ജില്ലയിലും 'മരണക്കളി'; ബ്ലൂവെയില്‍ ഗെയിം കളിച്ച് ജില്ലയിലും ആത്മഹത്യയെന്ന് അഭ്യൂഹം
മലപ്പുറം: കുട്ടികളെ മരണത്തിലേക്കു തള്ളിവിടുന്ന ബ്ലൂവെയില്‍ ഗെയിമിനെക്കുറിച്ചു ജില്ലയിലും അഭ്യൂഹം പടരുന്നു. മലപ്പുറം ജില്ലയിലെ രണ്ടു വിദ്യാര്‍ഥികള്‍ ബ്ലൂവെയില്‍ ഗെയിമിന് അടിമപ്പെട്ട് ആത്മഹത്യ ചെയ്‌തെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടക്കുന്നത്. എന്നാല്‍, ജില്ലയില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് സൈബര്‍സെല്‍ നല്‍കുന്ന വിശദീകരണം.
ബ്ലൂവെയില്‍ ഗെയിമിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം ഗെയിമുകള്‍ക്കു കുട്ടികളും കൗമാരപ്രായക്കാരും അടിമപ്പെടാതെ ശ്രദ്ധിക്കണമെന്നു പൊലിസ് ഹൈടക് സെല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കുട്ടികളെ ലക്ഷ്യംവച്ചുള്ള ഈ ഗെയിം പലയിടങ്ങളിലും വ്യാപിച്ചിട്ടുണ്ടെന്നാണ് വിവരം. ഗെയിം കളിക്കുന്നവര്‍ ഒരോ സ്റ്റേജുകള്‍ പിന്നിടുമ്പോഴും സമനിലയില്‍നിന്നു വഴുതിമാറുകയും അവസാന സ്റ്റേജില്‍ ആത്മഹത്യ ചെയ്യാന്‍ പ്രേരകമാകുകയും ചെയ്യുമെന്നാണ് ഇതിന്റെ പ്രത്യേകത. ഗെയിം തുടങ്ങിയെന്നു കരുതപ്പെടുന്ന റഷ്യയില്‍ ഇത്തരത്തില്‍ നൂറോളം പേരുടെ മരണത്തിന് ഈ ഗെയിം കാരണമായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഒരു അഡ്മിനിസ്‌ട്രേറ്ററാണ് ഈ ഗെയിം നിയന്ത്രിക്കുന്നത്. കളിയിലേക്കു പ്രവേശിക്കുന്നയാള്‍ അഡ്മിനിസ്‌ട്രേറ്ററുടെ നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്നു പ്രവര്‍ത്തിക്കണം. അന്‍പതു ദിവസം നീളുന്ന കളിയില്‍ അഡ്മിനിസ്‌ട്രേറ്ററുടെ നിര്‍ദേശങ്ങളെല്ലാം പാലിക്കപ്പെട്ടാലേ കളിയില്‍ വിജയം നേടാനാകൂ. അന്‍പതാം ദിവസത്തെ ഉദ്യമം ഒരു മരണക്കളിയായിരിക്കും എന്നുമാത്രം. ഇതാണ് ബ്ലൂവെയില്‍ ഗെയിമിനെക്കുറിച്ചു കേള്‍ക്കുന്ന വിവരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."