ദേശീയപാതാ വികസനം: സ്ഥലമുടമകള്‍ക്കു ഒഴിഞ്ഞുപോകാന്‍ നോട്ടിസ്
കാസര്‍കോട്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഉടമകള്‍ക്ക് ഒഴിഞ്ഞുപോകാന്‍ നോട്ടിസ് നല്‍കി തുടങ്ങി. 2017 ഡിസംബര്‍ 31 നകം സ്ഥലം ഒഴിയാനാണ് ദേശീയ പാത അധികൃതര്‍ ഉടമകളോട് നോട്ടീസിലൂടെ ആവശ്യപ്പെടുന്നത്.
ജില്ലാ അതിര്‍ത്തിയായ തലപ്പാടി മുതല്‍ നീലേശ്വരം വരെയുള്ള സ്ഥലം ഉടമകള്‍ക്കാണ് ഇപ്പോള്‍ ഇക്കാര്യം സൂചിപ്പിച്ച് അറിയിപ്പ് നല്‍കിയിട്ടുള്ളത്. പാത നവീകരിക്കുന്നതിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളില്‍ പാതയോരത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങള്‍ കൂടി ഏറ്റെടുക്കുന്നവയില്‍ ഉള്‍പ്പെടും. ഇത്തരം കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നോട്ടീസ് പ്രകാരം ഡിസംബര്‍ 31 നകം ഒഴിയേണ്ടി വരും. കാസര്‍കോട് താലൂക്കിന് പുറമേ ഹൊസ്ദുര്‍ഗ് താലൂക്കില്‍ പെടുന്ന സ്ഥല ഉടമകള്‍ക്കും അധികൃതര്‍ സ്ഥലം ഒഴിയാനുള്ള അറിയിപ്പ് നല്‍കിയിട്ടുണ്ട്.
കര്‍ണാടകയില്‍ ഉള്‍പ്പടെ ദേശീയ പാത നവീകരണം ഭൂരിഭാഗവും പൂര്‍ത്തിയായതോടെ ജില്ലയില്‍ വാഹനങ്ങളുടെ വന്‍ ഒഴുക്കാണ്. കര്‍ണാടകയില്‍ നിന്നും ജില്ലാ അതിര്‍ത്തിയായ തലപ്പാടി വരെ രണ്ടുവരി പാതയാണ്.
തലപ്പാടിവരെ സുഖമമായി വരുന്ന ചരക്കു ലോറികള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ ജില്ലയിലേക്ക് പ്രവേശിക്കുന്നതോടെ ഈ പ്രദേശങ്ങളില്‍ കനത്ത ഗതാഗത കുരിക്കിനാണ് വഴി വെക്കുന്നത്. കാസര്‍കോട് നിന്നും മംഗളൂരു വരെ സഞ്ചരിക്കാന്‍ ബസുകള്‍ക്ക് മുമ്പ് ഒരു മണിക്കൂര്‍ സമയമായമാണ് ആവശ്യം. അന്‍പത് കിലോമീറ്റര്‍ ദൂരമുള്ള മംഗളൂരുവിലേക്ക് ഇപ്പോള്‍ ഒന്നേമുക്കാല്‍ മുതല്‍ രണ്ടു മണിക്കൂര്‍ സമയം വരെയാണ് എടുക്കുന്നത്. ഗതാഗത കുരുക്കിന് പുറമേ ജില്ലയില്‍ അപകട പരമ്പരകളും നിത്യേന വര്‍ധിക്കുകയാണ്.
കാസര്‍ക്കോട്ടെത്തുന്ന വാഹനങ്ങളില്‍ പകുതിയും ദേശീയപാത ഒഴിവാക്കി കാസര്‍കോട് കാഞ്ഞങ്ങാട് കെ.എസ്.ടി.പി പാതയിലൂടെ കാഞ്ഞങ്ങാട് സൗത്ത് കവലയില്‍ ദേശീയ പാതയിലെത്താന്‍ ശ്രമിക്കുന്നതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് നഗരത്തിലും കനത്ത ഗതാഗത കുരുക്ക് നിത്യേന അനുഭവപ്പെടുന്നു.
അതേ സമയം ദേശീയ പാതാ അധികൃതര്‍ ഏറ്റെടുക്കാന്‍ പദ്ധതി തയാറാക്കിയ സ്ഥലം സംബന്ധിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പാത നവീകരണത്തിന്റെ ഭാഗമായി സര്‍വേ നടത്താന്‍ വന്ന ഉദ്യോഗസ്ഥരെ വിവിധ ഭാഗങ്ങളില്‍ തടയുന്ന അവസ്ഥയും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."