മോഹവലയുമായി 'മണിചെയിന്‍' വീണ്ടുമെത്തുന്നു
കരുനാഗപ്പള്ളി: ഗവണ്‍മെന്റിന്റെ കര്‍ശന നടപടികളെ തുടര്‍ന്ന് നിലച്ചിരുന്ന മണി ചെയിന്‍ മാര്‍ക്കറ്റിങ് വിണ്ടും സജീവമായി. ഇപ്പോള്‍ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ് ആളുകളെ ചേര്‍ക്കുന്നത്. ഇതിനായി പല സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് കോര്‍ണര്‍ മീറ്റിങുകളും സ്റ്റഡിക്ലാസുകളും നടന്നു വരുന്നു. പല മോഹന വാഗ്ദാനങ്ങള്‍ നല്‍കി കമ്പനിയുടെ വിവിധപേരിലുള്ള നോട്ടിസ് നല്‍കിയാണ് ആളുകളെ വിശ്വസിപ്പിച്ച് ചേര്‍ക്കുന്നത്.
1200 രൂപ നല്‍കിയാല്‍ ഒരാള്‍ക്ക് അംഗമായി ചേരാം. പിന്നീട് ഇയാള്‍ക്ക് കീഴില്‍ ഓരോരുത്തരെ ചേര്‍ത്താല്‍ നെറ്റ് വര്‍ക്ക്മാര്‍ക്കറ്റിങ് വികസിപ്പിക്കുകയും ചേര്‍ന്നയാള്‍ക്ക് വരുമാനം വന്നു കൊണ്ടേയിരിക്കും. ഏതാനും മാസത്തിനുള്ളില്‍ ഇയാള്‍ ലക്ഷാധിപതിയായിത്തീരുമെന്ന് പറഞ്ഞ് ആളുകളെ വിശ്വസിപ്പിച്ചാണ് ഇതില്‍ ചേര്‍ക്കുന്നത്.
വെറും ആയിരത്തി ഇരുനൂറ് രൂപ മുതല്‍ മുടക്കിയാല്‍ മതിയെന്നുള്ളതു കൊണ്ടും പെട്ടെന്ന് ധനവാനാവാമെന്ന മോഹത്തിലും ഇവരുടെ വാക്‌ധോരണിയില്‍പെട്ട് ഇതിലേക്ക് അനേകം പേര്‍ ചേര്‍ന്നു കൊണ്ടിരിക്കുകയാണ്. ആകര്‍ഷകമായി വസ്ത്രധാരണം നടത്തി വാചാലമായി സംസാരിക്കുന്ന യുവാക്കളെ ഇതിനായി തെരഞ്ഞെടുത്ത് ആഢംബര ബൈക്കുകളും നല്‍കി വിവിധ പ്രദേശങ്ങളിലേക്ക് പറഞ്ഞ് വിട്ടാണ് വീട്ടമ്മമാരേയും മറ്റും ഇവരുടെ വലയില്‍ വീഴ്ത്തുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ കുലശേഖരപുരത്തും മറ്റ് പരിസരപ്രദേശങ്ങളിലും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്നു. കുടുംബശ്രീ ഗ്രൂപ്പുകള്‍, മറ്റ് അയല്‍ക്കൂട്ടു സംവിധാനങ്ങള്‍ വഴി ഇവര്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ്. മുന്‍പ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത് ഏതെങ്കിലും ഉല്‍പ്പന്നങ്ങളുടെ പേരിലായിരുന്നു.
എന്നാല്‍ അതു മാറി ചിട്ടി സ്ഥാപനങ്ങളുടെ മറവിലായെന്നു മാത്രം. ഓപ്പറേഷന്‍ കുബേരയുടെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചതും ഇത്തരം പ്രവര്‍ത്തനങ്ങള്‍ സജീവമാകാന്‍ കാരണമായതായി പറയപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."