അപ്പീല്‍ പരിഗണിക്കാന്‍ വൈകും; സിഖ് കലാപക്കേസില്‍ സജ്ജന്‍ കുമാര്‍ ഇന്ന് കീഴടങ്ങിയേക്കും
ന്യൂഡല്‍ഹി: സിഖ് വിരുദ്ധകലാപത്തില്‍ ശിക്ഷപ്പെട്ട കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ ഇന്ന് കീഴടങ്ങിയേക്കും. അപ്പീല്‍ പരിഗണിക്കാന്‍ വൈകുമെന്ന് ഉറപ്പായതോടെയാണ് സജ്ജന്‍ കുമാര്‍ കീഴടങ്ങുന്നത്. ഡിസംബര്‍ 31നകം കീഴടങ്ങാനാണ് സുപ്രിം കോടതി ഉത്തരവ്.
തിഹാര്‍ ജയിലില്‍ നേരിട്ടെത്തിയോ കര്‍കര്‍ദൂമ കോടതിയിലെത്തിയോ ആയിരിക്കും സജ്ജന്‍കുമാര്‍ കീഴടങ്ങാനെത്തുക. ഇന്ന് കോടതിയിലെത്തി കീഴടങ്ങിയില്ലെങ്കില്‍ ചൊവ്വാഴ്ച സജ്ജന്‍കുമാറിനെ പൊലിസ് അറസ്റ്റ് ചെയ്യും. കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഡിസംബര്‍ 22ന് സജ്ജന്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി തള്ളി. തുടര്‍ന്നാണ് സുപ്രിം കോടതിയെ സമീപിച്ചത്. സുപ്രിം കോടതി അവധി കഴിഞ്ഞ ജനുവരി രണ്ടിനേ തുറക്കൂ. അതിനാല്‍ അപ്പീല്‍ പരിഗണിക്കുന്നത് വൈകുമെന്നുറപ്പായതോടെയാണ് കീഴടങ്ങാന്‍ സജ്ജന്‍കുമാറിന് ലഭിച്ച നിയമോപദേശം.
മുന്‍ കോണ്‍ഗ്രസ് എം.പി കൂടിയായ സജ്ജന്‍കുമാറിനെ ഡിസംബര്‍ 17നാണ് ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. 1984ല്‍ ഇന്ദിരാഗാന്ധിയുടെ വധത്തിനു ശേഷം ഡല്‍ഹിയിലും പരിസരങ്ങളിലുമുണ്ടായ സിഖ് വിരുദ്ധ കൂട്ടക്കൊല കേസിലായിരുന്നു വിധി. വിധിയെ തുടര്‍ന്ന് കോണ്‍ഗ്രസ്സിന്റെ പ്രാഥമികാംഗത്വം സജ്ജന്‍ കുമാര്‍ രാജിവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."