രതിഷ്ഠിച്ചത്. ഇവിടെവച്ചായിരിക്കണം അദ്ദേഹം കാളിദാസന്റെ നായികയെയെക്കുറിച്ച് ഇങ്ങനെ കോറിയിട്ടത്:


wouldst thou the young years blossoms

and the fruits of its decline 

and all by which the soul is charmed

enreputed feasted ,fed

wouldst thou the earth and heaven

itself in one sole name combine

i name thee, o shankuntala ,and all at once is said


'ഭൂമിയും സ്വര്‍ഗവും ഒന്നിച്ചു ചേര്‍ത്തുവച്ച്, ഒരൊറ്റ പേരിട്ടാല്‍ അതിനെ ശകുന്തളയെന്നു വിളിക്കാം' എന്നു സൗന്ദര്യവല്‍ക്കരിച്ച ഗെഥേയുടെ മുറിയില്‍, ദുഷ്യന്തന്റെയും കണ്വപുത്രിയുടെയും മണമറിഞ്ഞുകൊണ്ട് ഏതാനും മിനുട്ടുകള്‍ മൂകമായിനിന്നു.
യൂറോപ്പ് മുഴുവനും ഭാരതത്തിന്റെ ഈ ഇതിഹാസ പുത്രിയെ ഏറ്റെടുക്കാന്‍ തുടങ്ങിയതിനു മുന്‍പുതന്നെ, ഗെഥേ അവളെ ആത്മാവിലേറ്റിക്കഴിഞ്ഞിരുന്നു. കാളിദാസന്റെ 'മേഘദൂതി'ലേക്കും ഗെഥേ പിന്നീട് സഞ്ചരിച്ചു. അതിന് അദ്ദേഹത്തെ ഒരുക്കിയെടുത്തത് ഞാനിപ്പോള്‍ നില്‍ക്കുന്ന ഈ വീടിന്റെ ഏതൊക്കെയോ മൂലകളായിരിക്കാം. അതിനെക്കുറിച്ചും അദ്ദേഹം ഇപ്രകാരം പാടി:
what more pleasent could man wish

shankuntala,nala these must one kiss;

and meghaduta, the cloud messenger ,

who would not send him to asoul sister.

ഷില്ലറുടെ
തലയോട്ടിയുടെ കഥ

സാഹിത്യത്തിനു മാതൃരാജ്യമായ ജര്‍മനി സംഭാവന ചെയ്ത ഷില്ലറുടെ തലയോട്ടി ഗെഥേ വര്‍ഷങ്ങളോളം രഹസ്യമായി സൂക്ഷിച്ചത് ഈ വീട്ടിലായിരുന്നു. മരണസമയത്ത് ആഗോള പ്രശസ്തിയുടെ മൂര്‍ധാവില്‍ കയറിനിന്നു പതാക നാട്ടിക്കൊണ്ട് നാല്‍പത്തഞ്ചാണ്ട് പൂര്‍ത്തിയാകുന്നതേയുണ്ടായിരുന്നുള്ളൂ ഷില്ലര്‍ അപ്പോള്‍. പക്ഷെ ക്ഷയരോഗത്തിന്റെ വൈറസുകള്‍ കാര്‍ന്നുതിന്നുകയായിരുന്ന ആ ശരീരം ഒടുവില്‍, ചുമച്ചുതുപ്പിക്കൊണ്ടിരുന്ന ചോരയ്‌ക്കൊപ്പം പുച്ഛം മാത്രം കൂട്ടിച്ചേര്‍ത്ത്, ഷില്ലര്‍ വാക്കുകള്‍ കൊണ്ട് മരണത്തെ പരിഹസിച്ചു.
'നിനക്കെന്നെ തോല്‍പ്പിക്കാനാവില്ല' എന്ന പടച്ചട്ടയണിഞ്ഞ് അദ്ദേഹം മരണത്തോട് പൊരുതിക്കളിച്ചത് ഗെഥേയിലുണ്ടാക്കിയ ആരാധനയാണ് വെയ്മറിലെ സെമിത്തേരിയില്‍നിന്ന് ആ ധിക്കാരിയുടെ തലയോട്ടി എടുത്തുകൊണ്ടുവന്നു വീടിന്റെ മുറിയില്‍ പ്രതിഷ്ഠിക്കാന്‍ പ്രേരിപ്പിച്ചത്. പ്രവേശനം തടയുന്ന ബോര്‍ഡോടുകൂടി പൂട്ടിയിട്ട വേറൊരു മുറിയാണത്. വലിയ താഴിട്ടുപൂട്ടിയ മരവാതില്‍ സ്പര്‍ശിച്ചപ്പോള്‍ ഷില്ലറുടെ തലയോട്ടി ഗെഥേ അവിടെയെത്തിക്കാനുണ്ടായ കൗതുകത്തെക്കുറിച്ചാണു ചിന്തിച്ചത്.
ഈ വീടിരിക്കുന്ന സ്ഥലത്തുനിന്ന് ഏതാനും കിലോമീറ്ററുകള്‍ മാറി, വെയ്മര്‍ എന്നു പേരായ ഒരു ചെറു പട്ടണത്തിലെ ജേക്കബ്‌സ് സെമിത്തേരിയിലാണ് ഷില്ലറുടെ ശവശരീരം അടക്കപ്പെട്ടിരുന്നത്. അതും ഏതൊക്കെയോ അനാഥ ശവങ്ങളുടെ കല്ലറകള്‍ക്ക് അരികിലായി. ഒരു അപസര്‍പ്പക നോവലിലെ ഏതാനും ചില വരികള്‍ ഉദ്ധരിക്കപ്പെട്ടതല്ല ഈ ശവമടക്കലിന്റെ ചരിത്രം. മറിച്ചു ലോകസാഹിത്യത്തിന്റെ ചക്രവാളത്തിലേക്ക് ജര്‍മനി സംഭാവന ചെയ്ത കലാപകാരിയായ ഷില്ലര്‍ എന്ന ഇതിഹാസ നായകനു ശവക്കല്ലറയിലെങ്കിലും സമാധാന വിശ്രമം കിട്ടുമെന്ന സാഹിത്യപ്രേമികളുടെ പ്രതീക്ഷയും അസ്ഥാനത്തായി. മാര്‍ബിള്‍ കല്ലുകളുടെ പുതപ്പോ അതിനു ചിത്രപ്പണികള്‍ തീര്‍ക്കുന്ന പൂക്കളോ വേണ്ടെന്നു ശഠിച്ചതുകൊണ്ടായിരിക്കാം, അനാഥപ്രേതങ്ങള്‍ക്കൊപ്പം ഉറങ്ങാന്‍ അദ്ദേഹം മരണസമയത്ത് ആവശ്യപ്പെട്ടത്.
എന്നാല്‍ സമാധാനം നിറഞ്ഞ വെറും ഇരുപത്തിയൊന്ന് വര്‍ഷത്തെ അന്ത്യവിശ്രമം മാത്രമേ ഷില്ലര്‍ക്ക് ജേക്കബ്‌സില്‍ ലഭിച്ചുള്ളൂ. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ദുരൂഹതയുടെ ചുരുളഴിക്കാനുള്ള അന്വേഷണത്തിന്റെ പരിസമാപ്തിയിലേക്കുള്ള കാല്‍വയ്പ്പിലേക്കാണ് 2007 സെപ്റ്റംബര്‍ മാസം ലോകം ക്ഷണിക്കപ്പെട്ടത്. അനാഥരായ ഒരുകൂട്ടം പ്രേതങ്ങളുടെ ശവക്കല്ലറകള്‍ മാന്തി, അതില്‍നിന്നു ലഭിച്ച ചില അവശിഷ്ടങ്ങളില്‍ ഷില്ലറുടേത് ഏതാണെന്നു കണ്ടെത്തുന്നതില്‍ പുരാവസ്തു ഗവേഷകരും ശാസ്ത്രലോകവും ഏതാണ്ടു വിജയം ഉറപ്പിച്ചിരിക്കുകയായിരുന്നു.
1826ല്‍, വെയ്മറിലെ അന്നത്തെ മേയറായിരുന്ന കാള്‍ ലബറേഷ് ഷ്വാബേ ആണ് ഷില്ലറുടെ അവശിഷ്ടങ്ങള്‍ തിരഞ്ഞുപിടിക്കാന്‍ ആദ്യമായി കച്ചകെട്ടി ഇറങ്ങിയത്. അന്ന് അദ്ദേഹത്തിന് സെമിത്തേരിയില്‍നിന്ന് ആകെ ലഭിച്ചത് ഇരുപത്തിമൂന്ന് തലയോട്ടികള്‍ മാത്രമായിരുന്നു. അവയില്‍ വലിപ്പമുള്ള ഒരെണ്ണം, ഏതൊക്കെയോ ചില നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം ഷില്ലറുടെതാണെന്നു പ്രഖ്യാപിച്ചു.
'ഫേസ്റ്റങ്ങ് റൂഫ് സ്‌കൂള്‍' എന്ന പേരിലറിയപ്പെട്ടിരുന്ന പ്രസ്തുത തലയോട്ടിക്കു പിന്നീട് 2007 ഓഗസ്റ്റുവരെ വിശ്രമമില്ലാത്ത മണിക്കൂറുകളായിരുന്നു. അന്നത്തെ ഭരണാധികാരിയായിരുന്ന ഒരു ജര്‍മന്‍ പ്രഭുവിന്റെ സ്വകാര്യശേഖരത്തില്‍ ഈ തലയോട്ടി ഷില്ലറുടേത് തന്നെ എന്നു കരുതുന്ന ഒരസ്ഥിക്കൂടത്തോടൊപ്പം മുഴുവന്‍ ബഹുമതികള്‍ക്കുമൊപ്പം വാഴ്ത്തപ്പെട്ട വസ്തുവായി പ്രതിഷ്ഠിക്കപ്പെട്ടു.
കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞത് ഇതിനുശേഷമായിരുന്നു. ഗെഥേ വളരെ രഹസ്യമായി, സുരക്ഷിതമായി സൂക്ഷിക്കണമെന്ന പേരില്‍ തലയോട്ടി ഈ വീട്ടിലേക്കു കൊണ്ടുവന്നു. സുഹൃത്തായ കവിയുടെ തലയോട്ടി അദ്ദേഹത്തിന് എവിടെനിന്നു ലഭിച്ചതാണെന്നതൊക്കെ ഇപ്പോഴും അതീവ രഹസ്യമാണ്. 'ഷില്ലറുടെ തലയോട്ടിയെ നിരീക്ഷിച്ച് ' (ഛി ഛയലെൃ്ശിഴ ടരവശഹഹലൃ' െടസൗഹഹ) എന്ന പേരില്‍ പ്രസിദ്ധമായ ഒരു കവിത തന്നെ ഗെഥേ രചിച്ചു; തന്റെ ഉറ്റസുഹൃത്തായ കവിയുടെ സ്മരണയ്ക്കായി!
1827ല്‍ പ്രസ്തുത തലയോട്ടി വെയ്മറിലെ തന്നെ ഒരു പഠനശാലയിലേക്കെത്തിച്ചു പരിശോധനയ്ക്കു വിധേയമാക്കിയപ്പോള്‍, അന്നത്തെ സാഹിത്യപ്രേമികളെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് അനാട്ടമിസ്റ്റുകള്‍ ഒരു പ്രഖ്യാപനം നടത്തി: ഈ തലയോട്ടി ഷില്ലറുടേതല്ല! വ്യാജതലയോട്ടിയുടെ 'അപമാനഭാരവുമായി' 1911 വരെ ഷില്ലറിന്റെ ആത്മാവ് നിരവധി പരീക്ഷണശാലകളിലൂടെ മരണാനന്തരം അലഞ്ഞു. ഒടുവില്‍, 'ഷില്ലര്‍ ഗവേഷകന്മാരി'ല്‍ പ്രഗത്ഭനായ ഓഗസ്റ്റ് വോണ്‍ ഫ്രോറിയപ്, കവിയുടേതെന്ന അവകാശവാദവുമായി മറ്റൊരു തലയോട്ടിയുമായി രംഗപ്രവേശം ചെയ്തു. സാഹിത്യ വിമര്‍ശകരും ഗവേഷകരും ചരിത്രകാരന്മാരും ഫോറന്‍സിക് വിദഗ്ധരും നരവംശശാസ്ത്രജ്ഞരും മാത്രമല്ല, ആഗോളതലത്തിലുള്ള ചിന്തകരും പലതും പറഞ്ഞും മെനഞ്ഞും ഈ രണ്ടു തലയോട്ടികള്‍ക്കും കൂടുതല്‍ തലവേദനകള്‍ സമ്മാനിച്ചുകൊണ്ടേയിരുന്നു.
ഷില്ലറുടെ തലയോട്ടിക്ക് എന്താണിത്ര പ്രസക്തി എന്നു ചിന്തിക്കുന്നവരുണ്ടാവാം. അവരോട് ശാസ്ത്രജ്ഞന്മാര്‍ക്കു ചോദിക്കാനുള്ളത് ഇതൊക്കെയാണ്: ഷില്ലറുടേതല്ലെങ്കില്‍ പിന്നെ അദ്ദേഹത്തിന്റെ തലയോട്ടി എവിടെ അപ്രത്യക്ഷമായി? ഗെഥേ ഈ മുറിയില്‍ കുറേക്കാലം സൂക്ഷിക്കുകയും പിന്നീട് പുറത്തെത്തിക്കുകയും ചെയ്തത് യഥാര്‍ഥ തലയോട്ടിയായിരുന്നുവോ?
ഠവലൃല ശ െമി മൗൃമ ീള ാ്യേെലൃ്യ ശി ശ േഎന്ന് പറഞ്ഞ് കാതറീന്‍ അവിടെയെത്തിയപ്പോഴാണു ചിന്തകളില്‍നിന്ന് ഉണര്‍ന്നത്. ഷില്ലറുമായി ഗെഥേക്കുണ്ടായിരുന്ന അടുപ്പത്തിന്, അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തില്‍ കടന്നുപോയ നിരവധി സ്ത്രീകളുടേതിനെക്കാളും ആഴമുണ്ടായിരുന്നു എന്നതും, പ്രസ്തുത ബന്ധത്തിന്റെ ആഴം കാരണമായിരിക്കാം അദ്ദേഹത്തിന്റെ ഈ തലയോട്ടിയോടുള്ള താല്‍പര്യത്തിനു പിന്നിലെ കാരണമെന്നും മറുപടി നല്‍കി ഞാന്‍ കാതറീന്റെ കൗതുകത്തിനു സമാധാനം പകരാന്‍ ശ്രമിച്ചു.
ലോകപ്രശസ്ത സംഗീതജ്ഞന്‍ മൊസാര്‍ട്ടിന്റേതെന്നു കരുതപ്പെടുന്ന തലയോട്ടി കൂടുതല്‍ പരിശോധനകള്‍ക്കും തെളിവുകള്‍ക്കുമായി 'ഡിസക്ഷന്‍ ടേബിളി'ല്‍ കിടക്കുന്നതിനെക്കുറിച്ചു സൂചിപ്പിച്ചും, മറ്റൊരു സംഗീതജ്ഞനായ ബീഥോവന്റെ ഒന്‍പതാം സിംഫണി തീര്‍ക്കുന്ന മായികപ്രപഞ്ചത്തെക്കുറിച്ച് ഷില്ലര്‍ എഴുതിയ 'ആനന്ദത്തോട് ഒരു ഭാവഗീതം' (ഛറല ീി ഖീ്യ) എന്ന കവിതയെക്കുറിച്ചു ചര്‍ച്ചചെയ്ത ശേഷവുമാണ് ഗെഥേയുടെ വീടിന്റെ പടിയിറങ്ങി ഞങ്ങള്‍ പിരിഞ്ഞത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ കാലാവസ്ഥ; താപനില 7 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞേക്കും

uae
  •  7 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് പരസ്യം: വീഴ്ച വരുത്തിയവര്‍ക്ക് ശാസന

Kerala
  •  7 days ago
No Image

അകാലിദള്‍ നേതാവ് സുക്ബീര്‍ സിങ് ബാദലിന് നേരെ വെടിവെപ്പ്, പരുക്ക്; അക്രമിയെ കീഴ്‌പ്പെടുത്തി 

National
  •  7 days ago
No Image

യോഗി സര്‍ക്കാറിന്റെ വിലക്കുകള്‍ മറികടന്ന് രാഹുലും പ്രിയങ്കയും ഇന്ന് സംഭാലിലേക്ക്

Kerala
  •  7 days ago
No Image

ഗതാഗതം, സ്വദേശിവല്‍ക്കരണം; 2025ല്‍ UAEയില്‍ വരുന്ന പ്രധാന അഞ്ചു നിയമങ്ങള്‍ അറിഞ്ഞിരിക്കാം

uae
  •  7 days ago
No Image

വിഴിഞ്ഞം: വിജയകരമായി പിന്നിട്ട് പരീക്ഷണഘട്ടം;  സംസ്ഥാനത്തിന് വരുമാനം എട്ട് കോടിയിലേറെ

Kerala
  •  7 days ago
No Image

ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു; അഞ്ച് പേര്‍ കസ്റ്റഡിയില്‍

Kerala
  •  7 days ago
No Image

കേരളത്തിൽ തൊഴിലില്ലായ്മ വർധിച്ചെന്ന് പഠനം

Kerala
  •  7 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: മഴ ശമിക്കുന്നു, ദുരിതം ബാക്കി

Environment
  •  7 days ago
No Image

ഓൺലൈൻ സ്ഥലംമാറ്റം അട്ടിമറിക്കാൻ ജി.എസ്.ടി വകുപ്പ് ; പ്രൊമോഷൻ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു

Kerala
  •  7 days ago