മുഖ്യമന്ത്രിയുടേത് ആര്‍.എസ്.എസിനെ തടയാനാകില്ലെന്ന നിലപാട്: ചെന്നിത്തല
തിരുവനന്തപുരം: ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും തടയാന്‍ കഴിയില്ലെന്ന പരസ്യ സമ്മതമാണ് തന്റെ ചോദ്യങ്ങള്‍ക്കുള്ള മുഖ്യമന്ത്രിയുടെ മറുപടിയിലൂടെ വ്യക്തമാകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീവ്ര ഹൈന്ദവ വര്‍ഗീയ നിലപാടിലൂടെ മാത്രമേ ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും നേരിടാനാകൂവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആപത്കരമാണ്.
വനിതാ മതില്‍ നിര്‍മാണത്തിന്റെ യോഗത്തിന് ഹൈന്ദവ സംഘടനകളെ മാത്രമേ വിളിച്ചിട്ടുള്ളൂവെന്ന് മുഖ്യമന്ത്രി സമ്മതിച്ചിരിക്കുകയാണ്. ന്യൂനപക്ഷ സംഘടനകളെ വിളിച്ചാല്‍ ആര്‍.എസ്.എസും ബി.ജെ.പിയും ആയുധമാക്കുമെന്നതിനാലാണ് ന്യൂനപക്ഷ സംഘടനകളെ വിളിക്കാതിരുന്നതെന്നാണ് മുഖ്യമന്ത്രിയുടെ വാദം. തീവ്ര ഹൈന്ദവ വര്‍ഗീയതയെ നേരിടാന്‍ അതിലും തീവ്രമായ ഹൈന്ദവ വര്‍ഗീയതയാണ് മുഖ്യമന്ത്രി ഉപയോഗിക്കുന്നത്.
വനിതാ മതില്‍ സംബന്ധിച്ച് താന്‍ ചോദിച്ച പത്ത് ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ മുഖ്യമന്ത്രി ഉരുണ്ടുകളിക്കുകയാണ്. സമൂഹത്തെ മുഖ്യമന്ത്രി ഹിന്ദുവെന്നും മുസ്‌ലിമെന്നും ക്രിസ്ത്യാനിയെന്നും പറഞ്ഞ് വേര്‍തിരിക്കുന്നത് ആപത്താണെന്നും ഇത് സാമുദായിക ദ്രുവീകരണത്തിന് കാരണമാകുമെന്നും ചെന്നിത്തല പറഞ്ഞു.
വനിതാ മതില്‍ എന്തിനെന്ന ചോദ്യത്തിന് പ്രതിപക്ഷ നേതാവിന് അതുപോലും അറിയില്ലേ എന്ന് പരിഹസിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഈ ചോദ്യം മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായ വി.എസ് അച്യുതാനന്ദന് മനസിലാക്കിക്കൊടുക്കുകയാണ് പിണറായി ആദ്യം ചെയ്യേണ്ടത്. ജാതി സംഘടനകളെ കൂട്ടുപിടിച്ചുള്ള സമരം വര്‍ഗ സമരത്തിന്റെ വഴിയല്ലെന്നാണ് വി.എസ് പറഞ്ഞത്. അതിന്റെ അര്‍ഥം പിണറായിക്ക് മനസിലായിട്ടുണ്ടോ എന്ന് ചെന്നിത്തല ചോദിച്ചു.
സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ തടയാനാണ് മതില്‍ കെട്ടുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം. കഴിഞ്ഞ രണ്ടര വര്‍ഷത്തെ ഇടതു മുന്നണി ഭരണത്തിനിടയിലാണ് സ്ത്രീകള്‍ക്ക്് നേരെ ഏറ്റവും അധികം അതിക്രമങ്ങള്‍ നടന്നത്. സെക്രട്ടേറിയറ്റ് പടിക്കല്‍ സത്യഗ്രഹമിരിക്കുന്ന സനലിന്റെ ഭാര്യ വിജിക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ ഒരിക്കലെങ്കിലും ചര്‍ച്ച നടത്തിയിട്ട് മതിയായിരുന്നു മതില്‍ നിര്‍മാണം. ഒരു വശത്ത് സ്ത്രീത്വത്തെ ചവിട്ടിമെതിക്കുകയും മറുവശത്ത് അതിന്റെ പേരില്‍ മതില്‍കെട്ടുകയും ചെയ്യുന്ന കാപട്യമാണ് സര്‍ക്കാരിനുള്ളതെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."