കഥാവശേഷന്‍
സജദില്‍ മുജീബ്#
ചെറുപ്പത്തില്‍ ഈ കടപ്പുറത്ത് വരുമ്പോഴൊക്കെ കക്ക പെറുക്കാനോടുമായിരുന്നു. തിരകളുടെ തിരിച്ചുപോക്കിനൊപ്പം തിരിച്ചോടാനാകാതെ മണലിലേക്കു മുങ്ങാംകുഴിയിടുന്ന കക്കകളെ അതിവേഗത്തില്‍ പെറുക്കി മുണ്ടിലേക്കിടും. ഓരോ കക്കക്കുള്ളിലെയുമുള്ള കുഞ്ഞുമാംസപ്പൊതികളോട് അത്രയും പ്രിയമായിരുന്നു. പെറുക്കിയെടുക്കുന്ന ഓരോ കക്കയും ഓരോ കഥാന്ത്യങ്ങളാണെന്നു തിരിച്ചറിഞ്ഞപ്പോഴാണ് ഞാനൊരു കഥാകൃത്തായത്. പ്രപഞ്ചം മുഴുവനും അസംസ്‌കൃതവസ്തുക്കളാണെന്നു തിരിച്ചറിയുന്ന കഥാകാരന്‍.
നിങ്ങളറിയുന്ന ഹാരിസ് മുഹമ്മദ് ! കഥാന്ത്യങ്ങളൊളിപ്പിച്ചുവച്ച് ഗര്‍ജിക്കുന്ന ഈ സാഗരമുഖത്ത് ഇതാ എത്തിച്ചേര്‍ന്നിരിക്കുന്നു എന്നുറക്കെ വിളിച്ചുപറയുന്നുണ്ട് ഞാന്‍. പക്ഷേ കേട്ട ഭാവമില്ല ആര്‍ക്കും. ഒരുപക്ഷേ തിരകളുടെ ആര്‍ത്തലയ്ക്കലില്‍ അലിഞ്ഞുപോയതിനാലാകാം. തീരം ജനനിബിഡമാണ്. കുറേപ്പേര്‍ കടലിനോടു കളിക്കുന്നു. ചിലര്‍ തീരത്തിരുന്നു തിരയെണ്ണുന്നു. ചെരിപ്പുകളഴിച്ചുവച്ചു കാല്‍മുട്ടുകള്‍ വരെ ആഴത്തില്‍ തിരയെ തൊടുന്നവര്‍! ആഴമുള്ള തിരകള്‍!! അതൊരു നല്ല പ്രയോഗമാണല്ലേ! ഭൂമിക്കുമുകളില്‍ ക്ഷണികമായ ഒരു ആഴം അനുഭവിപ്പിച്ച് തിരിച്ചുപോകുന്നവ.
ചില മനുഷ്യരെ പോലെ.
ചില കഥാപാത്രങ്ങളെ പോലെ.
''എല്ലാ പകലുകളും സന്ധ്യയിലേക്കു പകര്‍ന്നൊഴുകുന്ന പോക്കുവെയിലുകളാണ്. '' ഇപ്പോഴിവിടെ വന്നശേഷം കടലാസില്‍ ആദ്യമായി എഴുതിയ വാക്കുകള്‍. തിര തൊടാത്തയകലത്തില്‍ മണലിലിരിക്കുകയാണ് ഞാന്‍. പക്ഷേ തിരതൊടാത്തയകലമെന്നത് ഒരു തോന്നല്‍ മാത്രമല്ലേ. എപ്പോഴെങ്കിലും ഒരു വലിയ തിര വിഴുങ്ങാനായി തേടിയെത്തുമെന്നത് ഒരു സത്യമല്ലേ. ഇവിടെയിപ്പോള്‍ മെല്ലെ പകലഴിഞ്ഞു വീഴുകയാണ്. മൗനിയായി കടലിലേക്കു പതിയ്ക്കാനൊരുങ്ങുന്ന പകല്‍! അനിവാര്യമായ പതനം! അപ്പോഴാണൊരു യുവതി എന്റെ മുന്നിലൂടെ കടന്നുപോയത്. എന്റെ മുഖത്തേക്കവള്‍ സൂക്ഷിച്ചുനോക്കിയതെന്തിനാകും! മുഖം മനസില്‍ തെളിയുംമുന്‍പേ അവള്‍ കടലിലേക്കിറങ്ങിക്കഴിഞ്ഞിരുന്നു. തിരകളെയോരോന്നിനെയും മുറിച്ചവള്‍ പടിഞ്ഞാറേക്കു നീങ്ങുന്നു. എവിടേക്കാണവള്‍ പോകുന്നത് ?
ഞാന്‍ കൂവി വിളിച്ചു.
''ഹേയ്.. നില്‍ക്കൂ..''
അവളത് കേട്ടില്ല. അല്ലെങ്കില്‍ വാക്കുകളെ തിര ഒളിപ്പിച്ചുവച്ചതുമാകാം. ആരും ശ്രദ്ധിച്ചമട്ടില്ല. എന്റെ അലര്‍ച്ചകളെയെല്ലാം കടല്‍ കൊണ്ടുപോയി. തിരകളില്‍ പന്താടി അവളകന്നു പോകുന്നതു നിശ്ചലനായി നോക്കിനില്‍ക്കുമ്പോഴൊരു തിര കാലില്‍ തൊട്ടു. ചിരിയാണോ കരച്ചിലാണോ ആ തിരയുടെ ഭാവമെന്നറിയാതെ ഞാന്‍ തരിച്ചുനിന്നു. ഒരു കക്കയെ ബാക്കിയാക്കിയതു തിരിച്ചുപോയി. മണലില്‍ വിരലാഴ്ത്തി ഞാനാ കക്കയെയെടുത്ത് ബാഗിലിട്ടു.
കണ്‍മുന്നിലൊരാള്‍ മരണത്തിലേക്കകന്നു പോകുന്നത് ഇതാദ്യമാണ്. എന്നിട്ടും ഞാനെന്തുകൊണ്ട് കരയുന്നില്ല! ദുഷ്ടനാണോ ഞാന്‍?എങ്കില്‍ ഈ കടല്‍ത്തീരത്തുള്ള എല്ലാവരും ദുഷ്ടന്മാര്‍ തന്നെ! എനിക്കുമാത്രമെന്തിനു മനസ്താപം തോന്നണം? ദുഷ്ടനാണെങ്കില്‍ മനസ് കലുഷിതമാകുന്നതെന്തിന് ? കടലിലേക്കു നോക്കുമ്പോഴെല്ലാം ആ യുവതിയുടെ രൂപം മാത്രം മനസില്‍ തെളിയുന്നതെന്തിന്?
കുറച്ചങ്ങോട്ടു മാറിയിരിക്കാം. ഒറ്റയ്ക്കിരിക്കുമ്പോഴാണ് ഇത്തരം ചിന്തകള്‍ മനസിനെ മഥിക്കുന്നത്. കുറ്റബോധവും മനസംഘര്‍ഷവുമെല്ലാം മായ്ച്ചുകളയാന്‍ വല്ലാത്ത മിടുക്കുണ്ടു കടലിന്. ഞാന്‍ സാമാന്യം തിരക്കുള്ളിടത്തേക്കു നീങ്ങിയിരുന്നു.
''നിങ്ങളൊരു പൊലിസുകാരനായിട്ടും.. എന്റെ മോള്..''
ഒരു സ്ത്രീയുടെ വാക്കുകള്‍ കാതില്‍ വീണപ്പോള്‍ ശ്രദ്ധിക്കാതിരിക്കാനായില്ല.
''എന്തെങ്കിലും ഒന്നു പറയൂ മനുഷ്യാ..''
അവളുടെ ശബ്ദം ഉച്ചത്തിലായി.
അപ്പോഴാണു കൂടെയുള്ളയാള്‍ മൗനം ഭഞ്ജിച്ചത്.
''ഗൗരീ.. മൂന്ന് കൊല്ലായില്ലേ.. നമ്മളെവിടെയൊക്കെ തിരഞ്ഞു? ഇനിയും..''
അയാളുടെ വാക്കുകളിടറി.
''എനിക്കവളെ വേണം. ഈ കടപ്പുറത്തുവച്ചാണെന്റെ കുഞ്ഞിനെ നഷ്ടമായത്.. എനിക്കവള്‍ വേണം.''
പിന്നെ ആ സ്ത്രീ പൊട്ടിപ്പൊട്ടിക്കരഞ്ഞു. അയാളവളെ നെഞ്ചോടുചേര്‍ത്തു സാന്ത്വനിപ്പിച്ചു. കുറച്ചുനേരം അവരുടെ മൗനങ്ങള്‍ക്കുമേല്‍ തിരകളിരമ്പി. പിന്നെ അയാളെഴുന്നേറ്റു.
''വരൂ ഗൗരീ.. നേരമിരുട്ടി. നമുക്കു പോകാം.''
ഒരു കൊച്ചുകുഞ്ഞിനെയെന്നപോലെ അവളെയും ചേര്‍ത്തുപിടിച്ച് അയാള്‍ നടന്നു. അവരെ പിന്തുടരാതിരിക്കാന്‍ എന്തുകൊണ്ടോ എനിക്കു തോന്നിയില്ല.
''അമ്മ.. അമ്മ..''
ഒരു കിളിക്കൊഞ്ചലാണ് എന്റെ അനുധാവനത്തിനു വിഘ്‌നം സൃഷ്ടിച്ചത്. കഷ്ടിച്ച് ഒരുവയസ് പ്രായമുള്ള ഒരു കുഞ്ഞായിരുന്നു അത്. അവളുടെ കൈയില്‍ ഒരു പാവക്കുട്ടിയുമുണ്ട്. അവളെന്നെ തൊട്ടുവിളിക്കുകയായിരുന്നു. ''അമ്മ.. അമ്മ..'' എന്നു മാത്രം പറയുകയും പ്രകാശം ചിതറുംവണ്ണം ചിരിക്കുകയും ചെയ്തു.
അവളുടെ അരികിലായി ഒരു ജോഡി ചെരിപ്പുകളും മഞ്ഞത്താലിച്ചരടുമുണ്ടായിരുന്നു. അതിന്റെയറ്റത്ത് ആലിലക്കണ്ണന്റെ രൂപം കൊത്തിയ സ്വര്‍ണലോക്കറ്റും. ഞാനാ കുഞ്ഞിനെ കൈയിലെടുത്തു. കവിളില്‍ ചുംബിച്ചു. അപ്പോഴവള്‍ ചിലങ്കകള്‍ പോലെ കൊഞ്ചിച്ചിരിച്ചു. എന്തുകൊണ്ടാണവള്‍ എന്നോട് പെട്ടെന്നിണങ്ങിയത് !
ദമ്പതികള്‍ക്കും ഞങ്ങള്‍ക്കുമിടയില്‍ ഇപ്പോള്‍ കുറച്ചകലമുണ്ട്. ഒരു വിളിപ്പാടകലം! ആ കുഞ്ഞിനെയെടുത്ത് അവരുടെ അടുത്തെത്താന്‍ ധൃതിയില്‍ നടന്നു.
''സര്‍, ഒരു നിമിഷം..!''
എന്റെ വിളി കേട്ട് അയാള്‍ തിരിഞ്ഞുനോക്കി.
''യെസ്. എന്തുവേണം?''
''സാറൊരു പൊലിസുകാരനാണെന്നു തോന്നുന്നു?''
''അതെ.. എന്താകാര്യം?''
''സര്‍, ഈ കുഞ്ഞിനെ ഇവിടെനിന്നു കിട്ടിയതാ''
അയാളൊന്നു പകച്ചുനോക്കി.
''ദാ ഇപ്പോള്‍ ഈ കടല്‍ത്തീരത്തുനിന്ന്..''
പൊലിസുകാരന്റെ സഹജഭാവങ്ങളോടെ അയാളെന്നോടു പോദിച്ചു:
''തനിക്ക് മറ്റെന്തെങ്കിലും അറിയോ?''
''ഇല്ല സാര്‍. പക്ഷേ...''
''പക്ഷേ?'' പറയണോ വേണ്ടയോ എന്നു ശങ്കിച്ചു.
''പറയൂ''
''സാര്‍, കുറച്ചു സമയങ്ങള്‍ക്കുമുന്‍പ് ഒരു യുവതി കടലിലേക്കിറങ്ങിപ്പോകുന്നതു കണ്ടു. ഞാന്‍ വിളിച്ചിട്ടും നില്‍ക്കാതെയവള്‍ ഒരുപക്ഷേ ഈ കുഞ്ഞ്...''
''ഉം. കൊച്ചിനെ തരൂ...''
അയാളുടെ കൈയിലേക്ക് പോകാന്‍ അവള്‍ വിസമ്മതിച്ചു. ഉടനെ അയാളുടെ ഭാര്യ വാത്സല്യത്തോടെ അവളെയെടുത്തു. കുഞ്ഞിനെ സ്‌നേഹാവേശത്തോടെ കൊഞ്ചിക്കുന്ന ഭാര്യയെ നോക്കി അയാളെന്നോടു പറഞ്ഞു.
''താനിതിനി ആരോടും പറയണ്ട.''
ഞാനൊന്നും മിണ്ടിയില്ല.
അപ്പോള്‍ അയാളെന്റെ ചുമലില്‍ തൊട്ടു.
''പ്ലീസ്...''
അയാളുടെ മുഖത്ത് ദൈന്യത ഞാന്‍ വായിച്ചറിഞ്ഞു. അവര്‍ ആ കുഞ്ഞിനെയും കൊണ്ട് നടന്നകലുന്നതും നോക്കി ഞാന്‍ നിന്നു.
''തിരകള്‍ കൊണ്ടെന്നെ വരിഞ്ഞുമുറുക്കുന്ന നീരാളിയാണീ കടല്‍..''
ഒരു ചെറുപ്പക്കാരന്റെ ഊഴമായിരുന്നു പിന്നെ.
''എനിക്ക് കാണണ്ട നിന്നെ. പോ.. പോ..''
മണല്‍ വാരി കടലിനെ എറിഞ്ഞുകൊണ്ടയാള്‍ കടലിനെ ശപിച്ചുകൊണ്ടേയിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടേയിരുന്നു. തോളിലെ സഞ്ചിയും രൂപഭാവാദികളും കൊണ്ട് അയാളൊരു സാഹിത്യകാരനാണെന്നു തോന്നി. ഞാനൊന്നും മിണ്ടാതെ ഒരു കാഴ്ചക്കാരനായി. പൊട്ടിച്ചിരിച്ചും പൊട്ടിക്കരഞ്ഞും അയാള്‍ ഭ്രാന്തനെപ്പോലെ കടല്‍ത്തീരത്തുകൂടി ഓടി. ജനം ഒരു തമാശയെന്നപോലെ കണ്ടുരസിക്കുന്നു. ഓടിയോടി കിതച്ചൊടുവില്‍ അയാളാ മണലിലിരുന്നു.
ഞാനയാളുടെ അടുത്തെത്തി.
''അവള്.. അവള് പോയി..''
അയാള്‍ വിറക്കുന്ന കൈകളോടെ സഞ്ചി തുറന്നു. അതിനുള്ളിലുള്ളതെല്ലാം പുറത്തിട്ടു. രണ്ടു സ്വര്‍ണ മെഡലുകളും രണ്ടുമൂന്നു പുസ്തകങ്ങളുമായിരുന്നു അതില്‍.
''ഒരുത്തനും വേണ്ട ഇതൊന്നും. മുക്കുപണ്ടമാത്രേ..
അവള്‍ക്കും കുഞ്ഞിനും ഉപകാരപ്പെടാത്തത് എനിക്കെന്തിനാ?''
അയാള്‍ ആ പുരസ്‌കാരങ്ങള്‍ കടലിലേക്കു വലിച്ചെറിഞ്ഞു. അപ്പോള്‍ അയാളെത്തേടിയെന്നവണ്ണം എത്തിയ ഒരു തിരയിലേക്കയാള്‍ കുഴഞ്ഞുവീണു.
''സാര്‍.. സാര്‍..''
ഞാന്‍ കുറേ വിളിച്ചുനോക്കി. പക്ഷേ എല്ലാം കഴിഞ്ഞിരുന്നു. ശക്തമായ തിരകളാണു പിന്നെ ഞങ്ങളെത്തേടിയെത്തിയത്. തിരകളൊന്നൊന്നായി ഞങ്ങളെ കടലിലേക്കു കാന്തത്തിലേക്കെന്നപോലെ വലിച്ചുകൊണ്ടിരുന്നു. ഞാനയാളെ കരയിലേക്കും. പെട്ടെന്നാണൊരു കൂറ്റന്‍ തിരമാല ആര്‍ത്തലച്ചെത്തിയത്. അതിന്റെ ശക്തിയില്‍ ഞങ്ങള്‍ രണ്ടുപേരും തിരക്കുരുക്കില്‍പെട്ടു. തുടരെത്തുടരെയെത്തിയ തിരത്തള്ളലില്‍ കടലിന്റെ അപാരതയിലേക്കു പോകുകയാണെന്നു മനസിലായി. എന്തൊരു കരുത്താണീ കടലിന്?
സര്‍വശക്തിയുമെടുത്ത് ഞാന്‍ തിരിച്ചുനീന്തി. പക്ഷേ അയാള്‍ മാത്രം വന്നില്ല. കടലിന്റെ നീരാളിക്കൈകളിലേക്കയാള്‍ ഒഴുകിയകന്നതു കാണാന്‍ പോലും കഴിഞ്ഞില്ല. കറുപ്പുപുതച്ചു കടല്‍ത്തീരം പിന്നെയും ശാന്തമായി. ആളൊഴിഞ്ഞിട്ടും ആരോ എന്നെ വിളിക്കും പോലെ. ഞങ്ങള്‍ക്കുമാത്രം മനസിലാകുന്ന ഭാഷയില്‍ ഞാന്‍ കടലിനോടു ചോദിച്ചു.
''ഇനിയുമെന്താണു നീ കരയാത്തത്?''
അപ്പോഴൊരു വലിയ തിര എന്നെ തേടിയെത്തി. കടലിലേക്കെന്നെ വിളിക്കും മട്ടില്‍. ഒരു ഉന്മാദിയെപ്പോലെ. എല്ലാ ആജ്ഞകളും മായ്ച്ച്, എല്ലാ നിയമങ്ങളും ലംഘിച്ചു പൊട്ടിച്ചിരിക്കുന്ന പ്രതിനായകനാണു കടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."