കൊടിയത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് വിഭാഗീയത പരസ്യ വെല്ലുവിളിയുമായി സിറാജുദ്ദീന്‍ വിഭാഗം
മുക്കം: മണ്ഡലം പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ശക്തമായ വിഭാഗീയത നിലനില്‍ക്കുന്ന കൊടിയത്തൂരില്‍ ഡി.സി.സി പ്രസിഡന്റിന്റേയും ഘടക കമ്മിറ്റി ഭാരവാഹികള്‍ക്കുമെതിരേ പരസ്യ പ്രതികരണവുമായി ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
ടി. സിദ്ധീഖ് മണ്ഡലം പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയതായി പ്രദേശിക ഔദ്യോഗിക കോണ്‍ഗ്രസ് നേതൃത്വം പറയുന്ന എം. സിറാജുദ്ദീന്റെ നേതൃത്വത്തിലാണ് ബാബു പൊലുകുന്നത്ത്, വേലായുധന്‍ മുണ്ടശ്ശേരി, ഉസൈന്‍ തെനേങ്ങപറമ്പ് എന്നിവര്‍ പരസ്യമായി രംഗത്തെത്തിയത്. ഒരു വര്‍ഷമായി മണ്ഡലം പ്രസിഡന്റ് എന്ന നിലയില്‍ നല്ല പ്രവര്‍ത്തനം കാഴ്ചവച്ച സിറാജുദ്ദീനെ മാറ്റിയതായുള്ള വാര്‍ത്ത പ്രവര്‍ത്തകരുടെ മനസില്‍ വലിയ ആശങ്കയുണ്ടാക്കിയതായി ബാബു പൊലുകുന്നത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംഘടനാ തെരഞ്ഞെടുപ്പ് സമയത്ത് ഭാരവാഹികളെ മാറ്റരുതെന്ന കെ.പി.സി.സി, എ.ഐ.സി.സി നിര്‍ദേശം മറികടന്നാണ് സിറാജുദ്ദീനെ മാറ്റിയത്. ടി. സിദ്ധീഖിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ സിറാജ് തുടരട്ടെ എന്ന് തീരുമാനിച്ചതാണ്.
എന്നാല്‍ അതിന് വിരുദ്ധമായാണ് നടപടി വന്നത്. പാര്‍ട്ടിയെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ ശ്രമിച്ച ചിലരുടെ നേതൃത്വത്തിലാണ് സിറാജുദ്ധീനെതിരേ തിരിയുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തോല്‍വിക്ക് കാരണമായത് കെ.ടി മന്‍സൂറാണന്ന കാര്യത്തില്‍ സംശയമില്ലന്നും പാര്‍ട്ടിക്കെതിരേ മത്സരിച്ചവരെയും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയവരേയും പാര്‍ട്ടിയുടെ ഭാരവാഹിത്വ രംഗത്ത് കൊണ്ടുവരാനാണ് ശ്രമമെന്നും എം. സിറാജുദ്ദീന്‍ പറഞ്ഞു.
പാര്‍ട്ടിയിലെ അഴിമതിയെ കുറിച്ചും സാമ്പത്തിക ഇടപാടുകളെ കുറിച്ചും ചോദ്യം ചെയ്തതാണ് തനിക്കെതിരേ രംഗത്ത് വരാന്‍ കാരണമെന്നും സിറാജുദ്ദീന്‍ ആരോപിച്ചു.
തന്നെ മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഡി.സി.സി പ്രസിഡന്റ് മാറ്റിയതായുള്ള ഒരറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."