ദേശീയതക്ക് ചൈതന്യമേറുന്നത് പൊതുശത്രു ഉണ്ടാകുമ്പോള്‍: എം.ജി.എസ്
കോഴിക്കോട്: ദേശീയതക്ക് ചൈതന്യമേറുന്നത് പൊതുശത്രു ഉണ്ടാകുമ്പോഴാണെന്ന് ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍. കോഴിക്കോട് ടൗണ്‍ ഹാളില്‍ നടന്ന ഫെസ്റ്റിവല്‍ ഓഫ് ഡമോക്രസിയില്‍ 'ഇന്ത്യന്‍ ദേശീയത' വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടനെ പൊതുശത്രുവായി കണ്ടതോടെയാണ് ഇന്ത്യയില്‍ ദേശീയത ശക്തമായത്. ദേശീയത എന്നാല്‍ ദേശസ്‌നേഹം മാത്രമല്ല. ഇന്ത്യന്‍ ദേശീയത ഒരുകാലത്ത് സവര്‍ണരുടെ കൂട്ടായ്മയുടെ ഭാഗമായിരുന്നു. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ പറഞ്ഞത് ദേശീയതയുടെ കാലം കഴിഞ്ഞുവെന്നായിരുന്നു. എന്നാല്‍ അതു തെറ്റായിരുന്നു. പിന്നീട് ദേശീയത ശക്തമായി തിരിച്ചു വന്നു. ബ്രിട്ടീഷ് ഭരണത്തെ ആദരിച്ചവരായിരുന്നു ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് സ്ഥാപിച്ചത്. കോണ്‍ഗ്രസ് സമ്മേളനങ്ങളില്‍ ബ്രിട്ടന്റെ ദേശീയ ഗാനമാണ് ആലപിച്ചിരുന്നത്. 1942-ലെ ക്വിറ്റ്ഇന്ത്യാ പ്രമേയം വന്നതോടെയാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടണമെന്ന ആശയം ശക്തമായതെന്നും എം.ജി.എസ് പറഞ്ഞു.
മൂവര്‍ണ കൊടിയെ അംഗീകരിക്കാതിരുന്നവരാണ് ഇന്ത്യന്‍ ദേശീയതയെക്കുറിച്ച് ഇപ്പോള്‍ ഗീര്‍വാണമടിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച എ.ഐ.എസ്.എഫ് നേതാവും ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിയുമായ അപരാജിത രാജ ചൂണ്ടിക്കാട്ടി. രാജ്യത്തെ ഒരു അഗ്രഹാരമാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ആര്‍.എസ്.എസ്. രാജ്യത്തിന്റെ ഭരണഘടനയെയും ഐക്യത്തെയും തകര്‍ക്കുകയാണ് അവര്‍. സര്‍വകലാശാലകളില്‍ പോലും കടന്നുകയറി അവര്‍ അലോസരങ്ങളുണ്ടാക്കുന്നു. എല്ലാ മേഖലകളിലും ഫാസിസം പിടിമുറുക്കുകയാണ്. ഇതിനെതിരേ ഒന്നിച്ചുള്ള പോരാട്ടം അനിവാര്യമാണെന്നും രാജ്യത്തെ യുവാക്കളും വിദ്യാര്‍ഥികളും രംഗത്തിറങ്ങണമെന്നും അപരാജിത പറഞ്ഞു. ജെ.രഘു അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."