മതം സാക്ഷ്യപ്പെടുത്താന്‍ തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി
തിരുവനന്തപുരം: ഒരു വ്യക്തി സ്വയം തിരഞ്ഞെടുക്കുന്ന മതത്തിന്റെ ഭാഗമാണെന്ന് സാക്ഷ്യപ്പെടുത്താന്‍ തഹസില്‍ദാര്‍മാര്‍ക്ക് അധികാരം നല്‍കി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
ഇക്കഴിഞ്ഞ ജൂലൈയിലാണ് സര്‍ക്കാരിനോട് വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. പൊന്നാനി മഊനത്തും തര്‍ബിയ്യത്തുല്‍ ഇസ്‌ലാമും ഉള്‍പ്പെടെയുള്ളവ ലീഗല്‍ ബോഡി അല്ലാത്തത് കൊണ്ട് അവര്‍ ഇഷ്യൂ ചെയ്യുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സ്റ്റാറ്റിറ്റിയൂട്ടറി പദവി ഇല്ലാത്തത് കാരണം അബൂത്വാലിബ് എന്നയാള്‍ കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിലവിലുള്ള നിയമംവച്ച് തന്നെ സ്റ്റേറ്റ് ഗവണ്‍മെന്റ് വിശദമായ വിജ്ഞാപനം ഇറക്കണമെന്നു കോടതി ആവശ്യപ്പെട്ടത്.
ഈ ഉത്തരവ് പ്രകാരം മുസ്‌ലിമാകാന്‍ ആഗ്രഹിക്കുന്ന വ്യക്തി, സ്വന്തം കൈപ്പടയില്‍ എഴുതിയ അപേക്ഷ നോട്ടറി അറ്റസ്റ്റേഷനോടു കൂടി ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച് താലൂക്ക് ഓഫിസില്‍ അപേക്ഷ നല്‍കണം. അപേക്ഷക്കൊപ്പം 100 രൂപ ഫീസടക്കണം. (ക്യാഷ് അല്ലെങ്കില്‍ ചലാന്‍). ജമാഅത്ത് കമ്മിറ്റി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ അപേക്ഷയോടൊപ്പം ചേര്‍ക്കണം. അപേക്ഷ ലഭിച്ചാല്‍ അന്വേഷണം നടത്തി 45 ദിവസത്തിനുള്ളില്‍ ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം.
സര്‍ട്ടിഫിക്കറ്റ് 50 രൂപ മുദ്ര പത്രത്തില്‍ നല്‍കണം. മുദ്ര പത്രം അപേക്ഷകന്‍ കരുതണം. എന്തെങ്കിലും കാരണത്താല്‍ അപേക്ഷ നിരസിച്ചാല്‍ അപേക്ഷകന് ഹിയറിങ്ങിനുള്ള അവസരം ലഭിക്കും. കൂടാതെ നിരസിച്ച ഉത്തരവ് അപേക്ഷകനെ ഒരാഴ്ചക്കുള്ളില്‍ അറിയിക്കുകയും ചെയ്യണം.
അപേക്ഷ നിരസിച്ചാല്‍ 30 ദിവസത്തിനുള്ളില്‍ ആര്‍.ഡി.ഒക്ക് അപ്പീല്‍ നല്‍കാം. അപ്പീല്‍ ലഭിച്ച് 30 ദിവസത്തിനുള്ളില്‍ പരാതി തീര്‍പ്പാക്കുകയും അപ്പീല്‍ തീരുമാനം ഒരാഴചക്കകം അപേക്ഷകനെ അറിയിക്കുകയും ചെയ്യണം. അതേസമയം ഈ ഉത്തരവ് ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."